'ജാതിയിൽ താഴ്ന്ന ഒരു പെണ്‍കുട്ടിയെ മകന്‍ സ്വീകരിക്കാന്‍ പോകുന്നുവെന്നറിഞ്ഞ് വിളറിപൂണ്ട ഒരച്ഛന്‍ നടത്തിയ ദുരഭിമാനക്കൊല'
Entertainment
'ജാതിയിൽ താഴ്ന്ന ഒരു പെണ്‍കുട്ടിയെ മകന്‍ സ്വീകരിക്കാന്‍ പോകുന്നുവെന്നറിഞ്ഞ് വിളറിപൂണ്ട ഒരച്ഛന്‍ നടത്തിയ ദുരഭിമാനക്കൊല'
നവ്‌നീത് എസ്.
Monday, 11th March 2024, 1:53 pm

തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രം ആ സമയത്ത് നാട്ടിന്‍ പ്രദേശങ്ങളില്‍ നടക്കുന്ന ക്രൈമുകളെ കുറിച്ചാണ് പറയുന്നത്.

അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളും പഴയകാലത്ത് അത്തരത്തിലൊരു കേസ് തെളിയിക്കാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളും എല്ലാമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ടെക്‌നോളജി ഒട്ടും വളര്‍ന്നിട്ടില്ലാത്ത കാലത്ത് തെളിയിക്കപ്പെടാന്‍ കഴിയാതെ പോയ ഒരുപാട് കേസുകള്‍ ഉണ്ടാവും. ആ വിധത്തിലുള്ള കേസുകളാണ് സിനിമ അവതരിപ്പിക്കുന്നത്.

രണ്ട് കൊലപാതകങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്. അതിലൊന്ന് ചര്‍ച്ച ചെയ്യുന്നത് മതത്തിലെ രാഷ്ട്രീയമാണ്. സഭാ തര്‍ക്കത്തെ കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ കൊലപാതകം രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ ദുരഭിമാന കൊലപാതകമായാണ് അവതരിപ്പിക്കപ്പെടുന്നത്.

ശ്രീദേവിയെന്ന കഥാപാത്രത്തിന്റെ കൊലപാതകം അന്വേഷണത്തിനൊടുവില്‍ ദുരഭിമാന കൊലപാതകമാണെന്ന് തെളിയിക്കപ്പെടുകയാണ്.

രണ്ടാം പകുതിയില്‍ കാണിക്കുന്ന ശ്രീദേവിയെന്ന യുവതിയുടെ കൊലപാതകം ഏറെ അന്വേഷണത്തിനൊടുവിലാണ് ദുരഭിമാനക്കൊലപാതകമാണെന്ന് കണ്ടെത്തുന്നത്.

പൊലീസ് സേനയില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍, നാട്ടില്‍ എല്ലാവരും ഏറെ ബഹുമാനിക്കുന്ന ഒരു മധ്യവയസ്‌ക്കനാണ് ശ്രീദേവിയുടെ ഘാതകന്‍. തന്റെ മകനില്‍ ശ്രീദേവിയില്‍ ഒരു കുഞ്ഞ് ജനിക്കാന്‍ പോവുന്നു എന്നറിയുന്ന അയാള്‍ താഴ്ന്ന ജാതിക്കാരിയായ അവളെ ആരുമറിയാതെ വകവരുത്തുകയാണ് ചെയ്യുന്നത്.

‘തന്നെക്കാൾ ജാതിയിൽ താഴ്ന്ന, സമ്പത്തിൽ താഴ്ന്ന, കുലമഹിമയിൽ താഴ്ന്ന ഒരു പെൺകുട്ടിയെ തന്റെ മകൻ സ്വീകരിക്കാൻ പോകുന്നുവെന്നറിഞ്ഞ് വിളറിപൂണ്ട ഒരച്ഛൻ നടത്തിയ ദുരഭിമാനക്കൊല’ എന്നാണ് ചിത്രത്തിൽ ടൊവിനോ തോമസ് ശ്രീദേവിയുടെ കൊലപാതകത്തെ വിശേഷിപ്പിക്കുന്നത്.

ദുരഭിമാനക്കൊലയെ ആസ്പദമാക്കി മലയാളത്തിൽ സിനിമകൾ കുറവാണ്. എന്നാൽ 2022ൽ ഇറങ്ങിയ ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രം ആരംഭിക്കുന്നത് തന്നെ കേരളത്തെ നടുക്കിയ ഒരു ദുരഭിമാനക്കൊലയെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. 2018ൽ കേരളത്തിൽ സംഭവിച്ച ദുരഭിമാന കൊലപാതകമായിരുന്നു കോട്ടയം സ്വദേശി കെവിൻ തോമസിന്റെത്. ദളിത്‌ ക്രിസ്ത്യാനിയായ കെവിന്റെ കൊലപാതകം കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഒരുപക്ഷെ ഈ സംഭവത്തോടെയാണ് മലയാളികൾക്കിടയിൽ ‘ദുരഭിമാനക്കൊല’ എന്ന വാക്ക് കൂടുതൽ പ്രചാരം നേടാൻ തുടങ്ങിയത്.

കെവിന്റെ കൊലപാതകത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഭീഷ്മപർവ്വം ആരംഭിക്കുന്നത്. ഈ ചിത്രം കെവിനും നീനുവിനും വേണ്ടി സമർപ്പിക്കുന്നു എന്ന വരികളോടെ തുടങ്ങുന്ന സിനിമയിലെ ആദ്യ ആക്ഷൻ രംഗം തന്നെ ഒരുക്കിയിട്ടുള്ളത് ഈ വിഷയത്തെ ആസ്പദമാക്കിയാണ്.

തമിഴ് സിനിമയിൽ വലിയ ചർച്ചയായ പരിയേറും പെരുമാൾ, പാവൈ കഥകൾ തുടങ്ങിയ സിനിമകൾ ജാതി വെറിയുടെ ഭീകര മുഖം പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിച്ചിരുന്നു. അന്വേഷിപ്പിൻ കണ്ടെത്തുവിലേക്ക് വരുമ്പോൾ ശ്രീദേവിയെന്ന കഥാപാത്രത്തിന്റെ ദുരഭിമാനക്കൊലയാണ് ചിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റുകളില്‍ ഒന്ന്.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ദുരഭിമാനക്കൊല എന്ന വാക്ക് ഉപയോഗിക്കാൻ കഴിയുമോ എന്നത് ഒരു ചോദ്യം തന്നെയാണ്. കാരണം ഈ വാക്ക് മലയാളികൾക്കിടയിൽ പ്രചാരം നേടിയിട്ട് കുറഞ്ഞത് പത്തു വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എന്നാൽ കഥയിൽ ചോദ്യമില്ലാ എന്ന് പറയുന്ന പോലെ ഈ ചിത്രത്തിന്റെ ആവശ്യകത തന്നെയാണത്.

അഭിമാനത്തിന് ക്ഷതമേല്‍ക്കുമെന്ന് തോന്നി എന്തും ചെയ്യാന്‍ മടിക്കാത്ത, ജാതിവെറിയില്‍ പൂണ്ടുപ്പോയ ഒരുപാട് പേരുടെ പ്രതീകമായാണ് ശ്രീദേവിയുടെ മരണത്തെ ചിത്രം അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളിലെ സംഭവത്തെ ആസ്പദമാക്കിയാണെന്ന് പറയുമ്പോഴും ഈ 2024ലും അതിനൊരു മാറ്റം വന്നിട്ടില്ല എന്നതാണ് ഏറ്റവും ഭയാനകമായ വസ്തുത.

അതുകൊണ്ട് തന്നെ ആരും അറിയാതെ പോയ ഭീകരമായ ദുരഭിമാന കൊലപാതകങ്ങള്‍ പണ്ടും ചിത്രത്തിലെ പോലെ ഇവിടെ സംഭവിച്ചിട്ടുണ്ടാവാം. അതിനെല്ലാം ഒരുപക്ഷെ ഇനിയും തീരാത്ത അന്വേഷണങ്ങൾ ബാക്കിയുണ്ടാവാം.

Content Highlight: Analysis The honour killing In Anweshppin Kandethum movie

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം