പുതുമുഖ താരങ്ങളെ വെച്ച് ഒരു സിനിമ ചെയ്ത് വിജയിപ്പിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയാണ്. ആ കാര്യത്തിൽ മലയാളത്തിൽ വിജയ പരാജയങ്ങൾ ഒരുപോലെ അറിഞ്ഞ സംവിധായകരുണ്ട്. കൊമേർഷ്യൽ എലെമെന്റ്സ് വേണ്ടുവോളം ഉള്ള സിനിമയിൽ ഒരുപക്ഷെ പ്രേക്ഷകർ അതത്ര കാര്യമാക്കാൻ വഴിയില്ല.
എന്നാൽ കഥയ്ക്കും സംഭാഷണങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രത്തിൽ അഭിനേതാക്കളുടെ പ്രകടനങ്ങൾ അത്രയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. അത്തരത്തിൽ ഒരു കൂട്ടം പുതിയ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ആട്ടം.
മുമ്പ് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലാണ് ഒരുകൂട്ടം പുതുമുഖങ്ങൾ ഒന്നിച്ച് സ്ക്രീനിൽ എത്തിയത്. എന്നാൽ അന്നവരെ നയിക്കാൻ ലിജോ ജോസ് പെല്ലിശ്ശേരി എന്ന ഗംഭീര ക്രാഫ്റ്റ്മാൻ ഉണ്ടായിരുന്നു. ആട്ടത്തിലേക്ക് വരുമ്പോൾ സംവിധായകനടക്കം അരങ്ങിലും പിന്നണിയിലും പ്രവർത്തിച്ചവരെല്ലാം പുതിയവരാണ്.
വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ തുടങ്ങിയ ഒന്ന് രണ്ട് താരങ്ങൾ മാത്രം പ്രേക്ഷകർക്ക് പരിചയമുള്ളവരാണ്. എന്നാൽ പ്രധാന കഥാപാത്രങ്ങളായി വരുന്ന പതിമൂന്ന് പേരിൽ 11 പേരും പുതുമുഖങ്ങൾ ആണെങ്കിലോ? അവിടെയാണ് ആട്ടം മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്‍തമാവുന്നത്.
പറയുന്ന വിഷയം അത്രയും സീരിയസ് ആയ ഒന്നായിട്ടും അതവതരിപ്പിക്കാൻ സിനിമ ഉപയോഗിച്ച ആഖ്യാന രീതി തന്നെയാണ് ആട്ടത്തെ മികച്ചതാക്കുന്നത്. സംഭാഷണം പ്രധാന ഘടകമായി വരുന്ന ഒരു ചിത്രത്തിൽ ഒരു പരിധിക്കപ്പുറം പ്രേക്ഷകനെ തളച്ചിടാൻ കഴിഞ്ഞിലെങ്കിൽ അത് പൂർണമായും ആസ്വാദനത്തെ ബാധിക്കും.
എന്നാൽ കഥാപാത്രങ്ങൾ പറയുന്ന ചില വാക്കുകളിലൂടെ വലിയ ബി. ജി.എമ്മിന്റെയോ ഒരുപാട് ഷോട്ടുകളുടെയുമൊന്നും അതിഭാവുകത്വമില്ലാതെ തന്നെ ഓരോ സസ്പെൻസും ത്രില്ലിങ് നിമിഷങ്ങളും ആട്ടം ഡയറക്റ്റായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. മലയാള സിനിമ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുത്തൻ രീതിയിലൂടെ തുറന്നുപറയാനുള്ള രാഷ്ട്രീയം ഗംഭീരമായ പുതിയ താരങ്ങളെ വെച്ച് അവതരിപ്പിക്കുകയാണ് സംവിധായകൻ.
നടൻ വിനയ് ഫോർട്ട് ഭാഗമായിരുന്ന ലോക ധർമി എന്ന നാടക ട്രൂപ്പിലെ അംഗങ്ങളാണ് ആട്ടത്തിൽ ആടി തിമിർത്തവർ. ലോക ധർമിയിൽ നിന്നാണ് പിന്നീട് വിനയ് പൂനെയിലേക്ക് സിനിമ പഠിക്കാൻ പോവുന്നത്. സിനിമയിൽ എത്തിയ ശേഷം തനിക്കൊപ്പം ലോക ധർമിയിൽ ഉണ്ടായിരുന്ന കലാകാരന്മാർക്ക് വേണ്ടി ഒരു സിനിമ ചെയ്യുക എന്ന ചിന്തയിൽ നിന്നാണ് ആട്ടം എന്ന സിനിമയിലേക്ക് ആനന്ദ് ഏകർഷിയും വിനയിയും എത്തുന്നത്.
സത്യത്തിൽ ആട്ടം ഈ നടന്മാർക്ക് വേണ്ടി രചിക്കപ്പെട്ട കഥയാണ്. എല്ലാവരെയും ഉൾക്കൊള്ളിച്ചെഴുതിയ കഥയിലേക്ക് പിന്നീട് സറിൻ സാഹിബ് അവതരിപ്പിച്ച അഞ്ജലിയെന്ന കഥാപാത്രം കൊണ്ടുവരികയായിരുന്നു. പൂർണമായി അഭിനേതാക്കൾക്ക് വേണ്ടി എഴുതിയ ഒരു സിനിമയാണ് ആട്ടം എന്ന് ആദ്യ കാഴ്ചയിൽ തന്നെ വ്യക്തമാണ്. കാരണം അത്രയും ഗംഭീരമായാണ് ഓരോ അഭിനേതാക്കളും അവരുടെ ഔട്ട്പുട്ട് സിനിമയ്ക്ക് നൽകിയിട്ടുള്ളത്. സിജിൻ സിജേഷ്, ആട്ടി കുര്യൻ, സന്തോഷ് മുരളീധരൻ, സുധീർ ബാബു തുടങ്ങിയ പത്തോളം അഭിനേതാക്കൾ സത്യത്തിൽ ആട്ടത്തിൽ അരങ്ങു തകർക്കുകയായിരുന്നു.
കോമേഴ്ഷ്യൽ എലമെന്റ്സ് ഒന്നുമില്ലാതെ തന്നെ രണ്ട് രണ്ടര മണിക്കൂർ സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. ഒരു കുറ്റം 13 ആളുകൾ, ആരാണ് തെറ്റുകാരൻ. ഈ ഉത്തരം കണ്ടെത്തുന്നതിനായി സംവിധായകൻ ഓരോ വ്യക്തിയുടെയും പൂർണമായ വ്യക്തിത്വം പ്രേക്ഷകർക്ക് മുന്നിൽ വരച്ചിടുന്നുണ്ട്. തമ്മിലുള്ള ചെറിയ ചില ഈഗോ പ്രശ്നങ്ങൾ പോലും ഏത് വിധത്തിലാണ് ബന്ധപ്പെടുത്തുന്നതെന്ന് ശ്രദ്ധിക്കുമ്പോഴാണ് തിരക്കഥ എത്രത്തോളം പ്രശംസ അർഹിക്കുന്നുണ്ടെന്ന് ബോധ്യമാവുന്നത്.
അത് അത്രയും ആഴത്തിൽ പ്രേക്ഷകരെ സ്വാധീനിക്കുന്നത് കൊണ്ടാണ് പലപ്പോഴായി തലപുകഞ്ഞു ആലോചിക്കാൻ പ്രേരിപ്പിക്കുന്ന ചലച്ചിത്രാവിഷ്കാരമായിട്ടും പ്രകടങ്ങളിലൂടെ ആട്ടം പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് .
Content Highlight: Analysis Performance Of New Actors In Attam Movie