| Monday, 16th December 2024, 6:19 pm

'ഇവനൊക്കെ ഇത്രയേ ഉള്ളു ചേച്ചി' പരിഹാസങ്ങളും പ്രശംസകളും ഏറ്റുവാങ്ങുന്ന ബോഗെയ്ൻവില്ല!

ഹണി ജേക്കബ്ബ്

റൂത്തിന്റെ ലോകം എന്ന നോവലിനെ അടിസ്ഥാനമാക്കി അമൽ നീരദിന്റെ സംവിധാനത്തിൽ ഒക്ടോബർ 17ന് റിലീസായ ചിത്രമാണ് ബോഗെയ്ൻവില്ല. പതിനാല് വർഷത്തോളം നീണ്ട ഇടവേളക്ക് ശേഷം ജ്യോതിർമയി അഭിനയിക്കുന്ന ചിത്രമായതുകൊണ്ടും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും അണിനിരക്കുന്നതുകൊണ്ടും അനൗൺസ്‌മെന്റ് മുതലേ ഹൈപ്പിന്റെ കൊടുമുടിയിലായിരുന്നു ബോഗെയ്ൻവില്ല. ഇവരെ കൂടാതെ വീണ, ശ്രിന്ദ, ഷറഫുദ്ദീൻ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ടായിരുന്നു.

എന്നാൽ തിയേറ്ററിലെത്തിയ സിനിമയെ പ്രേക്ഷകർ കയ്യൊഴിഞ്ഞു. അമൽ നീരദ് എന്ന ബ്രാൻഡിന്റെ പേരിൽ വന്നതുകൊണ്ടുതന്നെ അമിതപ്രതീക്ഷ ചിത്രത്തിനെ വലിച്ച് താഴെയിട്ടു. എന്നാൽ മോശമല്ലാത്ത ഒരു ചലച്ചിത്രാനുഭവം തന്നെയായിരുന്നു അദ്ദേഹം പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിവെച്ചിട്ടുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം (ഡിസംബർ 13) ബോഗെയ്ൻവില്ല സോണി ലിവിലൂടെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഒ.ടി.ടി റിലീസിന് പുറകെ ചിത്രം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. പ്രത്യേകിച്ചും ചിത്രത്തിന്റെ ക്ലൈമാക്സ്. പതിമൂന്ന് സ്ത്രീകളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ കൊന്നൊടുക്കിയ റോയിയെ കൈകാര്യം ചെയ്യുന്ന മൂന്ന് പെണ്ണുങ്ങളാണ് ‘ഹീറോ’. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ തുടങ്ങിയ സ്റ്റാർ കാസ്റ്റുകൾ ഉണ്ടായിട്ടും ഷോ സ്റ്റീലറായത് വീണയും ജ്യോതിർമയിയും ശ്രിന്ദയും അടങ്ങുന്ന പെൺപടയാണ്.

ഫസ്റ്റ് ഹാഫ് തണുപ്പൻ മട്ടിൽ പോയ ചിത്രത്തിന്റെ സെക്കന്റ് ഹാഫ് സ്ഥിരം ‘അമൽ നീരദ്’ സിനിമകളിലെ പോലെ തീപാറുമെന്ന് കണ്ടിരുന്ന പലരും കരുതി. എന്നാൽ മറ്റുസിനിമകളിൽ ഉള്ളതുപോലെ കാര്യമായ ഇടി പരിപാടികൾക്ക് അമൽ നീരദ് ബോഗെയ്ൻവില്ലക്ക് സമയം നൽകിയില്ല എന്നതും സോഷ്യൽ മീഡിയ ചൂണ്ടികാണിക്കുന്നു. ക്ലൈമാക്സിൽ വില്ലനെ ഫഹദ് ഫാസിലും പൊലീസ് സംഘവും ചേർന്ന് കൈകാര്യം ചെയ്യുന്നതാകും പലരും കരുതിയിട്ടുണ്ടാകുക എന്നും ചിത്രത്തിന് മോശം അഭിപ്രായം വരാൻ ഇതും കാരണമായിട്ടുണ്ടാകുമെന്നും ചർച്ചകളിൽ പറയുന്നുണ്ട്.

സ്വന്തം ഭർത്താവിന്റെ മൃഗീയമായി കൊല്ലപ്പെട്ട ശരീരം കണ്ടുകഴിഞ്ഞ ഉടനെ മറ്റ് ഭാര്യമാരെ പോലെ കരഞ്ഞിരിക്കാതെ വില്ലനെ ഒറ്റ അടിക്ക് താഴയിടുന്ന ശ്രിന്ദയുടെ ‘രമ’യും ചെറുതല്ലാത്ത ട്രോളുകൾക്ക് പാത്രമാകുന്നുണ്ട്. ‘ഇവനൊക്കെ ഇത്രയേ ഉള്ളു ചേച്ചി’ എന്ന് പറഞ്ഞ് ജ്യോതിർമയിയെ നോക്കുന്ന ശ്രിന്ദ തിയേറ്ററുകളിൽ കയ്യടി വാങ്ങിച്ചപ്പോഴും ഒ.ടി.ടിയിൽ എത്തിയപ്പോൾ ഇതെന്താ ഇങ്ങനെ, വെടി കൊണ്ട് നിൽക്കുന്നവരെ പുറകിൽ നിന്നടിക്കുന്നതാണോ മാസ് എന്നാണ് സിനിമ കണ്ട ചിലർ ചോദിക്കുന്നത്. റൂത്തിന്റെ ലോകം എന്ന നോവലിലെ അതെ ഡയലോഗുതന്നെയാണ് രമ റോയിച്ചനെ അടിച്ചിട്ടിട്ട് പറയുന്നതും.

അവിടെ കുറച്ചു കൂടി സംഘട്ടന രംഗങ്ങളെല്ലാം കൊണ്ട് വന്ന് ത്രില്ലിങ് മൂഡാക്കി ചെയ്തിരുന്നവെങ്കിൽ കുറച്ചുകൂടി നന്നായേനെ എന്ന്
അഭിപ്രായപ്പെടുന്നവരും ഉണ്ട്. എന്നാൽ സിനിമയേയും പ്രത്യേകിച്ച് ഈ സീനിനേയും മനഃപൂർവം ഡീഗ്രേഡിങ് ചെയ്യുന്നതാണെന്നും പറയുന്നവരും ഉണ്ട്.

അത്രകണ്ട് ട്രോളുകൾക്ക് വിധേയമാക്കേണ്ട സിനിമയല്ല ബോഗെയ്ൻവില്ല എന്നതാണ് സത്യം. അമൽ നീരദ് സാധാരണ തന്റെ നായകന്മാർക്ക് കൊടുക്കുന്ന സ്ലോ മോഷനും തോക്കും പഞ്ച് ഡയലോഗുമെല്ലാം നായികമാർക്കും ചേരും എന്ന് കാണിച്ച് തരുന്ന ചിത്രമായിരുന്നു ഇത്. സ്ത്രീകൾക്ക് ഒരു പ്രശ്നം വരുമ്പോൾ രക്ഷിക്കാൻ സ്ഥിരമായി ഒരു പുരുഷ സഹായം ആവശ്യമില്ലെന്നും നിസഹായരായ ഇരകളായി മാത്രം നിൽക്കാതെ ഇടക്കൊക്കെ ഇച്ചിരി മാസ് ഒറ്റക്ക് ചെയ്യാൻ കഴിയുമെന്നും ബോഗെയ്ൻവില്ല പറയാതെ പറയുന്നുണ്ട്.

Content Highlight: Analysis Of Trolls Against Female Characters In Bougainvillea Movie

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

We use cookies to give you the best possible experience. Learn more