പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവൻത്ത് ഡേ, എന്ന് നിന്റെ മൊയ്‌തീൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ടൊവിനോ, ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുൻനിര നായക നടനായി മാറുന്നത്. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം യൂത്തിനിടയിലും ടൊവിനോക്ക് വലിയ സ്വീകാര്യത നേടി കൊടുത്തു.
ഇന്നിപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന അജയന്റെ രണ്ടാം മോഷണം എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ കയ്യടി നേടുകയാണ് ടൊവിനോ. ടോവിനോയുടെ ഈ യാത്ര ഒട്ടും എളുപ്പമുള്ളതല്ലായിരുന്നു. തന്റെ സിനിമയ്ക്ക് വേണ്ടി ശരീരം കൃത്യമായി ഉപയോഗിക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് അദ്ദേഹം. കഥാപാത്രത്തിന്റെ പൂർണതക്കായി കായികപരമായി ടൊവിനോ ഏറെ അധ്വാനിക്കാറുണ്ട്. അത്തരത്തിലുള്ള ഒരുപിടി കഥാപാത്രങ്ങൾ തന്നെ ടൊവിനോ ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്.
ടൊവിനോയുടെ മേക്ക് ഓവറിലൂടെ ആദ്യമായി ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഗോദ. ഇന്നത്തെ ജനപ്രിയ കൂട്ടുകെട്ടായ ബേസിൽ ജോസഫ് – ടൊവിനോ കോമ്പോ ആരംഭിക്കുന്നതും അവിടെ നിന്നാണ്. ഒരു ഗുസ്തി ഗ്രാമത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ ദാസൻ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തിയത്. ചിത്രത്തിനായി ഗുസ്തി പരിശീലനമെല്ലാം ടൊവിനോ നടത്തിയിരിക്കുന്നു. ക്ലൈമാക്സിൽ ഗോദയിലേക്ക് ഇറങ്ങി വരുന്ന ടോവിനോയുടെ കഥാപാത്രത്തിലൂടെ അത് വ്യക്തമാണ്.
ബേസിലും ടൊവിനോയും വീണ്ടും ഒന്നിച്ച മിന്നൽ മുരളിയാണ് അടുത്ത ചിത്രം. ടൊവിനോയ്ക്ക് പാൻ ഇന്ത്യൻ റീച്ച് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഗോദ. സൂപ്പർ ഹീറോ പവർ കിട്ടുന്ന ഒരു സാധാരണക്കാരനെ വിശ്വസനീയമായ രീതിയിൽ ചെയ്തു ഫലിപ്പിച്ചതിൽ ടൊവിനോ തീർച്ചയായും വലിയ കയ്യടി അർഹിക്കുന്നുണ്ട്. ഒരു സൂപ്പർ ഹീറോ എന്ന നിലയിലുള്ള ആക്ഷൻ സീനുകളും അതി മനോഹരമായി ടൊവിനോ അവതരിപ്പിച്ചിട്ടുണ്ട്.
പേരിൽ തന്നെ തല്ല് കൊണ്ടുവന്ന് തിയേറ്ററിൽ വലിയ വിജയമായി മാറിയ ഖാലിദ് റഹ്മാൻ ചിത്രമായിരുന്നു തല്ലുമാല. ആക്ഷൻ സീനുകൾക്ക് വലിയ പ്രാധാന്യം നൽകിയ ചിത്രത്തിൽ ഏറ്റവും യോജിച്ച കാസ്റ്റിങ്ങായിരുന്നു ടോവിനോയുടേത്. പേരുപോലെ തന്നെ നിരവധി അടിപിടി രംഗങ്ങൾ നിറഞ്ഞു നിൽക്കുന്ന ചിത്രം ടൊവിനോയുടെ കയ്യിൽ ഭദ്രമായിരുന്നു.
രോഹിത്ത് വി.എസിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമായിരുന്നു കള. വെറുമൊരു ആക്ഷൻ സിനിമയെന്നതിനുപരി വ്യക്തമായ രാഷ്ട്രീയം സംസാരിച്ച ചിത്രം അപകടകരമായ നിരവധി ആക്ഷൻ സീനുകൾ കൊണ്ട് സമ്പന്നമായിരുന്നു. ടൊവിനോയുടെ ഏറ്റവും റിയലിസ്റ്റിക് ഫൈറ്റ് കണ്ട പടമാണ് കള. ചിത്രത്തിന്റെ ഷൂട്ടിനിടയിൽ താരത്തിന് പരിക്ക് പറ്റിയത് വലിയ വാർത്തയായി മാറിയിരുന്നു.
ഈ സിനിമകളോടെല്ലാം ചേർത്ത് വെക്കാവുന്ന മികച്ച ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ മൂന്ന് കഥാപാത്രങ്ങളെ തീർത്തും വ്യത്യസ്തമായാണ് ടൊവിനോ ചെയ്ത് വെച്ചിട്ടുള്ളത്. പ്രത്യേകിച്ച് മണിയൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടങ്ങളിൽ ഒന്നാണ്. ഒരു സൂപ്പർ ഹീറോ ഇമേജുള്ള കഥാപാത്രത്തെ വീണ്ടും ടൊവിനോ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
ആക്ഷൻ എന്നതിനേക്കാൾ ടൊവിനോയിലെ അഭിനേതാവിന്റെ മികവ് കൂടി ചേരുന്നത് കൊണ്ടാണ് മിന്നൽ മുരളിയും തല്ലുമാലയിലെ വസീമുമെല്ലാം പ്രേക്ഷകർ ഓർത്തുവെക്കുന്നത്. 2018 എന്ന ചിത്രത്തിലെ രക്ഷാപ്രവർത്തന സീനുകളും കൽക്കി സിനിമയിലെ ആക്ഷൻ സീനുകളെല്ലാം ഇതിനോട് ചേർത്ത് വെക്കാവുന്നതാണ്.
ഇതിനോടകം അമ്പത് കോടിയോളം കളക്ഷൻ നേടിയ അജയന്റെ രണ്ടാം മോഷണം വമ്പൻ കുതിപ്പാണ് ബോക്സ് ഓഫീസിൽ നടത്തുന്നത്. ടൊവിനോ എന്ന നടനെടുക്കുന്ന എഫേർട്ടിന് പ്രേക്ഷകർ നൽകുന്ന പ്രോത്സാഹനമാണ് ഓരോ സിനിമയുടെയും വിജയം സൂചിപ്പിക്കുന്നത്.
Content Highlight: Analysis Of Tovino’s Action Characters In Malayalam Film