|

ഈ നൂറ്റാണ്ടിലും വെളുത്തവര്‍ മാത്രം സുന്ദരന്മാരാകുമ്പോള്‍...

ഹണി ജേക്കബ്ബ്

ഒരു സുന്ദരനെ എങ്ങനെ മനസിലാകും? നീല കണ്ണുകള്‍, വെളുത്ത നിറം, ആറടിയില്‍ കുറയാത്ത ഉയരം, ഉള്ളുകൂടിയ കറുത്ത മുടിയിഴകള്‍, ബലിഷ്ഠമായ ശരീരം.. ഇതെല്ലം ഒത്തൊരു മനുഷ്യനെ കണ്ടാല്‍ അയാള്‍ സുന്ദരനാണെന്ന് കണക്കുകൂട്ടമല്ലേ! കഴിഞ്ഞ ദിവസം ടെക്‌നോ സ്‌പോര്‍ട്‌സ് എന്ന മാധ്യമം പുറത്ത് വിട്ട ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പത്തുപേരുടെ ലിസ്റ്റും ഇങ്ങനെയുള്ളതായിരുന്നു.

‘സുന്ദരപുരുഷന്‍’ എന്ന് പറഞ്ഞ് മാതൃഭൂമി ഉള്‍പ്പെടെയുള്ള മലയാള മാധ്യമങ്ങളും ഇന്ത്യ ടുഡേ, ഡി.എന്‍.എ ഉള്‍പ്പെടുന്ന ദേശീയ മാധ്യമങ്ങളും വലിയ രീതിയില്‍ വാര്‍ത്താ രൂപേണ ഇത് കൊടുക്കുന്നതും കണ്ടും.

സൗന്ദര്യത്തിന്റെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ലോകത്തിലെ പുരുഷ കേസരിയുടെ സൗന്ദര്യം അടിസ്ഥാനമില്ലാതെ അളന്ന ടെക്‌നോ സ്‌പോര്‍ട്‌സ് ആരാണെന്ന് നോക്കാം.

കൊല്‍ക്കത്ത ബെയ്‌സ് ചെയ്തിട്ടുള്ള മീഡിയ ആന്‍ഡ് ന്യൂസ് കമ്പനിയാണ് ടെക്‌നോ സ്‌പോര്‍ട്‌സ്. ഡിസംബര്‍ 2017ല്‍ ആണിത് സ്ഥാപിതമാകുന്നത്. 1020 ഫോളോവേഴ്സാണ് ഇവര്‍ക്ക് എക്സില്‍ ഉള്ളത്. ഇവരാണ് തങ്ങളുടെ സൈറ്റില്‍ ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാരെ തെരഞ്ഞെടുത്തിരിക്കുന്നത്.

‘സര്‍വേ അടിസ്ഥാനമാക്കി’ അന്താരാഷ്ട്ര മാധ്യമായ ടെക്‌നോ സ്‌പോര്‍ട്‌സ് തയ്യാറാക്കിയ പത്ത് സുന്ദരന്മാരുടെ പട്ടികയില്‍ അഞ്ചാമതായി ഹൃതിക് റോഷന്‍ എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ടെക്‌നോ സ്‌പോര്‍ട്‌സ് എന്ത് സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ ‘സൊ കോള്‍ഡ്’ സുന്ദരന്മാരെ തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല.

ഇനി ‘ടോപ് ടെന്‍ മോസ്റ്റ് ഹാന്‍ഡ്സം മെന്നിന്റെ’ ലിസ്റ്റ് നോക്കാം. സ്ഥിരമായി ലോകസുന്ദരനായി പല പട്ടികകളിലും സ്ഥാനം പിടിച്ച ബി.ടി.എസ് ഗായകന്‍ വിയാണ് ലോകത്തിലെ ഒന്നാം നമ്പര്‍ സുന്ദരന്‍. കിം തെയോങ് എന്ന ഇദ്ദേഹം ഇപ്പോള്‍ സൗത്ത് കൊറിയയുടെ സൈന്യത്തില്‍ പ്രവര്‍ത്തിക്കുകയാണ്.

രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും ഉള്ളത് ഹോളിവുഡ് നടന്മാരായ അറുപത്തിയൊന്നുകാരനായ ബ്രാഡ് പിറ്റും മുപ്പത്തിയെട്ടുകാരനായ റോബര്‍ട്ട് പാറ്റിന്‍സണുമാണ്. കനേഡിയന്‍ മോഡലും നടനുമായ നോവ മില്‍സ് നാലാം സ്ഥാനത്തും ബോളിവുഡിലെ സൂപ്പര്‍താരം ഹൃതിക് റോഷന്‍ അഞ്ചാം സ്ഥാനത്തുമാണ്.

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആറാം സ്ഥാനം നേടിയപ്പോള്‍ ക്യാപ്റ്റന്‍ അമേരിക്ക ക്രിസ് ഇവാന്‍സ് ഏഴാം സ്ഥാനത്തും സൂപ്പര്‍മാന്‍ ഹെന്റി കാവിന്‍ എട്ടും ടോം ക്രൂസ് ഒമ്പതാം സ്ഥാനത്തുമുണ്ട്. സില്‍വര്‍ ലൈനിങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ബ്രാഡ്ലി കൂപ്പറാണ് ലിസ്റ്റിലെ പത്താം സ്ഥാനക്കാരന്‍.

ലിസ്റ്റ് കാണുമ്പോള്‍ കൊള്ളാം എല്ലാവരും സുന്ദരന്മാരാണല്ലോ എന്ന് തോന്നുന്നുണ്ടോ. എന്നാല്‍ ‘ലോകത്തിലെ’ എന്ന കടുകട്ടി ടാഗ് ഹെഡില്‍ കൊണ്ടുവരുമ്പോള്‍ പട്ടികയിലെ സുന്ദരന്മാരെ കുറഞ്ഞത് പത്ത് രാജ്യങ്ങളില്‍ നിന്നെങ്കിലും തെരഞ്ഞെടുക്കേണ്ടതില്ലേ? ലോക രാജ്യങ്ങളെല്ലാം പറഞ്ഞുതീര്‍ത്ത, നടന്നു കയറിയ ഈ ‘ഏറ്റവും മികച്ച’ സുന്ദരന്‍മാരെയും സുന്ദരിമാരെയും തെരഞ്ഞെടുക്കുന്ന പ്രക്രിയ പഴകി തേഞ്ഞില്ലേ?

ഹോളിവുഡ് നടന്‍മാര്‍ ആറ് പേരാണ് ലിസ്റ്റില്‍ ഉള്ളത്. സുന്ദരന്‍ എന്ന് പറഞ്ഞാല്‍ ആദ്യമുതലെ ആളുകള്‍ ചൂണ്ടിക്കാണിക്കുന്ന ഹോളിവുഡ് നായകന്മാരാണ് 2025 ലെ ലിസ്റ്റില്‍ ഏറിയ പങ്കും. ഏറ്റവും കൂടുതല്‍ ജനസംഘ്യയുള്ള ഇന്ത്യയിലെ ആരാധകരെ നിരാശരാകേണ്ട എന്ന് കരുതിയാകും ഇന്ത്യയുടെ ‘ഗ്രീക്ക് ദേവനെ’ അഞ്ചാം സ്ഥാനത്ത് കൊണ്ടുവന്നിട്ടുണ്ട്. സൗത്ത് കൊറിയയുടെ വിയെ ഒന്നാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയത്തി. സ്ഥിരമായി ലോകസുന്ദരന്മാരുടെ പട്ടികയില്‍ വരുന്ന അദ്ദേഹം തന്നെ ഒന്നാം സ്ഥാനത്തെ തുടരുന്നതാണല്ലോ അതിന്റെ ഒരു അത്.

195 ഓളം രാജ്യങ്ങളുള്ള ഈ ലോകത്തില്‍ എന്തുകൊണ്ടാണ് ഈ പത്തുപേര്‍ മാത്രം സുന്ദരന്മാരായി മാറിയത്? 3 .9 ബില്യണ്‍ പുരുഷന്മാരുള്ള ഭൂമിയില്‍, അതായത് ജനസംഘ്യയുടെ പകുതിയോളം അവരായിരുന്നിട്ട് കൂടിയും സുന്ദരന്മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഈ പത്തുപേര്‍ മാത്രം. എങ്ങനെയായാകാം സൗന്ദര്യത്തെ ഈ മാധ്യമ സ്ഥാപനം അളന്നിട്ടുണ്ടാകുക?
ഉയരം…? നിറം…? ശരീരഘടന..? ഫെയിം…?

അതെന്ത് തന്നെയായാലും തൊലിയല്‍പ്പം കറുത്തവന്‍ മരുന്നിന് പോലും ലിസ്റ്റില്‍ ഇല്ല എന്നത് വ്യക്തം. വിമര്‍ശനം വരുമെന്നറിഞ്ഞിട്ടും ഇത്തരം ലിസ്റ്റ് പ്രഖ്യാപിക്കുന്നത് റേയ്ജ് ബെയ്റ്റിങ് എന്ന തന്ത്രമാണോ? അറിയില്ല. സംശയം പറഞ്ഞുവെന്നു മാത്രം. എന്തുതന്നെയായാലും മനുഷ്യനെ വിനോദ യാത്രക്കായി ബഹിരാകാശത്തേക്ക് വരെ അയക്കുന്ന രീതിയിലേക്ക് ലോകം വളര്‍ന്നാലും ഇപ്പോഴും തൊലിയുടെ നിറം നോക്കുള്ള സുന്ദരന്മാരെ തെരഞ്ഞെടുക്കുന്നതിന് മാത്രം ഒരിക്കലും ശമനം വന്നിട്ടില്ല എന്നത് സത്യം.

സുന്ദരനോ സുന്ദരിയോ ആയിക്കൊള്ളട്ടെ അവരുടെ തൊലി കറുത്താല്‍ സൗന്ദര്യമുണ്ടെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. അതിപ്പോള്‍ പെണ്ണിനല്‍പ്പം നിറം കുറവാണല്ലോ, ചെറുക്കന് അല്‍പ്പം ഉയരം കുറവാണല്ലോ എന്ന് അയല്‍വക്കത്തെ കല്യാണവീട്ടില്‍ പോയി പറയുന്നവര്‍ മുതല്‍ ‘ലോകത്തിലെ ഏറ്റവും സുന്ദരന്മാരെ തെരഞ്ഞെടുക്കുന്ന’ മുന്തിയ മാധ്യമ സ്ഥാപനമായാലും.

കറുപ്പൊരു നിറമല്ല സഹിച്ചതൊക്കെയും തഴമ്പിച്ചതാണത്
വെളുപ്പൊരു നിറം തന്നെ ചെയ്തതിനെ ഓര്‍ത്ത് തൊലിയുരിയുമ്പോള്‍ വെളിപ്പെടുന്നത്‘ – കവി വീരന്‍ക്കുട്ടിയുടെ വരികളാണ്.

Content Highlight: Analysis of Top 10 Most Handsome Men In The World 2025 by TechnoSports

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

Video Stories