| Monday, 10th June 2024, 4:39 pm

ലിറ്റിൽ ഹാർട്ട്സിലെ ശാന്ത സ്വരൂപനായ ഷാരോണും ഷൈൻ ടോം ചാക്കോയെന്ന നടനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ തിരക്കുള്ള യുവനടനാണ് ഷൈൻ ടോം ചാക്കോ. വ്യത്യസ്ത വേഷങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ ഈ കാലം കൊണ്ട് താരത്തിന് കഴിഞ്ഞിട്ടുണ്ട്.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി കരിയർ തുടങ്ങിയ ഷൈൻ കമലിന്റെ തന്നെ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ശ്രദ്ധ നേടുന്നത്.

ഇതിഹാസ, ഹു, ലവ് തുടങ്ങിയ ചില ചിത്രങ്ങളിൽ നായകനായി അഭിനയിച്ച ഷൈൻ പ്രതിനായക വേഷത്തിലാണ് കൂടുതൽ തിളങ്ങിയിട്ടുള്ളത്. ഇഷ്‌ക്, കുറുപ്പ്, കുരുതി, പറവ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. ഈയിടെയായി ഒരിത്തിരി സംസാര പ്രിയനായ, ബഹളം വെക്കുന്ന കഥാപാത്രമായെല്ലാമാണ് ഷൈൻ ടോം ചാക്കോ പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടത്.

എന്നാൽ അവയിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഏറ്റവും പുതിയ ചിത്രമായ ലിറ്റിൽ ഹാർട്ട്സിൽ ഷൈൻ ടോം ചാക്കോ അവതരിപ്പിച്ചിരിക്കുന്നത്. ഷെയിൻ നിഗം, ബാബു രാജ്, മഹിമ നമ്പ്യാർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ലിറ്റിൽ ഹാർട്ട്സ്.

ചിത്രത്തിൽ ഷാരോൺ എന്ന കഥാപാത്രത്തെയാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു കഥാപാത്രമാണ് ഷൈൻ അവതരിപ്പിക്കുന്ന ഷാരോൺ.

മൂന്ന് വേറിട്ട പ്രണയങ്ങളെ കുറിച്ച് പറയുന്ന ചിത്രത്തിൽ സമൂഹം ഏറ്റവും പ്രശ്നമായി കരുതുന്ന പ്രണയം ഷാരോണിന്റെതാണ്. തന്റെ ഉള്ളിലെ ഇഷ്ടങ്ങൾ പുറത്ത് പറയാൻ കഴിയാതെ വീർപ്പുമുട്ടുന്നയാളാണ് ഷാരോൺ.

അതിന്റെ എല്ലാ പ്രശ്നങ്ങളും മാനസിക പ്രയാസങ്ങളും അയാൾക്കുണ്ട്. ഷാരോണിനെ മികച്ച രീതിയിൽ ഷൈൻ ടോം ചാക്കോ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. ചിത്രത്തിൽ സ്ക്രീൻ ടൈം കുറവായ കഥാപാത്രമാണ് ഷാരോണിന്റേത്. എന്നാൽ വരുന്ന സമയത്തെല്ലാം തന്റെ ബാലൻസിങ് ആക്ടിലൂടെ ഷൈൻ പിടിച്ചിരുത്തുന്നുണ്ട്. പതിവ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി അധികം ചിരിക്കാതെ വളരെ ശാന്തനായാണ് ഷൈൻ അഭിനയിച്ചിട്ടുള്ളത്.

ഇമോഷണൽ രംഗങ്ങളിൽ കയ്യടക്കത്തോടെയുള്ള ഷൈൻ ടോമിന്റെ പ്രകടനമാണ് ലിറ്റിൽ ഹാർട്ട്സിൽ കണ്ടത്. സുഹൃത്തായ സിബി( ഷെയ്ൻ നിഗം)യുടെ അടുത്തും അപ്പൻ ജോൺസന്റെ അടുത്തും പാർട്ണറുടെ അടുത്തുമെല്ലാം ഷാരോൺ വേറിട്ട് നിൽക്കുന്നുണ്ട്.

ചില അഭിനേതാക്കൾ ചെയ്യാൻ മടിക്കുന്ന കഥാപാത്രമാണ് ലിറ്റിൽ ഹാർട്ട്സിലൂടെ ഷൈൻ ടോം ചാക്കോ അവതരിപ്പിച്ചത്. ഷാരോൺ എന്ന കഥാപാത്രത്തോട് പൂർണമായും നീതി പുലർത്താനും അയാൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമ ഈയടുത്ത് മാത്രം പരീക്ഷിച്ച ഒരു തീമിനെ മറ്റൊരു രീതിയിൽ ചിത്രത്തിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.

പ്രധാന തീമിൽ നിന്നും ചിത്രം ഇടയ്ക്ക് വഴുതി മാറുന്നുണ്ടെങ്കിലും ഷൈൻ ടോം ചാക്കോ അടക്കമുള്ള താരങ്ങളുടെ പ്രകടനമാണ് സിനിമയെ പിടിച്ചു നിർത്തുന്നത്. ഷൈൻ ടോം ചാക്കോയോടൊപ്പം ഷെയ്ൻ നിഗം, ബാബു രാജ് എന്നിവരുടെയും മികച്ച പ്രകടനം കണ്ട ചിത്രമാണ് ലിറ്റിൽ ഹാർട്ട്സ്.

Content Highlight: Analysis Of Shine Tom Chacko’s Performance In Little Hearts

We use cookies to give you the best possible experience. Learn more