ജീവനേക്കാളേറെ സ്നേഹിക്കുന്ന തന്റെ അണ്ണൻ ദേഷ്യപ്പെട്ട് കലി തുള്ളി നിൽക്കുമ്പോൾ വിഷമം താങ്ങാനാവാതെ മാറി നിന്ന് എക്സ്പ്രഷനിടുന്ന അമ്പാനെ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല. ആവേശത്തിൽ തന്റെ പ്രകടങ്ങളിലൂടെ ചിരി പടർത്തിയ സജിൻ ഗോപു പൈങ്കിളി എന്ന പുതിയ ചിത്രത്തിലൂടെ പ്രേക്ഷകരെ നിർത്താതെ ചിരിപ്പിക്കുകയാണ്.
രോമാഞ്ചം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് സജിൻ ഗോപു. ജിതു മാധവൻ സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രമായിരുന്നു രോമാഞ്ചം. ബെംഗളൂരുവിൽ താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രം 2023 ൽ കേരള ബോക്സ് ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കിയിരുന്നു.
സൗബിൻ, അർജുൻ അശോകൻ എന്നിവരോടൊപ്പം മറ്റുതാരങ്ങളും മത്സരിച്ച് അഭിനയിച്ച ചിത്രത്തിൽ നിരൂപ് എന്ന കഥാപാത്രമായാണ് സജിൻ ഗോപു എത്തിയത്. കൂട്ടുകാരുടെ മുന്നിൽ ദേഷ്യക്കാരനായ ധൈര്യ ശാലിയായി അഭിനയിക്കുന്ന നിരൂപിനെ ഒരു നേതാവിന്റെ സ്ഥാനത്താണ് മറ്റുള്ളവർ കാണുന്നത്. എന്നാൽ അച്ഛനെ പേടിയുള്ള കൂട്ടത്തിൽ ഏറ്റവും ഭീരുവായ കഥാപാത്രമാണ് നിരൂപ്.
‘പൊതപ്പിച്ചു കിടത്തും ഞാൻ’ എന്ന നിരൂപിന്റെ ഡയലോഗ് മാത്രം മതി ആ കഥാപാത്രത്തെ എപ്പോഴും ഓർക്കാൻ. അർജുൻ അശോകന്റെ കഥാപാത്രം അനാമികയുടെ വീട് കാണിച്ചു കൊടുക്കുമ്പോഴുള്ള നിരൂപിന്റെ റിയാക്ഷൻ തിയേറ്ററിൽ കൂട്ടച്ചിരി പടർത്തിയിരുന്നു. എന്നാൽ ജിതു മാധവന്റെ രണ്ടാമത്തെ ചിത്രമായ ആവേശമാണ് സജിൻ ഗോപുവിന് വലിയ ബ്രേക്ക് നൽകിയത്. കേരളത്തിന് പുറത്തടക്കം ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
രോമാഞ്ചത്തിലെ നിരൂപിന്റെ ഒരു എക്സ്റ്റൻഡഡ് വേർഷനായിരുന്നു അമ്പാൻ. ഫഹദിനൊപ്പം തന്നെ ഏറ്റവും സ്ക്രീൻ ടൈമുള്ള കഥാപാത്രമായാണ് സജിൻ ഗോപു ആവേശത്തിൽ അഭിനയിച്ചത്. എക്സ്പ്രഷൻസിലൂടെയും ഡയലോഗ് ഡെലിവറിയിലൂടെയും മാസും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന നടനാണെന്ന് സജിൻ ആവേശത്തിലൂടെ തെളിയിച്ചു.
മാസ് രംഗങ്ങളിലെ മെയ്വഴക്കം, ഡയലോഗ് ഡെലിവറിയുടെ ടൈമിങ്, സിറ്റുവേഷൻ അനുസരിച്ചുള്ള എക്സ്പ്രഷൻസ് ഇതെല്ലം സജിൻ ഗോപുവിന്റെ കയ്യിൽ ഭദ്രമാണ്. ആവേശത്തിലെ അമ്പാന് കിട്ടിയ സ്വീകാര്യതയാവാം അടുത്തതായി കഥയെഴുതുന്ന സിനിമയിലെ സജിൻ ഗോപുവിനെ നായകനാകാൻ ജിതു മാധവനെ പ്രേരിപ്പിച്ചത്.
പല തവണയായി ലൈഫിൽ തിരിച്ചടി നേരിട്ടിട്ടുള്ള സുകുവിന്റെ കഥയാണ് പൈങ്കിളി. ‘സുകു വേഴാമ്പൽ’ എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെ എന്നും പൈങ്കിളി വാക്കുകൾ പറഞ്ഞിരുന്ന സുകു ഒരു നാൾ മുതൽ ‘നോ ലവ്’ എന്ന് തീരുമാനിച്ച് നടക്കുകയാണ്, എന്നാൽ അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഷീബ ബേബിയെന്ന പെൺകുട്ടിയെ കാണുന്നതോടെ പിന്നെ എല്ലാം മാറി മാറിയും. പിന്നെ മുഴുവൻ ബഹളമാണ്,
ആ ബഹളം മുഴുവൻ സജിൻ ഗോപുവിന്റെ തോളിലാണ് സിനിമ ഏല്പിച്ചിരിക്കുന്നത്. ആവറേജായി അനുഭവപ്പെട്ട പൈങ്കിളി എന്ന സിനിമയെ സജിൻ ഗോപുവിന്റെ പ്രകടനം തന്നെയാണ് ഒരു പരിധിവരെ പിടിച്ചുനിർത്തിയത്. കുറച്ച് ഓവറായി ചെയ്യേണ്ട സുകു എന്ന കഥാപാത്രം ഒരു മീറ്ററിൽ വളരെ നന്നായി സജിൻ കൈകാര്യം ചെയ്തിട്ടുണ്ട്. കലാഭവൻ മണിയെ പോലെ ഹാസ്യവും മാസും ആക്ഷനുമെല്ലാം ചെയ്യാൻ സജിന് സാധിക്കുമെന്നാണ് പൈങ്കിളി കണ്ടപ്പോൾ ഒരു പ്രേക്ഷകൻ എന്ന നിലയിൽ തോന്നിയത്.
2015ൽ ഇറങ്ങിയ മുംബൈ ടാക്സി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സജിൻ ശ്രദ്ധിക്കപ്പെടുന്നത് ചുരുളി, ജാൻ എ മൻ എന്നീ ചിത്രങ്ങളിലൂടെയാണ്. ചുരുളിയിൽ ആ നാട്ടിലേക്കുള്ള പാലം കടക്കുന്നതോടെ സ്വഭാവം മാറുന്ന ജീപ്പ് ഡ്രൈവറെ ആരും മറക്കാൻ ഇടയില്ല. അതിഗംഭീരമായാണ് ആ ട്രാൻസ്ഫോർമേഷൻ സീൻ സജിന് അവതരിപ്പിച്ചത്. സ്ക്രീൻ ടൈം കുറവുള്ള കഥാപാത്രമായിട്ടും പ്രേക്ഷകർ ചുരുളിയിലെ സജിൻ ഗോപുവിനെ ഓർത്തുവെച്ചു.
ജാൻ എ മനിലെ സജിയേട്ടനെയും ഒരിക്കലും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. സജിയേട്ടാ ഇവിടെ സേഫ് അല്ല എന്ന് പറഞ്ഞ് ശിഷ്യൻ ഓരോ വള്ളിക്കെട്ടുകൾ ഉണ്ടാക്കുമ്പോൾ നിവൃത്തിയില്ലാതെ അതെല്ലാം പരിഹരിക്കേണ്ടി വരുന്ന സജിയേട്ടനും സജിന്റെ കയ്യൊപ്പ് പതിഞ്ഞ വേഷമായിരുന്നു. ഒടുവിൽ ആവേശത്തിലൂടെ ഹൃദയം കീഴടക്കിയ സജിൻ ഇപ്പോൾ പൈങ്കിളിയിലൂടെ മലയാള സിനിമയിലെ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ്.
Content Highlight: Analysis Of Sajin Gopu’s Performance In Painkilli, Avesham Movie