രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭ്രമയുഗം തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.
ഇന്ന് വരെ കാണാത്ത മമ്മൂട്ടിയെ ചിത്രത്തിൽ കാണാം. കൊടുമൺ പോറ്റിയെന്ന വേഷത്തിൽ അത്യുഗ്രൻ പ്രകടനമാണ് മമ്മൂട്ടി കാഴ്ച്ചവെക്കുന്നത്. അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും അവരുടെ കരിയർ ബെസ്റ്റാണ് ഭ്രമയുഗത്തിന് നൽകിയിട്ടുള്ളത്.
യക്ഷി കഥകളും ഭൂതക്കഥകളും കേട്ടുവളർന്ന ഒരു തലമുറ നമുക്ക് മുന്നിലുണ്ട്. പേടിപ്പെടുത്തുന്ന ആ കഥകൾ നമ്മുടെ സങ്കല്പ ലോകത്ത് വരച്ചിടുന്ന ചില ദൃശ്യങ്ങളുണ്ട്. അതുപോലെയൊരു ആവിഷ്കാരമാണ് ഭ്രമയുഗം. ഭ്രമയുഗത്തിലൂടെ സംവിധായകൻ രാഹുൽ സദാശിവൻ കയ്യടി നേടുമ്പോൾ തീർച്ചയായും അദ്ദേഹത്തിന്റെ മുമ്പത്തെ സിനിമകളെ കുറിച്ച് സംസാരിക്കേണ്ടതുണ്ട്. ആദ്യ ചിത്രമായ റെഡ് റെയിനിൽ തുടങ്ങുന്നുണ്ട് രാഹുൽ സദാശിവന്റെ സിനിമാറ്റിക് യൂണിവേഴ്സിലെ വ്യത്യസ്തതകൾ.
റെഡ് റെയിൻ
രാഹുൽ സാദാശിവന്റെ ആദ്യത്തെ സിനിമയായിരുന്നു റെഡ് റെയിൻ. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് രാഹുൽ തന്നെയായിരുന്നു.
മലയാള സിനിമ അധികം പരീക്ഷിട്ടില്ലാത്ത ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമായിരുന്നു റെഡ് റെയിൻ. 2013 ൽ തിയേറ്ററുകളിൽ എത്തിയ ചിത്രം കേരളത്തിലെ ചുവന്ന മഴ എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയായിരുന്നു ഒരുക്കിയത്.
യുവശാസ്ത്രജ്ഞനായ ജയ് എന്ന നരേന്റെ കഥാപാത്രം പ്രകൃതിയിലെ ചില ദുരൂഹ സംഭവങ്ങളെ കുറിച്ച് നടത്തുന്ന അന്വേഷണങ്ങളാണ് ചിത്രം. അന്യഗ്രഹജീവികളെ കുറിച്ച് സംസാരിക്കുന്ന ചിത്രം അന്നുവരെ മലയാളത്തിൽ ഇറങ്ങിയതിൽ വെച്ച് ഏറെ വ്യത്യസ്തമായിരുന്നു.
ഭൂതകാലം
രാഹുൽ സദാശിവൻ എന്ന സംവിധായകന്റെ പേര് മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത് രണ്ടാമത്തെ സിനിമയായ ഭൂതകാലത്തിലൂടെ ആയിരുന്നു. 2022ൽ ഇറങ്ങിയ ഭൂതകാലം ഒരു സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രമാണ്. ഒ.ടി.ടിയിൽ റിലീസായ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. 39 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ നടി രേവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഭൂതകാലം.
യുവനടൻ ഷെയിൻ നിഗത്തിന്റെ ഗംഭീരപ്രകടനം കണ്ട ചിത്രമായിരുന്നു ഭൂതകാലം. വെറുമൊരു ഹൊറർ ചിത്രമെന്നതിലുപരി മെന്റലി ഒരുപാട് ചേർന്ന് നിൽക്കുന്ന, മാനസിക സംഘർഷങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്ന മികച്ച ദൃശ്യാവിഷ്കാരമാണ് ഭൂതകാലം.
ഇമോഷണൽ രംഗങ്ങൾക്കും ഹൊറർ സീനുകൾക്കും ഏറെ പ്രാധാന്യമുള്ള ചിത്രം മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്.
ചില സംവിധായകർക്ക് അവരുടേതായ ട്രേഡ് മാർക്കുണ്ട്. കഥപറച്ചിലിലും മേക്കിങ്ങിലുമുള്ള വേറിട്ട രീതി തന്നെയാണ് രാഹുൽ എന്ന ഫിലിം മേക്കറെ സ്പെഷ്യൽ ആക്കുന്നത്.
മലയാളം പോലൊരു ഫിലിം ഇൻഡസ്ട്രിയിൽ ഏറെ റിസ്ക്കിയായ പരീക്ഷണ കഥകൾ പരീക്ഷിക്കപ്പെടുകയെന്നത് തന്നെ വലിയ പ്രശംസ അർഹിക്കുന്ന കാര്യമാണ്.
ഭ്രമയുഗം സ്വീകരിക്കപ്പെട്ടപോലെ തുടർന്നുള്ള ചിത്രങ്ങളും വലിയ വിജയമായാൽ എന്നും ഓർക്കപ്പെടുന്ന വ്യത്യസ്ത സിനിമകൾ രാഹുൽ നൽകുമെന്ന് ഉറപ്പാണ്.
Content Highlight: Analysis Of Rahul Sadhasivan’s Movie