ജോറായോ ജോജു - ജോഷി ജോഡി?
Entertainment
ജോറായോ ജോജു - ജോഷി ജോഡി?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd December 2023, 6:18 pm

പൊറിഞ്ചു മറിയം ജോസിന് ശേഷം മാസ്റ്റർ ക്രാഫ്റ്റ് സംവിധായകൻ ജോഷിയും ജോജു ജോർജും വീണ്ടും ഒന്നിച്ച ചിത്രമാണ് ആന്റണി. പൊറിഞ്ചു മറിയം ജോസിലെ ചെമ്പൻ വിനോദ്, നൈല ഉഷ, വിജയ രാഘവൻ എന്തിനേറെ പറയുന്നു പൊറിഞ്ചുവിൽ ജോജുവിന്റെ ബാല്യകാലം അവതരിപ്പിച്ച അമൽ ഷാ അടക്കം ആന്റണിയിലേക്ക് വണ്ടി കയറി വന്നിട്ടുണ്ട്.

ചിത്രത്തിലേക്ക് വന്നാൽ കാലമനുസരിച്ചു അപ്ഡേറ്റഡായി കൊണ്ടിരിക്കുന്ന സംവിധായകൻ എന്ന് എല്ലാവരും പറയുന്ന ജോഷി, പക്ഷെ തന്റെ സിനിമയുടെ കഥയിൽ ഒട്ടും മുന്നോട്ട് വരാത്ത അവസ്ഥയാണ് ആന്റണിയിൽ കാണാൻ സാധിക്കുന്നത്.

മുമ്പും ജോഷി തന്നെ പരീക്ഷിച്ചു പഴകിയ ഫാമിലി ആക്ഷന്റെ അനന്തമായ സാധ്യതകളാണ് ആന്റണിയിലും ഉപയോഗിച്ചിട്ടുള്ളത്. നാട്ടുകാർക്കും കൂട്ടുകാർക്കും വേണ്ടപ്പെട്ടവനായ തെമ്മാടിയാണ് ആന്റണി. ആന്റണി എന്ത് തെറ്റ് ചെയ്താലും, ഇപ്പോൾ ഒരാളെ കൊല്ലുകയാണെങ്കിൽ പോലും അതിലൊരു ന്യായം ഉണ്ടെന്നാണ് ഇടവകയിലെ പള്ളിലച്ഛൻ വരെ വിശ്വസിക്കുന്നത്.

ഒരേസമയം സാത്താനായും അതേസമയം പുണ്യാളനായും നിറഞ്ഞുനിൽക്കുന്ന ആന്റണിയെ അവതരിപ്പിച്ചിട്ടുള്ളത് ജോജു ആണ്. അപ്രതീക്ഷിത സാഹചര്യത്തിൽ ജോജുവിനോടൊപ്പം കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന ആൻ മരിയ വരുന്നതാണ് ചിത്രത്തിന്റെ കഥാപരിസരം.

ആന്റണിയുടെ തെമ്മാടിത്തരത്തിനെല്ലാം വ്യക്തമായ കാരണങ്ങളുണ്ട് സിനിമയിൽ. പലപ്പോഴായി ജോജുവിൽ നിന്ന് മലയാളികൾ തന്നെ കണ്ടിട്ടുള്ള ഭാവങ്ങൾ സിനിമയിലുടനീളം ജോഷി ഒപ്പിയെടുത്തിട്ടുണ്ട്. ഒറ്റപ്പെടലിന്റെ , നിസ്സഹായതയുടെ വീർപ്പുമുട്ടലുകൾ പ്രകടിപ്പിക്കാൻ ജോജു മിടുക്കനാണ്. എന്നാൽ പ്രേക്ഷകർ തന്നെ മുമ്പ് കണ്ടിട്ടുള്ള പല മാനറിസങ്ങളും ചിത്രത്തിൽ ആവർത്തിക്കുന്ന കാഴ്ചയാണ്. തിരക്കഥ അവകാശപ്പെടുന്നുണ്ടെങ്കിൽ മാത്രമേ അതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യാൻ ജോജു എന്ന നടന് കഴിയുള്ളൂ.

പൊറിഞ്ചു മറിയം ജോസിൽ മുണ്ടുമടക്കി മീശ പിരിച്ച് മാസ് കാണിക്കുന്ന ജോജു ആന്റണിയിലോട്ട് വരുമ്പോൾ പാന്റണിഞ്ഞ് സദാസമയം കാറിൽ ചീറിപായുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. പൊറിഞ്ചുവിലെ നായകന്റെ പുകവലിയടക്കം അതുപോലയുണ്ട് ആന്റണിയിൽ.

വിജയരാഘവൻ അവതരിപ്പിച്ച ഐപ്പിനെയാണ് പൊറിഞ്ചു അവന്റെ ആശാനായി കണ്ടിരുന്നത്. ആന്റണിയിലോട്ട് വരുമ്പോൾ വിജയരാഘവൻ തന്നെ അവതരിപ്പിച്ച അവറാനെയാണ് ആന്റണി ബഹുമാനത്തോടെ കാണുന്നത്. ചെറുപ്പത്തിൽ കുടുംബം നഷ്ടപ്പെട്ട ആന്റണിക്ക് കൈത്താങ്ങാവുന്നത് അവറാനാണ്. ആ നാട് തന്നെ അറിയപ്പെടുന്നത് അവറാൻ സിറ്റി എന്നാണ്.

90കളിൽ ജോഷി തന്നെ സൂപ്പർ സ്റ്റാറുകളെവെച്ച് പയറ്റി തെളിഞ്ഞ അന്നത്തെ ഫ്രഷ് കഥയെ ആന്റണിയിലേക്ക് വരുമ്പോൾ പിടിച്ചുനിർത്തുന്നത് ജോജു അടക്കമുള്ള താരങ്ങളുടെ പ്രകടനം തന്നെയാണ്. നായികയായി എത്തിയ കല്യാണി ആണെങ്കിലും പതിവിൽനിന്ന് വ്യത്യസ്തമായ ഒരു ബോൾഡ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

വേഷം ഒട്ടും മോശമാക്കാതെ തന്നെ കല്യാണി അവതരിപ്പിച്ചിട്ടുണ്ട്. എടുത്തു പറയേണ്ട പ്രകടനം വിജയരാഘവന്റെത് തന്നെയാണ്. പ്രായാധിക്യം വന്ന ഒരു വ്യക്തിയെ ഏറ്റവും മികച്ച രീതിയിൽ അദ്ദേഹം സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ചെമ്പനും നൈലയ്ക്കും തുടക്കത്തിൽ കിട്ടിയ ആ ഒരു ബിൽഡ് അപ്പ്‌ അവസാനത്തിലേക്ക് എത്തുമ്പോൾ ഒന്നുമല്ലാതെ പോകുന്നുണ്ട്.

ജോജുവിന്റെ അടി കൊള്ളാനായി സിനിമയിൽ കൊണ്ടുവരുന്ന പല വില്ലന്മാരും അവരുടെ ഇൻട്രോയ്ക്കുശേഷം വെറും നിഴലായി മാത്രം മാറുന്ന കാഴ്ച.

പക്ഷെ ഇതൊരു ജോഷി സിനിമയാണെന്ന് കാണുന്ന പ്രേക്ഷകർ മറക്കാതിരിക്കുക. ജോഷിയുടെ നായകൻമാരെ തോൽപ്പിക്കാൻ ആവില്ല മക്കളെ.

കഥയിലും മേക്കിങ്ങിലുമെല്ലാം പുതുമ അവകാശപ്പെടാൻ ഇല്ലെങ്കിലും ജയൻ മുതൽ ജോജു വരെയുള്ള താരങ്ങൾക്കൊപ്പം തലയെടുപ്പോടെ തന്നെ ജോഷി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

Content Highlight: Analysis Of Performance of Joju In Antony Movie And Film Making Of Joshy