ഓളവും തീരവും; പ്രിയദർശൻ വേർഷൻ
Entertainment
ഓളവും തീരവും; പ്രിയദർശൻ വേർഷൻ
നവ്‌നീത് എസ്.
Thursday, 15th August 2024, 10:15 am

സംവിധായകൻ പ്രിയദർശൻ പണ്ടൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് ഓളവും തീരവും എന്ന തിരക്കഥ വായിച്ചപ്പോഴാണ് ഒരു സംവിധായകനാവണമെന്ന് തനിക്ക് ആഗ്രഹം വന്നതെന്ന്. ഒരുപക്ഷെ അതുതന്നെയാവാം എം.ടി വാസുദേവൻ നായരുടെ ഒമ്പത് കഥകൾ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ ഓളവും തീരവും ചെയ്യാൻ പ്രിയദർശൻ തന്നെ മുന്നോട്ട് വന്നത്. ഇന്ന് സ്ട്രീമിങ് തുടങ്ങിയ മനോരഥങ്ങൾ എന്ന വെബ് സീരീസിൽ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ഓളവും തീരവും.

എഴുപതുകളിൽ ഇറങ്ങിയ ഒരു ഓളവും തീരവും നമുക്ക് മുന്നിലുണ്ട്. പി.എൻ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ മധുവും ഉഷ നന്ദിനിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദ്യമായി ഔട്ട് ഡോർ ലൊക്കേഷനിൽ ഷൂട്ട് ചെയ്ത ചിത്രമായ ഓളവും തീരത്തിന് ആ വർഷം നാല് സംസ്ഥാന അവാര്ഡും നേടാൻ കഴിഞ്ഞിരുന്നു.

മലയാള സിനിമ ചരിത്രത്തിൽ ഇത്രയേറെ സ്ഥാനമുള്ള ഒരു ചലച്ചിത്രത്തെ പുനർനിർമിക്കുമ്പോൾ അത് എത്രത്തോളം മികവ് പുലർത്തുമെന്നത് പ്രധാന കാര്യമാണ്. പ്രത്യേകിച്ച് മലയാളത്തിൽ ഏറ്റവും പോപ്പുലറായ മോഹൻലാൽ – പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരു സിനിമ വരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

മലബാർ സ്ലാങ് മോഹൻലാലിന് വഴങ്ങില്ല എന്ന പരാതി പൊതുവെ പ്രേക്ഷകർക്കിടയിൽ നിലനിൽക്കുന്നതാണ്. ഈ കൂട്ടുക്കെട്ടിൽ ഇറങ്ങിയ മുൻ ചിത്രങ്ങളായ കിളിച്ചുണ്ടൻ മാമ്പഴം, മരക്കാർ അറബികടലിന്റെ സിംഹം എന്നിവയിൽ മോഹൻലാൽ സ്ലാങിന്റെ പേരിൽ വിമർശനം നേരിട്ടിരുന്നു.
എന്നാൽ ഓളവും തീരവും എന്ന ചിത്രത്തിലേക്ക് വരുമ്പോൾ നല്ല രീതിയിൽ തന്നെ മോഹൻലാൽ സ്ലാങ് കൈകാര്യം ചെയ്യുന്നുണ്ട്.

ഹരീഷ് പേരടി, മാമുക്കോയ, സുരഭി ലക്ഷ്മി, വിനോദ് കോവൂർ, അപ്പുണ്ണി ശശി, ജയരാജൻ കോഴിക്കോട് തുടങ്ങിയ മലബാറിലെ അഭിനേതാക്കളോടൊപ്പം സ്ലാങ്ങിൽ പിടിച്ചു നിൽക്കുകയെന്നത് ഒരു വെല്ലുവിളി തന്നെയാണ്. ബാബൂട്ടി എന്ന കഥാപാത്രത്തെ ഭംഗിയായി മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട് . നബീസുവായി ദുർഗ കൃഷ്ണയും നബീസിന്റെ ഉമ്മയായി എത്തിയ സുരഭി ലക്ഷ്മിയും നല്ല പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

വില്ലൻ കഥാപാത്രമായ കുഞ്ഞാലിയെ ഹരീഷ് പേരാടിയാണ് അവതരിപ്പിച്ചത്. രണ്ടു മണിക്കൂറോളം ഉള്ളൊരു ചിത്രത്തെ ഒരു മണിക്കൂറിലേക്ക് ഒതുക്കി പുനർനിർമിക്കുമ്പോഴും ചിത്രത്തിന്റെ പ്രധാന കാമ്പ് നഷ്ടമാവാതിരിക്കാൻ സിനിമ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ ബാബൂട്ടിയും നബീസും പ്രണയത്തിലാവുന്നതെല്ലാം വളരെ പെട്ടന്നായ പോലെ തോന്നി. മാമുക്കോയക്ക് നൽകിയ ഡബ്ബിങ് ചില ഭാഗങ്ങളിൽ അത്ര വർക്ക് ആവാത്ത പോലെ തോന്നി.

ഓളവും തീരവും എന്ന ചിത്രത്തിന് ഒരു ട്രിബ്യൂട്ട് എന്ന പോലെ ബ്ലാക്ക് ആൻഡ് വൈറ്റിൽ തന്നെയാണ് പ്രിയദർശൻ ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ കുപ്പി വളയുടെ ചുവപ്പ് മാത്രം ചിത്രത്തിൽ എടുത്തുകാണിക്കുന്നുണ്ട്. അത് എന്തിനാണെന്ന് ക്ലൈമാക്സിൽ വ്യക്തമാകുന്നുമുണ്ട്.

മേക്കിങ്ങിലും മ്യൂസിക്കിലുമെല്ലാം മികവ് പുലർത്തുന്നുണ്ട് ചിത്രം. ചരുങ്ങിയ സമയമാണ് ഉള്ളതെങ്കിലും സംഘട്ടന രംഗവും പ്രേക്ഷകർ കാണാൻ ആഹ്രഹിക്കുന്ന മോഹൻലാലിന്റെ ചില സീനുകളുമെല്ലാം ഓളവും തീരത്തിലും ഉൾപെടുത്തിയിട്ടുണ്ട്. നദിയെ ഒരു പ്രധാന ടൂളായിട്ടും പ്രിയദർശൻ ഉപയോഗിക്കുന്നുണ്ട്. 1950 കളുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രമാണെങ്കിലും ഇന്നും പ്രസക്തമായ കഥയാണ് ഓളവും തീരവും പറയുന്നത്. തീർച്ചയായും എം.ടിയുടെ കഥയ്ക്ക് ക്വാളിറ്റിയുള്ള ചലച്ചിത്രാവിഷ്‌ക്കാരം തന്നെ ഓളവും തീരവും സമ്മാനിക്കുന്നുണ്ട്.

 

Content Highlight: Analysis Of  Olavum Theeravum Movie In Manoradhangal Series

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം