സു സു, കള, അപ്പന്‍, ഇബ്‌ലീസ്, ന്നാ താന്‍ കേസ് കൊട്; മലയാളം ആഘോഷിക്കേണ്ട എക്‌സ്പിരിമെന്റല്‍ മ്യൂസിക് ഡയറക്ടര്‍
Entertainment
സു സു, കള, അപ്പന്‍, ഇബ്‌ലീസ്, ന്നാ താന്‍ കേസ് കൊട്; മലയാളം ആഘോഷിക്കേണ്ട എക്‌സ്പിരിമെന്റല്‍ മ്യൂസിക് ഡയറക്ടര്‍
നവ്‌നീത് എസ്.
Saturday, 18th May 2024, 3:54 pm

ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് എന്ന തരത്തിൽ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ.

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ സുരേശൻ, സുമലത എന്നീ രണ്ടു കഥാപാത്രങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ നിന്ന് കിട്ടിയ മികച്ച അഭിപ്രായമാണ് ഇങ്ങനെയൊരു ചിത്രവുമായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ വീണ്ടും വരാൻ കാരണം.

‘സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ടൈറ്റിലിൽ പറയുന്ന പോലെ ചിത്രം ഒരു പ്രണയകഥ മാത്രമല്ല. കുറച്ച് തമാശയും വ്യക്തമായ രാഷ്ട്രീയവും സിനിമ സംസാരിക്കുന്നുണ്ട്. ഒരു പ്രണയകഥയാവുമ്പോൾ സംഗീതത്തിനുള്ള പ്രാധാന്യം എത്രത്തോളം വലുതാണെന്ന് നമുക്കറിയാവുന്നതാണ്.

ചിത്രത്തിലേക്ക് വരുമ്പോൾ ഏറ്റവും യോജിക്കുന്ന തരത്തിലുള്ള ഗംഭീര പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് മ്യൂസിക് ഡയറക്ടർ ഡോൺ വിൻസെന്റ് ഒരുക്കിയിട്ടുള്ളത്. ശ്രദ്ധേയമായ ഒരുപാട് സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടും പ്രേക്ഷകരിൽ നിന്ന് അർഹിച്ച പരിഗണന ഈ സംഗീതജ്ഞന് ലഭിക്കുന്നുണ്ടോ എന്നത് ചോദ്യമാണ്.

2023ലെ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന അവാർഡ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ ഡോൺ വിൻസെന്റ് നേടിയിരുന്നു. പക്ഷെ സുഷിൻ ശ്യം, ജെക്സ് ബിജോയ്‌, ഷാൻ റഹ്മാൻ തുടങ്ങിയ സംഗീത സംവിധായകരുടെ പേരിനൊപ്പം പറഞ്ഞ് കേൾക്കാത്ത പേരാണ് ഡോൺ വിൻസെന്റ്. ഒരുപക്ഷെ തെരഞ്ഞെടുക്കുന്ന സിനിമകളുടെ പരീക്ഷണ സ്വഭാവമായിരിക്കാം അതിന് കാരണം.

അഡ്വവജേർസ് ഓഫ് ഓമന കുട്ടൻ, തരംഗം, ഇബ്‌ലീസ്, കള, അപ്പൻ, കുറ്റവും ശിക്ഷയും തുടങ്ങി ഡോൺ വിൻസെന്റ് സംഗീതം ഒരുക്കിയ ചിത്രങ്ങളിൽ അധികവും പരീക്ഷണ സ്വഭാവമുള്ളതായിരുന്നു.

ട്രാൻസ്, തൊട്ടപ്പൻ, ചതുർ മുഖം, നായാട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലും സൗണ്ട് ഡിപ്പാർട്മെന്റിൽ ഡോണിന്റെ കൈയൊപ്പുണ്ട്.

കഴിഞ്ഞ ദിവസം ഇറങ്ങിയ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ എന്ന ചിത്രവും മലയാളത്തിലെ ഒരു പരീക്ഷണ ചിത്രമാണ്. ചിത്രത്തിന്റെ പ്രധാന പോസിറ്റീവിൽ ഒന്നും ഡോൺ വിൻസെന്റിന്റെ സംഗീതമാണ്.

വിനീത് ശ്രീനിവാസൻ സിനിമകൾ പോലെ ഒരു മ്യൂസിക്കൽ റൈഡ് തന്നെയുള്ള ചിത്രമാണ് ഇതും. മൂന്ന് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ പല തരത്തിലുള്ള ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സിനിമയിലെ അഭിനേതാക്കൾ പാടുന്ന പാട്ടുകളടക്കം വളരെ മനോഹരമായാണ് ഡോൺ വിൻസെന്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതങ്ങൾക്കുപരി സിറ്റുവേഷണൽ തമാശകൾ പോലെ ഏറ്റവും ചേർന്ന് നിൽക്കുന്ന സംഗീതമാണ് ഡോൺ വിൻസെന്റെത്. തെരഞ്ഞെടുക്കുന്ന സിനിമകളിലെ വ്യത്യസ്തത ഒരുക്കുന്ന മ്യൂസിക്കിലും നൽകുന്നത് തന്നെയാണ് ഡോൺ വിൻസെന്റിനെ മറ്റുള്ളവരിൽ നിന്ന് സമാനതകളില്ലാത്ത ഒരാളായി വേറിട്ട് നിർത്തുന്നത്.

 

Content Highlight: Analysis Of Music director dawn Vincent’s work In Sureshanteyum Sumalatahayudeyum Hridhayahariyaya Pranayakadha And Other Movies

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം