പുഷ്പകണ്ടം എന്ന അതിസുന്ദരമായ ഒരു ഗ്രാമം. അവിടെ സ്നേഹത്തോടെ കഴിയുന്ന ഒരു അപ്പനും മകനും. അവർ കൂടപ്പിറപ്പുകളെ പോലെ കാണുന്ന മറ്റൊരു വീട്ടുകാർ. അവർക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാമായി പോവുന്ന ഒരു കുഞ്ഞ് കഥ… ഇത്തരത്തിൽ മലയാളികൾ കണ്ടും കേട്ടും തഴമ്പിച്ച ടെംപ്ലേറ്റ് തന്നെയാണ് ലിറ്റിൽ ഹാർട്ട്സിന്റേത്.
സാധാരണക്കാരാണ് ഏല കർഷകനായ ബേബിയും മകൻ സിബിയും. ചെറുപ്പത്തിലെ അമ്മ നഷ്ടമായ സിബിക്ക് അവന്റെ അപ്പൻ ബേബിയാണ് എല്ലാം.ഒരു സുഹൃത്തിനെ പോലെയാണ് സിബി തന്റെ അപ്പനെ കാണുന്നത്. അപ്പനെ പേര് വിളിക്കാനുള്ള സ്വാതന്ത്ര്യം പോലും സിബിക്കുണ്ട്.
വയസ് അമ്പത്തിയാറായെങ്കിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കും ചിന്തകളുമെല്ലാം അതുപോലെ സൂക്ഷിക്കുന്ന ആളാണ് ബേബി. അയാൾക്ക് ഒരു പ്രണയമുണ്ട്. ഭർത്താവ് ഉപേക്ഷിച്ചു പോയ സിസിലിയാണ് ബേബിയുടെ കാമുകി. നാട്ടുകാർക്കെല്ലാം അത് അറിയുന്നതുമാണ്. ആളുകളുടെ തുറിച്ചു നോട്ടങ്ങൾക്കിടയിലും ബേബിയും സിസിലിയും പുഷ്പകണ്ടത്തിലൂടെ കൈ പിടിച്ചു നടക്കുന്നുണ്ട്. അതിന്റെതായ പ്രശ്നങ്ങൾ ഇരുവരും നേരിടേണ്ടി വരുന്നുമുണ്ട്. എന്നാൽ ബേബിയുടെ എല്ലാ കാര്യത്തിനും മുന്നിൽ നിന്ന് സപ്പോർട്ട് ചെയ്യുന്നത് മകൻ സിബിയാണ്.
ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റിൽ ഒന്ന് ബേബിയും സിബിയും തമ്മിലുള്ള കോമ്പോയാണ്. ബേബിയായി ബാബുരാജിന്റെയും സിബിയായി ഷെയ്ൻ നിഗത്തിന്റെയും മികച്ച പ്രകടനം ചിത്രത്തിൽ കാണാം. ഇവർക്കിടയിലെ ഹ്യൂമറും പ്രേക്ഷകർക്കിടയിൽ നല്ല രീതിയിൽ വർക്കാവുന്നുണ്ട്.
ഒരു പ്രണയത്തിലൂടെ തുടങ്ങുന്ന ചിത്രം ഒന്നാം പകുതി അവസാനിക്കുമ്പോൾ മൂന്ന് വ്യത്യസ്ത ലവ് സ്റ്റോറിയിലേക്ക് വഴുതി മാറുന്നുണ്ട്. ബേബിയുടെയും സിബിയുടെയും സിബിയുടെ സുഹൃത്ത് ഷാരോണിന്റെയും പ്രണയത്തിലൂടെയാണ് പിന്നീട് ചിത്രം കടന്ന് പോവുന്നത്. അതിനെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കാനാണ് തിരക്കഥാകൃത്ത് രാജേഷ് പിന്നാടൻ ശ്രമിക്കുന്നത്. ഒരു പരിധി വരെ അതിൽ വിജയിക്കുന്നുമുണ്ട്.
ചെറിയ ചില ട്വിസ്റ്റുകളിലൂടെ കടന്ന് പോവുന്ന ചിത്രം സ്വന്തം ഇഷ്ടങ്ങൾ തുറന്ന് പറയാൻ കഴിയാതെ വീർപ്പുമുട്ടുന്ന ഒരു കൂട്ടം മനുഷ്യരെ കുറിച്ചാണ്
സംസാരിക്കുന്നത് . മലയാള സിനിമ ഈയടുത്ത കാലത്ത് മാത്രം പറഞ്ഞ് തുടങ്ങിയ ഒരു വിഷയത്തെയാണ് കഥയുടെ പ്രധാന ടൂളായി ഇരട്ട സംവിധായകരായ എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അത്തരമൊരു സബ്ജെക്റ്റിനെ വേണ്ട വിധത്തിൽ ചിത്രം ഉപയോഗിക്കുന്നുണ്ടോ എന്നത് ചോദ്യമാണ്.
കാരണം തമ്മിൽ കണക്ട്ടായി പോവുന്ന മൂന്ന് പ്രണയവും ചിലയിടങ്ങളിൽ ദിശ തെറ്റി മാറി സഞ്ചരിക്കുന്നുണ്ട്. ഒടുവിൽ പ്രധാന വിഷയത്തിൽ നിന്ന് തെന്നി മാറി ഒരു ഫീൽ ഗുഡ് സിനിമയായാണ് ചിത്രം അവസാനിക്കുന്നത്. ചില സംഭവങ്ങൾക്ക് പൂർണത നൽകാൻ തിരക്കഥക്ക് കഴിയാതെ വരുന്നുണ്ട്.
ഷാരോൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ ഷൈൻ ടോം ചാക്കോയാണ്. അടുത്തിടെയിറങ്ങിയ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തീർത്തും ശാന്തനായി സൗമ്യനായി ഷൈനിന്റെ കഥാപാത്രത്തെ ചിത്രത്തിൽ കാണാൻ കഴിഞ്ഞു. ഇമോഷണൽ രംഗങ്ങളിൽ കയ്യടക്കത്തോടെയുള്ള ഷൈനിന്റെ പ്രകടനവും ചിത്രത്തിൽ കാണാൻ സാധിച്ചു.
ആർ.ഡി. എക്‌സിന് ശേഷം ഷെയ്ൻ – മഹിമ പെയർ വീണ്ടും ഒന്നിച്ച ചിത്രമാണ് ലിറ്റിൽ ഹാർട്ട്സ്. പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന വിധം ഇവരുടെ കെമിസ്ട്രി വീണ്ടും വർക്കൗട്ട് ആയിട്ടുണ്ട്. പ്രത്യേകിച്ച് ഷെയ്ൻ നിഗത്തിന്റെ ചില രംഗങ്ങളിലെ എക്സ്പ്രഷൻസെല്ലാം പ്രേക്ഷകർക്ക് ചിരി നൽകുന്നുണ്ട് . സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളിലെ ഷെയ്നിന്റെ പ്രകടനവും സിനിമയെ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. മൂന്ന് പ്രണയങ്ങൾക്കിടയിലെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സിബിയാണ് ഓടി നടക്കേണ്ടി വരുന്നത്. സിബിയുടെ കാമുകിയായ ശോശനയായാണ് മഹിമ അഭിനയിച്ചത്.
ബാബു രാജിന്റെ പെയറായി അഭിനയിച്ച രമ്യ സുവിയുടെ പ്രകടനവും മികച്ചതായിരുന്നു. സിനിമയിലെ മൂന്ന് പ്രണയങ്ങളിൽ ഏറ്റവും നന്നായി ഇമോഷണലി കണക്റ്റ് ആയതും ഇരുവരുടെയും പ്രേമമാണ്. കുറച്ച് നാളുകൾക്ക് ശേഷം കണ്ട ബാബു രാജിന്റെ മികച്ച പ്രകടനവും കൂടെയാണ് ലിറ്റിൽ ഹാർട്ട്സിലേത്.
രഞ്ജി പണിക്കർ, മാല പാർവതി, നഥാൻ എന്ന കഥാപാത്രമായി എത്തിയ വിദേശിയൻ, ജാഫർ ഇടുക്കി തുടങ്ങിയവരെല്ലാം നല്ല പ്രകടനം കാഴ്ചവെച്ചു. കൈലാസ് മേനോൻ ഒരുക്കിയ സംഗീതം സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മൂന്നിലധികം പാട്ടുകൾ സിനിമയിലുണ്ട്.
പുഷ്പകണ്ടം എന്ന മലയോരഗ്രാമത്തിന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ ലുക്ക് ജോസിന്റെ ക്യാമറയും നന്നായി സഹായിച്ചിട്ടുണ്ട്. ചില സീനുകളിലെ കണക്ഷൻ നഷ്ടമാവുന്നതൊഴിച്ചാൽ നൗഫൽ അബ്ദുളയുടെ എഡിറ്റിങ്ങും നന്നായിട്ടുണ്ട്.
പ്രധാന സബ്ജെക്ടിലേക്ക് സിനിമ കയറുന്നത് വരെ പ്രേക്ഷകർ ചിത്രത്തിലേക്ക് ഇൻ ആവുന്നതിൽ കുറച്ചു സമയമെടുക്കുന്നുണ്ട്. ഷാരോൺ എന്ന കഥാപാത്രത്തിന്റെ പ്രണയത്തെ വിശേഷിപ്പിക്കാൻ സിബി ഉപയോഗിക്കുന്ന ചില വാക്കുകൾ ചെറിയ നെഗറ്റീവായി പറയാമെങ്കിലും സിബിയെന്ന നാട്ടിൻ പുറത്തുകാരനുള്ള അറിവും ആ കഥാപാത്രത്തിന്റെ സ്വഭാവവും അങ്ങനെയായിരിക്കുമെന്ന് സിനിമ കാണുന്ന പ്രേക്ഷകർക്ക് മനസിലാക്കാം.
മൂന്ന് വ്യത്യസ്ത പ്രണയങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു നാട്ടിൻപുറം ചിത്രമാവുമ്പോഴും ഗൗരവമായ ഒരു പ്രണയത്തെ പ്രേമേയത്തിലേക്ക് കൊണ്ടുവരുന്നു എന്നതാണ് ലിറ്റൽ ഹാർട്ട്സിനെ വേറിട്ട് നിർത്തുന്നത്. റൊമാന്റിക് കോമഡി ഴോണറിനോട് നീതി പുലർത്താനും ചിത്രത്തിന് സാധിക്കുന്നുണ്ട്. രസകരമായ കഥയെ അഭിനേതാക്കളുടെ മികച്ച പ്രകടനത്തിലൂടെ അവതരിപ്പിക്കുമ്പോൾ ഭംഗിയുള്ള കുഞ്ഞ് ചിത്രമായി മാറുന്നുണ്ട് ലിറ്റിൽ ഹാർട്ട്സ്.
Content Highlight: Analysis Of Little Hearts Movie