| Friday, 18th October 2024, 2:28 pm

ബോഗെയ്ൻവില്ലക്ക് തീ പിടിപ്പിക്കുന്ന 'ജ്യോതി'ർമയി; എവിടെയായിരുന്നു ഇത്രയും നാൾ?

നവ്‌നീത് എസ്.

മോഡലിങ്ങിലൂടെ തന്റെ കരിയർ തുടങ്ങി സിനിമയിലെത്തിയ നടിയാണ് ജ്യോതിർമയി. 2001ൽ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിർമയി സിനിമ ജീവിതം ആരംഭിക്കുന്നത്. 2011 വരെ സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞദിവസം ഇറങ്ങിയ അമൽ നീരദ് ചിത്രം ബോഗെയ്ൻവില്ലയിലാണ്.

ബോഗെയ്ൻവില്ല കണ്ട ഏതൊരു പ്രേക്ഷകരും ചോദിച്ച് പോവുന്ന ഒരു ചോദ്യമുണ്ട് ‘എവിടെയായിരുന്നു ഇത്രയും നാൾ?

ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനെ അടിസ്ഥമാക്കിയൊരുക്കിയ ചിത്രമാണ് ബോഗെയ്ൻവില്ല. റീത്തു എന്ന പ്രധാന കഥാപാത്രമായാണ് ജ്യോതിർമയി എത്തുന്നത്. പൂർണമായി റീത്തുവിന്റെ ആംഗിളിൽ കഥ പറയുന്ന ചിത്രത്തിൽ പെർഫോമൻസിലൂടെ ഞെട്ടിച്ചിട്ടുണ്ട് താരം.

പ്രത്യേകിച്ച് ഭൂരിഭാഗവും ക്ലോസപ്പ് ഷോട്ടുള്ള ഒരു ചിത്രത്തിൽ. സിങ്ക് സൗണ്ടിൽ താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ബോഗെയ്ൻവില്ലയെന്ന് ജ്യോതിർമയി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ എല്ലാതരത്തിലും അതിഗംഭീര പ്രകടനമാണ് ജ്യോതിർമയി കാഴ്ച്ചവെച്ചത്.

സിനിമയിൽ എത്തിയ രണ്ടാം വർഷം തന്നെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡിൽ പ്രത്യേക പരാമർശവും നേടാൻ ജ്യോതിക്ക് കഴിഞ്ഞിരുന്നു. ഭാവം എന്ന സിനിമയാണ് താരത്തിന് ഈ പുരസ്‌കാരങ്ങൾ നേടികൊടുത്തത്.

ആ ഒരു സമയത്തും കല്യാണരാമൻ, ഇഷ്ടം, ആലീസ് ഇൻ വണ്ടർലാന്റ് തുടങ്ങിയ സിനിമകളിലൂടെ ചെറിയ വേഷങ്ങളുടെ ഭാഗമായും ജ്യോതിർമയി മാറി. സിബി മലയിൽ ഒരുക്കിയ എന്റെ വീട് അപ്പുവിന്റേം എന്ന ചിത്രത്തിലെ മീര എന്ന അമ്മ കഥാപാത്രം അത്രയും ഭദ്രമായി മികവോടെ അവതരിപ്പിക്കാൻ അന്നത്തെ 20 വയസുകാരിക്ക് കഴിഞ്ഞു.

ആ വർഷം തന്നെയിറങ്ങിയ പട്ടാളം, ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായി മാറാനും ജ്യോതിർമയിക്ക് കഴിഞ്ഞു. തൊട്ടടുത്ത വർഷം ഇറങ്ങിയ കഥാവശേഷൻ എന്ന ചിത്രവും വലിയ ശ്രദ്ധ നേടിയിരുന്നു.

മലയാളം പോലെ തന്നെ തമിഴ്, തെലുങ്ക് ഭാഷകളിൽ തിരക്കുള്ള നടിയായി മാറാനും ജ്യോതിർമയിക്ക് കഴിഞ്ഞു. അപ്പോഴും ട്വന്റി ട്വന്റി, സാഗർ ഏലിയാസ് ജാക്കി, സീനിയേർസ് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ചെറിയ കഥാപാത്രങ്ങളുടെ ഭാഗമാവാൻ ജ്യോതിർമയി തയ്യാറായിരുന്നു.

ഏകദേശം പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറക്ക് മുന്നിൽ വന്ന് നിൽക്കുമ്പോഴും ആ അഭിനേത്രിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലായെന്ന് തെളിയിക്കുന്നതാണ് ബോഗെയ്ൻവില്ലയിലെ റീത്തു എന്ന കഥാപാത്രം.

ബോഗെയ്ൻവില്ലയുടെ പ്രൊമോഷൻ ഇന്റർവ്യൂകളിൽ ഒന്നിൽ ജ്യോതിർമയി പറഞ്ഞത് താനായി ഒരു ഇടവേളയും സിനിമയിൽ നിന്നെടുത്തിട്ടില്ലായെന്നായിരുന്നു. ഇത്രയും നാൾ മലയാള സിനിമ ഉപയോഗിക്കാതെ പോയത് മികച്ച ഒരു നടിയെയായിരുന്നു. വേണ്ട പോലെ ഉപയോഗിച്ചാൽ ഇനിയും മുന്നോട്ട് കത്തി കയറാനുള്ള തീ ജ്യോതിർമയിക്കുണ്ട്.

Content Highlight: Analysis Of Jyothirmayi’s Performance In Bougainville

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more