ദൃശ്യം മുതൽ നേര് വരെ; ആവർത്തിക്കുന്ന ജീത്തു - മോഹൻലാൽ മാജിക്
Entertainment
ദൃശ്യം മുതൽ നേര് വരെ; ആവർത്തിക്കുന്ന ജീത്തു - മോഹൻലാൽ മാജിക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st December 2023, 7:53 pm

മലയാളത്തിൽ കെട്ടുറപ്പുള്ള ഒരുപാട് ആക്ടർ ഡയറക്ടർ കോമ്പോ പിറവിയെടുത്തിട്ടുണ്ട്. ആ കൂട്ടത്തിൽ നിലവിൽ ഏറെ ആരാധകരുള്ള കൂട്ടുകെട്ടാണ് ജീത്തു ജോസഫ് – മോഹൻലാൽ. ആദ്യ സിനിമയായ ദൃശ്യത്തിലൂടെ തന്നെ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടതാണ് മോഹൻലാൽ – ജീത്തു ജോസഫ് കോമ്പോ.

ഇപ്പോൾ പുറത്തിറങ്ങിയ നേര് ഇവരുടെ അഞ്ചാമത്തെ സിനിമയാണ്. ദൃശ്യം കഴിഞ്ഞ് ദൃശ്യം2, ട്വൽത്ത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക്‌ ശേഷം നേരുമായി വീണ്ടും എത്തുമ്പോൾ വമ്പൻ പ്രതീക്ഷയോടെ തന്നെയാണ് പ്രേക്ഷകർ ചിത്രത്തെ വരവേറ്റത്.

തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നേര് ഒരു കോർട്ട് റൂം ഡ്രാമയായിരിക്കുമെന്ന് ജീത്തു പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ആ പറഞ്ഞത് നൂറ് ശതമാനം ശരിവെക്കുന്ന മികച്ചൊരു ചിത്രം തന്നെയാണ് നേര്.

അഡ്വക്കേറ്റ് വിജയ് മോഹൻ എന്ന പബ്ലിക് പ്രോസിക്യൂട്ടറായാണ് മോഹൻലാൽ നേരിൽ എത്തുന്നത്. ഒട്ടും ഹിറോയിക്ക്‌ അല്ലാത്ത തരത്തിൽ റിയലിസ്റ്റിക്കായി കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാലിന് കഴിഞ്ഞിട്ടുണ്ട്.

ഈയിടെ ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങൾക്കൊന്നും ബോക്സ്‌ ഓഫീസിൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ സാധിച്ചില്ലായിരുന്നു. കഥകൾ തെരഞ്ഞെടുക്കുന്നതിൽ പല തരത്തിലുള്ള വിമർശനങ്ങളും താരത്തിനെ കുറിച്ച് ഉയർന്നിരുന്നു. എന്നാൽ നേരിലേക്ക് എത്തുമ്പോൾ പരാജയത്തിൽ നിന്ന് കര കയറാൻ ശ്രമിക്കുന്ന മോഹൻലാലിന് പുതുവർഷത്തിന് മുൻപ് തന്നെ പുതിയൊരു തുടക്കം നേര് സമ്മാനിക്കുന്നുണ്ട്.

മോഹൻലാൽ – പ്രിയദർശൻ, മോഹൻലാൽ – സത്യൻ അന്തിക്കാട് തുടങ്ങിയ പ്രേക്ഷക പ്രിയ കൂട്ടുകെട്ടുകളെ പോലെ ഈ പുതിയകാലത്ത് ജീത്തു ജോസഫ് – മോഹൻലാൽ കോമ്പോയും ഇതിനോടകം ശ്രദ്ധ നേടുന്നുണ്ട്. അതിന് പ്രധാന കാരണം ജീത്തുവിന്റെ തിരക്കഥകൾ തന്നെയാണ്. നേരിലേക്ക് വന്നാലും ഹീറോ തിരക്കഥ തന്നെയാണ്.

ജീത്തുവിന്റെ നായകൻമാരൊക്കെ പ്രകടനങ്ങളിലും മുന്നിൽ തന്നെയാണ്, അതിപ്പോൾ ജോർജ് കുട്ടിയാണെങ്കിലും മെമ്മറീസിലെ സാം അലക്സ്‌ ആണെങ്കിലും കൂമനിലെ ഗിരിയാണെങ്കിലും, നായകൻമാരുടെ പ്രകടനവും വലിയ രീതിയിൽ സിനിമയെ പിടിച്ചു നിർത്തുന്നുണ്ട്.

നേരിലും അതാവർത്തിക്കുന്നുണ്ട്. ഇതുവരെ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രകടനങ്ങളുള്ള ചിത്രമാണ് നേര് എന്നായിരുന്നു റിലീസിന് മുമ്പ് ജീത്തു പറഞ്ഞിരുന്നത്. ചിത്രത്തിലും അത് കാണാൻ സാധിക്കുന്നുണ്ട്.

ജോർജ്കുട്ടിയിൽ നിന്ന് വിജയ് മോഹനിലേക്ക് വരുമ്പോഴും രണ്ട് തലങ്ങളിൽ ഉള്ള കഥാപാത്രമായി തന്നെയാണ് ജീത്തു മോഹൻലാലിനെ അവതരിപ്പിച്ചിട്ടുള്ളത്. ദൃശ്യത്തിലെ വലിയ രഹസ്യം പോലെ മോഹൻലാൽ – ജീത്തു ജോസഫ് വിജയ ഫോർമുല ആവർത്തിക്കുന്നതിന് പിന്നിലെ സത്യം അറിയാനാണ് പ്രേക്ഷകർ എപ്പോഴും ഇവരുടെ സിനിമകൾക്കായി കാത്തിരിക്കുന്നത്.

കൊവിഡ് സമയത്ത് ഷൂട്ട്‌ ചെയ്ത് ഇപ്പോഴും പെട്ടിയിൽ തന്നെയിരിക്കുന്ന ഇരുവരുടെയും മറ്റൊരു ചിത്രം കൂടിയുണ്ട്. റാം. ഒരു ആക്ഷൻ ത്രില്ലറായ ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. ചില പ്രതിസന്ധികൾ കാരണമാണ് ചിത്രം ഇറങ്ങാത്തതെന്ന് ജീത്തു നേരത്തെ പറഞ്ഞിരുന്നു.

രണ്ട് ഭാഗങ്ങളിലായി ഒരുക്കിയ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറേയായി. പ്രതീക്ഷകൾക്കപ്പുറം സമ്മാനിക്കുന്ന ജീത്തു ജോസഫിൽ നിന്ന് റാമിലൂടെയോ അല്ലെങ്കിൽ മറ്റൊരു മോഹൻലാൽ ചിത്രത്തിലൂടെയോ ഈ മാജിക് വീണ്ടും ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

Content Highlight: Analysis Of  Jeethu Joseph – Mohanlal Director Actor Combo