നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തിയേറ്ററിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. 14 അംഗങ്ങൾ ഉള്ള അരങ്ങെന്ന ഒരു നാടക ട്രൂപ്പിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമ സംസാരിക്കുന്നത്. പൂർണമായും പുരുഷ കേന്ദ്രികൃതമായൊരു ഗ്രൂപ്പാണ് അരങ്ങ്. അവരുടെ പ്രധാന നായക നടൻ ഒരു പ്രശസ്ത സിനിമാ താരമാണ്.
അഞ്ജലിയെന്ന ഒരു യുവതി മാത്രമാണ് അരങ്ങിലെ സ്ത്രീ സാന്നിധ്യം. നാടകവുമായി മുന്നോട്ട് പോവുന്നതിനിടയിൽ, സഹപ്രവർത്തകനായ ഒരാളിൽ നിന്ന് മോശമനുഭവം നേരിടേണ്ടി വരുകയാണ് അഞ്ജലിക്ക്. താൻ ഏറ്റവും സുരക്ഷിതമെന്ന് കരുതിയിരുന്ന ഏറ്റവും കംഫർട്ടബിൾ എന്ന് വിശ്വസിച്ചിരുന്ന ഇടത്തുനിന്ന് അത്തരത്തിലൊരു അനുഭവം ഉണ്ടാകുമ്പോൾ തകർന്ന് പോവുകയാണ് നായിക. അങ്ങനെയൊന്ന് തനിക്ക് സംഭവിച്ചിട്ടില്ലെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുമ്പോഴും ചില കാരണങ്ങളാൽ അത് ഗ്രുപ്പിലെ മറ്റുള്ളവർ അറിയുകയാണ്.
സംശയിക്കുന്ന വ്യക്തി ഇവരിൽ ഒരാളാണെങ്കിൽ ആ ആൺപട പെണ്ണിന്റെ വാക്കിന് ചെവി നൽകുമോ? ആളുകളെല്ലാം ഓരോ പ്രായക്കാർ വ്യത്യസ്ത അഭിപ്രായമുള്ളവർ വ്യത്യസ്ത പൊതുബോധമുള്ളവർ. ഇവർക്കിടയിൽ നടക്കുന്ന വിചാരണയാണ് ആട്ടം.
അഞ്ജലിയെ കൂടാതെ സിനിമയിൽ വന്ന് പോകുന്ന മറ്റൊരു കഥാപാത്രം നാടക ഗ്രൂപ്പിലെ ഒരാളുടെ ഭാര്യ മാത്രമാണ്. ഭർത്താവിന്റെ വാക്കിന് വില കൊടുക്കുന്ന തന്റെ മകളെ എപ്പോഴും ശ്രദ്ധിക്കുന്ന പൊതുബോധ സങ്കല്പത്തിന് ഏറ്റവും ഉതകുന്ന സ്ത്രീയാണ് അവർ. എന്നാൽ അഞ്ജലിയിലേക്ക് വരുമ്പോൾ അവൾ പുതിയകാലത്തെ പെൺ പ്രതിനിധിയാണ്.
അരങ്ങിലെ എല്ലാവരോടും ഒരുപോലെ ഇടപെടുന്ന, ആ ആൺപടയ്‌ക്കൊപ്പമിരുന്ന് മദ്യപിക്കുന്ന, സൊസൈറ്റിയിൽ നില നിന്ന് പോവുന്ന പ്രണയ സങ്കല്പത്തെ തച്ചുടയ്ക്കുന്ന വിധത്തിലൊരു പ്രണയ ബന്ധം മുന്നോട്ട് കൊണ്ട് പോവുന്ന, തന്റെ ഡ്രസ്സിങ്ങിലും അഭിപ്രായത്തിലുമെല്ലാം വ്യക്തമായ നിലപാടുള്ള ചില ആൺ ചിന്തകൾക്ക് ദഹിക്കാത്ത പെണ്ണ്. അവിഹിതമെന്ന് പൊതുസമൂഹം വിളിക്കുന്ന പ്രേമമാണ് അവളുടേത്. പക്ഷെ അത് തുറന്ന് പറയാൻ അവൾക്ക് ഒരു ഭയവുമില്ല. കാരണം അവൾ പാർട്ണറെ ഇത്രയേറെ ഇഷ്ടപെടുന്നു.
അതിലൊരു തെറ്റ് പോലും അവൾ കരുതുന്നില്ല. മറ്റുള്ളവരെ ഭയന്നാണ് അവളുടെ കാമുകൻ ആ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നത്. അയാളെ സംബന്ധിച്ച് അത് പുറത്തറിയുന്നത് ഏറ്റവും അപമാനകരമായ ഒരു കാര്യമാണ്. വിചാരണയ്ക്കിടയിൽ പോലും അയാൾ പലതരത്തിലുള്ള കള്ളങ്ങൾ പറയുന്നുണ്ട്. അപ്പോഴും മോശക്കാരിയാക്കപ്പെടുന്നത് സ്ത്രീ മാത്രം. ആൺബോധത്തിനപ്പുറം സൃഷ്ടിക്കപ്പെട്ടിട്ടുള്ള കപട ബോധത്തിനെതിരെയാണ് അവൾ ഒറ്റയ്ക്ക് നിന്ന് പോരാടുന്നത്.
ഒരു പ്രശ്നം വരുമ്പോൾ തെറ്റുക്കാരി അല്ലാതിരുന്നിട്ട് പോലും ഒറ്റപ്പെട്ട് പോവുന്നത് അതുകൊണ്ടാണ്. പൊതുവായ പുരുഷാധിപത്യത്തിനെതിരെയുള്ള പെണ്ണിന്റെ പോരാട്ടമാണ് ഈ ആട്ടം.
Content Highlight: Analysis Of Female Character In Attam Movie