ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകന്റെ മാജിക്കും മധു നീലകണ്ഠന്റെ ക്യാമറ കണ്ണുകളും വീണ്ടും ഒന്നിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വാലിബന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം ചുരുളിയാണ്.
ചുരുളിയിലെ ആരെയും പിടിച്ചിരുത്തുന്ന നിഗൂഢമായ ചുഴിയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത് മധു നീലകണ്ഠന്റെ ഫ്രെയിമുകൾ ആയിരുന്നു. ആ വർഷത്തെ മികച്ച ചായഗ്രാഹകനുള്ള കേരള സംസ്ഥാന അവാർഡ് മധു ചുരുളിയിലൂടെ കൈപിടിയിലൊതുക്കി.
മലൈക്കോട്ടൈ വാലിബന്റെ റിലീസിന് പിന്നാലെ വീണ്ടും ചർച്ചയാവുകയാണ് മധു നീലകണ്ഠന്റെ ഗംഭീര ഫ്രെയിമുകൾ. മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചിത്രം ഒരു നാടോടി കഥ പോലെ യോദ്ധവായ വീരന്റെ കഥയാണ് പറയുന്നത്.
നാടോടിക്കഥകൾ എന്നും ദൃശ്യങ്ങൾ കൊണ്ട് വായനക്കാരെ പിടിച്ചിരുത്തിയിട്ടേയുള്ളൂ. വാലിബനിലേക്ക് വരുമ്പോഴും അത് അങ്ങനെ തന്നെയാണ്. അമാനുഷികനായ, മായജാലം കാണിക്കുന്ന ഒരു മല്ലന്റെ കഥ പറയുമ്പോൾ അവിശ്വസനീയമായ ഫ്രെയിമുകൾ ചിത്രത്തിന് അനിവാര്യമാണ്. എന്നാൽ വാലിബനിൽ സിനിമയെ വലിയ രീതിയിൽ പിടിച്ചിരുത്തുന്ന ഘടകം അത് തന്നെയാണ്.
പ്രത്യേകിച്ച് കാലമോ ദേശമോ ഒന്നും സംസാരിക്കാതെ മുന്നോട്ടു പോകുന്ന ചിത്രത്തിൽ കഥ പറയുന്നത് ക്യാമറ കണ്ണുകൾ തന്നെയാണ്. വാലിബൻ സഞ്ചരിക്കുന്ന ഓരോ ദേശത്തിലെയും കാഴ്ചകൾ ഒരു കഥയിൽ എന്നോണ്ണമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
യോദ്ധാവായ മല്ലന്റെ കഥ പറയുമ്പോൾ ആക്ഷൻ സീനുകൾക്കും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്. ഒരു സാധാരണ സിനിമയിലെ മാസ് രംഗങ്ങളോ ആക്ഷൻ രംഗങ്ങളോ അല്ല വാലിബനിൽ ഉപയോഗിച്ചിട്ടുള്ളത്. പഴയ ജപ്പാനീസ് സിനിമകളെ ഓർമിപ്പിക്കുന്ന, ജാക്കി ജാൻ ഫൈറ്റുകളെ വിസ്മരിപ്പിക്കുന്ന തരത്തിൽ ആക്ഷൻ സീനുകൾ ഒരുക്കുമ്പോൾ പ്രേക്ഷകരിലേക്ക് അത് എത്തിക്കാൻ സഹായിക്കുന്നത് മധുവിന്റെ ക്യാമറയിലെ മിടുക്ക് തന്നെയാണ്.
വൈഡ് ആംഗിൾ ഷോട്ടുകളാണ് വാലിബനിൽ അധികവും ഉപയോഗിച്ചിട്ടുള്ളത്. എക്സ്ട്രീം ലോങ്ങ് ഷോട്ടുകൾ കൊണ്ട് നിറഞ്ഞ് നിൽക്കുന്ന ചിത്രം പലപ്പോഴും സിനിമയുടെ ഗ്രാമറുകളെ ബ്രേക്ക് ചെയ്യുന്നുണ്ട്.
ടെക്നിക്കലി ഗംഭീര മികവു പുലർത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചുരുളിയിൽ നിന്ന് വാലിബനിലേക്ക് വരുമ്പോൾ തീർത്തും വ്യത്യസ്തമായ ഒരു കഥാപാരിസരത്തെ, ഒട്ടും പരിചിതമല്ലാത്ത ഒരു കഥ ലോകത്തെ ഏറ്റവും മികവിൽ പകർത്തിയിട്ടുണ്ട് മധു നീലകണ്ഠൻ.
ചിത്രത്തിലെ ഏത് ഭാഗവും സ്ക്രീൻഷോട്ട് എടുത്താലും അതൊരു മികച്ച ഫ്രെയിം ആയിരിക്കും എന്നത് തന്നെയാണ് മധുവിന്റെ മികവ്.
കമ്മട്ടിപാടം, അന്നയും റസൂലും, ഞാൻ സ്റ്റീഫ് ലോപ്പസ് തുടങ്ങിയ സിനിമകളിലെല്ലാം ക്യാമറ ചലിപ്പിച്ച അദ്ദേഹം അന്നയും റസൂലിലും സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു.
മലൈക്കോട്ടൈ വാലിബൻ വാഴ്ത്തപ്പെടാൻ പോവുന്നതും ഈ ഫ്രെയിമുകളിൽ കൂടെ തന്നെയാണ്.
Content Highlight: Analysis Of Cinematography Of Madhu Neelakandan In Malaikotte Valiban