|

സ്ത്രീധനത്തിന്റെ കാര്യത്തില്‍ നായകനാകുന്ന ബെന്നിയും വില്ലനാകുന്ന മരിയാനോയും, മാറുന്ന കാലത്തിനനുസരിച്ചുള്ള സിനിമാകാഴ്ചകള്‍

അമര്‍നാഥ് എം.

പുരോഗമനസമൂഹത്തിന് ഒരിക്കലും ചേരാത്ത ഒരു കാര്യമാണ് സ്ത്രീധനം എന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകില്ല. മലയാളത്തില്‍ സ്ത്രീധനം പ്രധാന വിഷയമായി ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ട്. ആദ്യകാലങ്ങളില്‍ സ്ത്രീധനത്തെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളായിരുന്നു കൂടുതലും വന്നിട്ടുള്ളത്.

സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വരുന്ന സ്ത്രീകളുടെ കഥ പറയുന്ന സിനിമകള്‍ പലപ്പോഴും സമൂഹത്തെ മോശമായി സ്വാധീനിക്കുന്നവയായി മാറി. സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭാര്യയെ തിരിച്ച് വീട്ടില്‍ കൊണ്ടാക്കുന്ന കഥാപാത്രങ്ങളെ കോമഡിയാക്കി അവതരിപ്പിക്കാനും ചില എഴുത്തുകാര്‍ ശ്രമിച്ചിരുന്നു. തിളക്കത്തിലെ സലിംകുമാറിന്റെ കഥാപാത്രം ഇതിന് ഉദാഹരണമാണ്.

എന്നാല്‍ സ്ത്രീധനത്തിനായി ആര്‍ത്തി പൂണ്ട് നടക്കുന്ന, അത് കിട്ടാത്തതിന്റെ പേരില്‍ ഭാര്യയെയും അവരുടെ വീട്ടുകാരെയും ഇമോഷണലി ടോര്‍ച്ചര്‍ ചെയ്യുന്ന കഥാപാത്രത്തെ നായകനാക്കി മലയാളത്തില്‍ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവതയാണ് ആ സിനിമ.

ആലപ്പുഴയിലെ സാധരണ കേബിള്‍ ടി.വി ഓപ്പറേറ്ററായ ബെന്നി ഒരു ബോട്ട് മുതലാളിയാകാന്‍ വേണ്ടി ശ്രമിക്കുന്നതും അതിനുള്ള പണത്തിനായി അയാള്‍ കല്യാണം കഴിക്കുന്നതുമാണ് സിനിമയുടെ കഥ. സ്ത്രീധനമായി കിട്ടുന്ന പൈസയിലൂടെ ബോട്ട് വാങ്ങാമെന്നാണ് അയാള്‍ ചിന്തിക്കുന്നത്. എന്നാല്‍ സ്ത്രീധനം കിട്ടാത്തത് അയാളുടെ പ്ലാനിനെ തകിടം മറിക്കുന്നു. ഭാര്യയെ അവളുടെ വീട്ടില്‍ കൊണ്ടാക്കിയാണ് അയാള്‍ പ്രതികാരം വീട്ടുന്നത്.

പിന്നീട് ഭാര്യക്ക് ലോട്ടറി അടിക്കുകയും പെങ്ങളുടെ കല്യാണത്തിന് സ്ത്രീധനം ഒപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഭാര്യ അയാളെ സഹായിക്കുന്നതും കാണിച്ചാണ് സിനിമ അവസാനിക്കുന്നത്. സ്ത്രീധനത്തെ ഇത്രയേറെ മഹത്വവല്‍കരിക്കുന്ന മറ്റൊരു സിനിമയുണ്ടാകുമോ എന്ന് തന്നെ സംശയമാണ്. മലയാളികള്‍ വിജയമാക്കി വിട്ട ചിത്രം കൂടിയാണ് ഭാഗ്യദേവത.

മലയാളികളുടെ കാഴ്ചപ്പാട് മാറിയതിനൊപ്പം സിനിമയും മാറി. ഇപ്പോള്‍ ചര്‍ച്ചയായി നില്‍ക്കുന്ന പൊന്മാന്‍ ഭാഗ്യദേവത പോലുള്ള സിനിമകള്‍ക്ക് ഒരു മറുപടിയാണ്. കൊല്ലത്തെ കല്യാണക്കാഴ്ചകളോടൊപ്പം സ്ത്രീധനവും സ്വര്‍ണവും സമൂഹത്തിലുണ്ടാക്കുന്ന ഇംപാക്ടുകളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. കല്യാണത്തിന് സ്വര്‍ണമെത്തിച്ചുകൊടുക്കുന്ന ഏജന്റായ അജേഷിന്റെ കഥയാണ് പൊന്മാന്‍ പറയുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ് മരിയാനോ. കല്യാണത്തിലൂടെ കിട്ടുന്ന സ്വര്‍ണത്തിലൂടെ പെങ്ങളുടെ കല്യാണം നടത്താന്‍ പ്ലാന്‍ ചെയ്യുന്ന മരിയാനോ സ്വയം വിശേഷിപ്പിക്കുന്നത് ‘അധ്വാനിച്ച് ജീവിക്കുന്നവന്‍’ എന്നാണ്. ഭാര്യ കൊണ്ടുവന്ന സ്വര്‍ണത്തിലുള്ള പൂര്‍ണ അവകാശം തനിക്കാണെന്നാണ് മരിയാനോ അവകാശപ്പെടുന്നത്.

അയാളുടെ പ്രവൃത്തികളും വാക്കുകളും കേള്‍ക്കുമ്പോള്‍ ഏതൊരു പ്രേക്ഷകനും അയാളെ വില്ലനായി മാത്രമേ കാണാന്‍ കഴിയുള്ളൂ. അത് എഴുത്തുകാരന്റെയോ സംവിധായകന്റെയോ മാത്രം കഴിവല്ല. സ്ത്രീധനം എന്നത് പുറംകാലുകൊണ്ട് ചവിട്ടിത്തെറിപ്പിക്കേണ്ട ഒന്നാണെന്ന് പ്രേക്ഷകന് തിരിച്ചറിവ് വന്നതുകൊണ്ടാണ്.

ഒരുപക്ഷേ പത്ത് വര്‍ഷം മുമ്പായിരുന്നെങ്കില്‍ മരിയാനോയുടെ കഷ്ടപ്പാടുകളെ പുകഴ്ത്തിക്കൊണ്ട് സിനിമ അവസാനിച്ചേനെ. സ്ത്രീധനത്തിനായി വാപൊളിച്ച നില്‍ക്കുന്നവരെ തള്ളിക്കളയാന്‍ പ്രേക്ഷകര്‍ തുടങ്ങി എന്നതിന്റെ തെളിവാണ് ഇത്തരം സിനിമകളും അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും.

Content Highlight: Analysis of characters in Bhagyadevatha and Ponman movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം