| Sunday, 9th June 2024, 2:01 pm

ബേബിയുടെ പ്രേമം ഹൃദയം നിറയ്ക്കും, ബാബുരാജിന്റെ പ്രകടനവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയർ ആർട്ടിസ്റ്റായി തന്റെ കരിയർ തുടങ്ങിയ നടനാണ് ബാബുരാജ്. പിന്നീട് മലയാളത്തിൽ സ്ഥിരം വില്ലൻ വേഷങ്ങൾ ചെയ്യുന്ന നടനായി ബാബുരാജ് മാറിയിരുന്നു. നെഗറ്റീവ് കഥാപാത്രത്തിൽ നിന്ന് ബാബു രാജിന് ഒരു മോചനം നൽകിയത് ആഷിഖ് അബു ഒരുക്കിയ സാൾട്ട് ആൻഡ്‌ പെപ്പർ എന്ന ചിത്രമായിരുന്നു.

ആഷിഖ് അബുവിന്റെ തന്നെ ആദ്യത്തെ ചിത്രമായ ഡാഡി കൂൾ എന്ന സിനിമയിലും പതിവിൽനിന്ന് വ്യത്യസ്തമായ ഒരു പൊലീസ് കഥാപാത്രത്തെയായിരുന്നു ബാബുരാജ് അവതരിപ്പിച്ചത്. ബാബുരാജിന് കോമഡി വഴങ്ങുമെന്ന് തെളിയിച്ച സാൾട്ട് ആൻഡ്‌ പെപ്പറിലെ കഥാപാത്രം താരത്തിന് നിരവധി പ്രശംസകൾ നേടികൊടുത്തിരുന്നു.

എന്നാൽ അതിന് ശേഷം പിന്നീട് സ്ഥിരമായി കോമഡി വേഷങ്ങൾ തന്നെയായിരുന്നു ബാബുരാജിനെ തേടിവന്നത്. അവയിൽ സെക്കന്റ് ഷോ, ഹണി ബീ, ടമാർ പടാർ തുടങ്ങിയ സിനിമയിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടി.

എന്നാൽ 2018ൽ ഇറങ്ങിയ കൂദാശ എന്ന ചിത്രം ബാബുരാജ് മികച്ച ഒരു നടൻ കൂടെയാണെന്ന് വീണ്ടും തെളിയിച്ചു. ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നല്ല പ്രകടനം കണ്ട സിനിമയായിരുന്നു കൂദാശ. 2011ൽ ഇറങ്ങിയ ദിലീഷ് പോത്തൻ ശ്യാം പുഷ്‌കരൻ ചിത്രം ജോജിയിലെ പനച്ചൽ ജോമോൻ എന്ന കഥാപാത്രവും ബാബുരാജിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ്.

കോമഡി, സീരിയസ് വേഷങ്ങൾ ഒരുപോലെ ചെയ്യാൻ കഴിയുന്നു എന്നതാണ് ഒരു നടൻ എന്ന നിലയിൽ ബാബുരാജ് കയ്യടി അർഹിക്കുന്നത്. ആ കൂട്ടത്തിലേക്കുള്ള ലേറ്റസ്റ്റ് എൻട്രിയാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിലെ ബേബി എന്ന കഥാപാത്രം.

അച്ഛനായും, കാമുകനായുമെല്ലാം മികച്ച പ്രകടനമാണ് ബാബുരാജ് ചിത്രത്തിൽ കാഴ്ച്ചവെച്ചിട്ടുള്ളത്. വയസ് അമ്പത്തിയാറായെങ്കിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കും ചിന്തകളുമെല്ലാം അതുപോലെ സൂക്ഷിക്കുന്ന ആളാണ് ബേബി. അയാൾക്ക് ഒരു പ്രണയമുണ്ട്. ഭർത്താവ് ഉപേക്ഷിച്ചു പോയ സിസിലിയാണ് ബേബിയുടെ കാമുകി. നാട്ടുകാർക്കിടയിലെല്ലാം ഏറെ ചർച്ച വിഷയമായ ആ പ്രണയം അവർ രണ്ട് പേരും നന്നായി ആസ്വാദിക്കുന്നുണ്ട്.

പലപ്പോഴും നിസ്സഹായനായി നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ബേബിയുടെ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട്. ഈ പ്രായത്തിലും ശരീര സൗന്ദര്യം അതുപോലെ സൂക്ഷിക്കുന്ന ആളാണെങ്കിലും ഉള്ളിൽ വളരെ പാവമായ ഒരു കഥാപാത്രമാണ് ബേബി. എത്ര വിഷമം ഉണ്ടെങ്കിലും മകൻ സിബിയോട് തമാശകൾ പറഞ്ഞ് ആസ്വദിച്ചാണ് അയാൾ ജീവിക്കുന്നത്.

മകന്റെ വേഷത്തിൽ എത്തുന്ന സിബിയെ അവതരിപ്പിക്കുന്നത് നടൻ ഷെയ്ൻ നിഗമാണ്. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റിൽ ഒന്ന് ബേബിയും സിബിയും തമ്മിലുള്ള കോമ്പോയാണ്. ഇവർക്കിടയിലെ ഹ്യൂമറും പ്രേക്ഷകർക്കിടയിൽ നല്ല രീതിയിൽ വർക്കാവുന്നുണ്ട്.

മൂന്ന് പ്രണയങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഏറ്റവും കണക്ട് ആയതും ബാബുരാജിന്റെ പ്രേമമായിരുന്നു. വളരെ കണ്ട്രോൾഡായി പ്രേക്ഷകർക്ക് രസിക്കുന്ന വിധത്തിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബാബുരാജിന് സാധിക്കുന്നുണ്ട്. ലിറ്റിൽ ഹാർട്ട്സിന്റെ ഭംഗി കൂട്ടുന്ന ഒരു പ്രധാന ഘടകവും അതുതന്നെയാണ്. മികച്ച സംവിധായകരുടെ കയ്യിൽ ലഭിച്ചാൽ ഇനിയും തിളങ്ങാൻ കഴിയുന്ന ഒരു നടനാണ് ബാബുരാജ്.

Content Highlight: Analysis Of Baburaj’s Performance In Little Hearts Movie

We use cookies to give you the best possible experience. Learn more