അമല പോളിന്റെ വസ്ത്രത്തിൽ വിവാദമുണ്ടാക്കുന്നവർ മാറി നിന്നോളൂ, അഭിനയിച്ചു തകർക്കുകയാണ് താരം
Entertainment
അമല പോളിന്റെ വസ്ത്രത്തിൽ വിവാദമുണ്ടാക്കുന്നവർ മാറി നിന്നോളൂ, അഭിനയിച്ചു തകർക്കുകയാണ് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th July 2024, 6:06 pm

വരാപ്പുഴ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ നടന്ന ലെവല്‍ക്രോസ് സിനിമയുടെ പ്രൊമോഷനില്‍ പങ്കെടുത്ത നടി അമല പോളിനെതിരെ തീവ്ര വലതുപക്ഷ സംഘടനയായ കാസ രംഗത്തെത്തിയിരുന്നു. പരിപാടിക്ക് അമല ധരിച്ച വസ്ത്രത്തെക്കുറിച്ചാണ് കാസ വിമര്‍ശിച്ചത്. താരത്തെ വിളിച്ചത് കോളേജിലെ പരിപാടിക്കാണെന്നും ഡാന്‍സ് ബാര്‍ ഉദ്ഘാടനത്തിനല്ലെന്നും കാസ പോസ്റ്റില്‍ പറഞ്ഞിരുന്നു.

വേദിയില്‍ അമല പോളിനൊപ്പമിരുന്ന വൈദികര്‍ക്ക് സ്വല്പമെങ്കിലും ഉളുപ്പുണ്ടായിരുന്നെങ്കില്‍ എഴുന്നേറ്റ് പോകണമായിരുന്നുവെന്നും നടിയുടെ കുഞ്ഞിന് ആരോ സമ്മാനിച്ച ഫ്രോക്കും ധരിച്ച് ഇത്ര വലിയ പരിപാടിക്ക് വരുമ്പോള്‍ ആ വേദി പങ്കിടാതിരിക്കാന്‍ മാനേജ്‌മെന്റ് ശ്രദ്ധിക്കണമായിരുന്നെന്നും കാസ വിമര്‍ശിച്ചിരുന്നു.

പിന്നീട് ലെവൽ ക്രോസ് എന്ന ചിത്രത്തിന്റെ വാർത്ത സമ്മേളനത്തിൽ അമല വിമർശനങ്ങൾക്കെല്ലാം മറുപടി നൽകിയിരുന്നു. അന്ന് ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു അമല പറഞ്ഞത്.
ഒരുപക്ഷേ ക്യാമറയിൽ തന്നെ കാണിച്ച രീതിയിൽ പ്രശ്നമുണ്ടാവാമെന്നും അത് മറ്റുള്ളവർ എങ്ങനെ കാണുന്നുവെന്നത് തന്റെ കയ്യിൽ അല്ലെന്നും അമല മറുപടിയായി കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ അമലയുടെ വസ്ത്രത്തിന്റെ അളവ് നോക്കി വിമർശിക്കുന്നവർ അവിടെ നിൽക്കട്ടെ, അതൊന്നും കാര്യമാക്കാതെ അഭിനയിച്ച് തകർക്കുകയാണ് അമല പോൾ. ആടുജീവിതം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം അമല നായികയാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ലെവൽ ക്രോസ്. നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സിനിമയിലെ പ്രകടനത്തിലേക്ക് വരുമ്പോൾ ആസിഫിന്റെയും അമല പോളിന്റെയുമെല്ലാം ഗംഭീര പ്രകടനമാണ് കാണാൻ കഴിയുന്നത്.

സംഗീത സംവിധായകൻ രമേശ്‌ നാരായണനുമായി ബന്ധപ്പെട്ട വിഷയത്തിന് ശേഷം വരുന്ന ആസിഫ് അലി ചിത്രം എന്ന തരത്തിലും കാസ വിവാദത്തിന് ശേഷം വരുന്ന അമല പോൾ സിനിമയെന്ന നിലയിലും റിലീസിന് മുമ്പ് തന്നെ ലെവൽ ക്രോസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ എല്ലാ വിമർശകർക്കും തങ്ങളുടെ പ്രകടനത്തിലൂടെ മറുപടി നൽകുകയാണ് അമല പോളും ആസിഫ് അലിയും.

മുമ്പും പലവട്ടം അമല പോൾ സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന താരമാണ് അമല പോൾ. മോഹൻലാൽ, വിജയ് തുടങ്ങിയ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായിട്ടുള്ള അമല പോൾ തന്റെ കഥാപാത്ര തെരഞ്ഞെടുപ്പിൽ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ പ്രണയ കഥ, മിലി, ആടൈ, അമ്മ കണക്ക് തുടങ്ങി മികച്ച വേഷങ്ങൾ അമലയുടേതായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

ലെവൽ ക്രോസിലെ ചേതനി എന്ന കഥാപാത്രവും തീർച്ചയായും പ്രേക്ഷകർ ഓർത്തുവെക്കുന്ന പ്രകടനമായി മാറും. ഇമോഷണൽ രംഗങ്ങളിലെ കയ്യടക്കവും രണ്ട് തലങ്ങളിലുള്ള കഥാപാത്രത്തിന്റെ പ്രകടനവും കാണികളെ പിടിച്ചിരുത്തുന്നുണ്ട്.

വസ്ത്രത്തിന്റെ അളവിലെല്ലാം വിമർശിക്കുന്നവർ ഓർക്കേണ്ട കാര്യം ഒരു നടി എന്ന നിലയിൽ അമല പോൾ അവർക്ക് മറുപടി നൽകിയിരിക്കും. ലെവൽ ക്രോസിലും അത് ആവർത്തിക്കുകയാണ്.

 

Content Highlight: Analysis Of  Amala Paul’s Performance In Level Cross, After Kasa Issue