ഗസ യുദ്ധത്തിലെ റിപ്പോർട്ടിങ്ങിൽ ഫലസ്തീനികൾക്കെതിരെ യു.എസ് മാധ്യമങ്ങൾ പക്ഷപാതം നടത്തി; ഇന്റർസെപ്റ്റ് പഠനം
World News
ഗസ യുദ്ധത്തിലെ റിപ്പോർട്ടിങ്ങിൽ ഫലസ്തീനികൾക്കെതിരെ യു.എസ് മാധ്യമങ്ങൾ പക്ഷപാതം നടത്തി; ഇന്റർസെപ്റ്റ് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th January 2024, 12:44 pm

ന്യൂയോർക്ക്: ഗസയിലെ ഇസ്രഈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത യു.എസ് മാധ്യമങ്ങൾ ഫലസ്തീനികൾക്കെതിരെ നിരന്തരം പക്ഷപാതം കാണിച്ചതായി ദി ഇന്റർസെപ്റ്റിന്റെ കണ്ടെത്തൽ.

അമേരിക്കയിലെ നോൺ പ്രോഫിറ്റ് മാധ്യമ സ്ഥാപനമാണ് ദി ഇന്റർസെപ്റ്റ്.

ദി ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്‌, ലോസ് ആഞ്ചലസ് ടൈംസ് തുടങ്ങിയ മാധ്യമങ്ങളുടെ കവറേജിൽ ഇന്റർസെപ്റ്റ് നടത്തിയ വിശകലനത്തിലാണ് പക്ഷപാതം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.

ഗസയിലെ യുദ്ധത്തെക്കുറിച്ചുള്ള ധാരണകളിൽ വലിയ രീതിയിൽ സ്വാധീനമുണ്ടാക്കുന്ന അച്ചടി മാധ്യമങ്ങൾ, ഗസയിൽ കുട്ടികൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെയുള്ള ഇസ്രഈലിന്റെ ഉപരോധങ്ങളുടെയും ബോംബാക്രമണങ്ങളുടെയും പ്രത്യാഘാതങ്ങൾ അവഗണിക്കുയാണെന്ന് ഇന്റർസെപ്റ്റ് ചൂണ്ടിക്കാട്ടി.

പ്രധാന മാധ്യമങ്ങൾ ഇസ്രഈൽ അനുകൂല സമീപനം പ്രകടിപ്പിക്കുകയാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. മാൻഹട്ടനിലെ ന്യൂയോർക്ക് ടൈംസ് ആസ്ഥാനത്ത് പ്രതിഷേധങ്ങളും നടന്നിരുന്നു. ഈ വാദങ്ങളെ ശരിവെക്കുന്നതാണ് ഇന്റർസെപ്റ്റിന്റെ വിശകലനം.

ഇസ്രഈലികളുടെ മരണങ്ങളിലും പരിക്കുകളിലുമാണ് മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഫലസ്തീനികളുടെ മരണത്തെ അപേക്ഷിച്ച് ഇസ്രഈലികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ യു.എസ് മാധ്യമങ്ങൾ കൂടുതൽ വൈകാരികമായ പ്രയോഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഇന്റർസെപ്റ്റ് കണ്ടെത്തി.

ഒക്ടോബർ ഏഴ് മുതൽ യു.എസിലുണ്ടായ മുസ്‌ലിം വിരുദ്ധ സംഭവങ്ങൾ തീർത്തും അവഗണിച്ചുകൊണ്ട് ആന്റി സെമിറ്റിക് സംഭവങ്ങളിൽ വലിയ രീതിയിലുള്ള കവറേജാണ് മാധ്യമങ്ങൾ നൽകുന്നതെന്നും ഇന്റർസെപ്റ്റ് പറയുന്നു.

Content Highlight: Analysis by The Intercept shows US media’s pro-Israel bias in Gaza war reporting