ഫിക്ഷനെ വെല്ലുന്ന നോൺ ഫിക്ഷൻ, കാടും മനുഷ്യരും തമ്മിലുള്ള മർമ്മരം; ദ എലിഫന്റ് വിസ്പറേഴ്സ്
DISCOURSE
ഫിക്ഷനെ വെല്ലുന്ന നോൺ ഫിക്ഷൻ, കാടും മനുഷ്യരും തമ്മിലുള്ള മർമ്മരം; ദ എലിഫന്റ് വിസ്പറേഴ്സ്
Ameer S
Wednesday, 15th March 2023, 6:34 pm

” In Feature Films The Director Is God; In Documentary Films God Is The Director,’ Alfred Hitchcock

കലാപരമായതോ, സാംസ്കാരികമായ അംശങ്ങളുടെ സാന്നിധ്യമുള്ളതോ , ചരിത്രം തുടിക്കുന്നതോ, അല്ലെങ്കിൽ സാമൂഹ്യ, ശാസ്ത്രീയ, സാമ്പത്തിക മേഖലയിലുള്ളതോ ആയ വിഷയങ്ങളെ സർഗാത്മകതയോടെ അവതരിപ്പിക്കുക. 1941ൽ അക്കാദമി അവാർഡിൽ ഡോക്യുമെന്ററി ഷോർട്ട് ഫിലിം എന്ന പുതിയ വിഭാഗത്തെ ഉൾപ്പെടുത്താൻ അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്ട്സ് ആൻഡ് സയൻസ് മുന്നോട്ട് വെച്ച മാനദണ്ഡങ്ങൾ ഇവയായിരുന്നു.

യഥാതഥമായ സംഭവങ്ങളെ അങ്ങനെത്തന്നെ പകർത്താതെ വേണമെങ്കിൽ അനിമേഷൻ, സ്റ്റോപ്പ്‌ മോഷൻ എന്നിവയൊക്കെ ഉപയോഗിച്ചോ അല്ലെങ്കിൽ ആസൂത്രണം ചെയ്ത ഒരു തിരക്കഥയുടെ തന്നെ സഹായത്തോടെയോ ഷൂട്ട് ചെയ്യാൻ തക്ക സ്വാതന്ത്ര്യമുള്ള വിഭാഗമായ ‘ഡോക്യുമെന്ററി ഷോർട്ട് ഫിലിമിൽ’ ഇത്തവണ പുരസ്‌കാരാർഹമായിരിക്കുന്നത് രഘു, അമ്മു എന്നീ ആനകളുടെയും അവരുടെ പ്രിയപ്പെട്ട രക്ഷിതാക്കളായ ബൊമ്മൻ, ബെല്ലി എന്നീ കാട്ടുനായ്ക്കർ വിഭാഗത്തിൽ പെട്ട ദമ്പതികളുടെയും കഥ പറയുന്ന ‘ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററി ചിത്രമാണ്.

നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യപ്പെട്ട ഈ ഡോക്യുമെന്ററി അഞ്ച് വർഷം സമയമെടുത്താണ് തമിഴ്നാട് സ്വദേശിനിയായ കാർത്തികി ഗോൺസാൽവെസ് സംവിധാനം ചെയ്തത്.

മുതുമലൈ ദേശീയോദ്യാനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ആന സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ തെപ്പക്കാട് എലിഫന്റ് ക്യാമ്പിൽ എത്തപ്പെടുന്ന രഘു എന്ന ആനയുടേയും അതിന്റെ സംരക്ഷകരായി ചുമതലപ്പെടുത്തപ്പെടുന്ന ബൊമ്മനിലൂടെയും ബെല്ലിയിലൂടെയും കഥ തുടങ്ങുന്ന 41 മിനിട്ട് ദൈർഘ്യമുള്ള ഈ കൊച്ചു ചിത്രം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമൂലമായും ഗോത്ര ജനതയുടെ ജീവിതം, ആഗോളതാപനം, കൃത്യമായ ആസൂത്രണത്തിലൂടെയല്ലാതെ നിർമിക്കപ്പെടുന്ന വന നിയമങ്ങൾ, വന മേഖലയിലും പരിസരങ്ങളിലും വർധിക്കുന്ന മനുഷ്യരുടെ കൈ കടത്തലുകൾ മുതലായ ഒട്ടനവധി വിഷയങ്ങളെപറ്റി വേണ്ടത്ര തീക്ഷ്ണതയോടെയും കാണിയുമായി സംവദിക്കുന്നു.

കാർത്തികി ഗോൺസാൽവെസ് ചിത്രീകരണം തുടങ്ങിയതിന് ശേഷവും കഥയും കഥാപരിസരവും വിപുലീകരിക്കപ്പെട്ട ‘ദ എലിഫന്റ് വിസ്പറേഴ്സ്’ യഥാർഥ ജീവിതപരിസരങ്ങൾ ഫിക്ഷനിലേതിനേക്കാൾ എത്രത്തോളം പ്രവചനാതീതവും ആകാംക്ഷാഭരിതവുമാണ് എന്ന തിരിച്ചറിവ് ഉണ്ടാക്കുന്ന ഡോക്യുമെന്ററിയാണ്.

അനാഥനായൊരു ആനക്കുട്ടിയുടെയും അതിനെ സംരക്ഷിക്കാൻ നിയമിതനാവുന്ന ഒരു ഗോത്ര മനുഷ്യന്റെയും ബന്ധത്തെക്കുറിച്ചുള്ള കഥ പറയാനായി ഷൂട്ടിങ്‌ ആരംഭിച്ച ഈ ഡോക്യുമെന്ററിയിലേക്ക് പിന്നീട് രഘുവിനെപ്പോലെ തന്നെ കാട്ടിൽ അനാഥമാകപ്പെട്ട നിലയിൽ കണ്ടെത്തപ്പെട്ട അമ്മു എന്ന മറ്റൊരു ആനക്കുട്ടിയും കൂടിയെത്തി. പിന്നീട് അതിന്റെ ജീവിതവും ശേഷം ഇവരെ സംരക്ഷിക്കാനായി ഏൽപ്പിക്കപ്പെടുന്ന ബൊമ്മനും ബെല്ലിയും തമ്മിൽ വിവാഹിതരാവുന്നതും പിന്നീട് രഘുവുമായുള്ള ബൊമ്മൻ ബെല്ലി ദമ്പതികളുടെ വേർപെടലുമെല്ലാം പിന്നീട് ഡോക്യുമെന്ററിയിൽ കൂട്ടിച്ചേർക്കപ്പെട്ടു.

ചുരുക്കത്തിൽ വിരസമായ, മടുപ്പിക്കുന്ന എന്തോ ഒരു ആർട്ട് ഫോമാണ് ഡോക്യുമെന്ററി എന്ന പൊതുബോധത്തിന് എതിര് നിൽക്കുന്ന, തീർത്തും എൻഗേജിങും കാണിയെ ആഴത്തിൽ സ്പർശിക്കുന്നതുമായ രീതിയിൽ തികച്ചും ഫിക്ഷണലായ ഒരു കലാ സൃഷ്ടിയുടെ സ്വഭാവത്തോടെയാണ് “ദ എലിഫന്റ് വിസ്പറേഴ്സ് മുന്നോട്ട് പോകുന്നത്.

 

സ്വാഭാവികമായി നടക്കുന്ന സംഭവ വികാസങ്ങളെ കാണിയെ പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു എന്നതാണ് ഈ ഡോക്യുമെന്ററിക്ക് ഇത്രത്തോളം ജീവൻ ലഭിക്കാനുള്ള പ്രധാന കാരണം. അതിൽ കാർത്തികി ഗോൺസാൽവെസ് എന്ന സംവിധായികയുടെ പ്രതിഭയും അച്ചടക്കത്തോടെ ഒരു വിഷയത്തെ സമീപിക്കാനും സമർത്ഥമായിത്തന്നെ അതിനെ കൈകാര്യം ചെയ്യാനുള്ള ശേഷിയും എടുത്ത് പറയേണ്ടുന്നതാണ്.

ആനയും മനുഷ്യരുമായുള്ള ബന്ധത്തെക്കുറിച്ചെന്ന് ഒറ്റ വാക്കിൽ പറയാവുന്ന കഥാപരിസരത്തിലേക്ക് കഥ സംഭവിക്കുന്ന ചുറ്റുപാടിനെയും അവിടുത്തെ സാമൂഹ്യ, രാഷ്ട്രീയ പരിതസ്ഥിതികളെയും സമർത്ഥമായി ഉൾച്ചേർക്കാൻ കാർത്തികിക്കും ടീമിനുമായിട്ടുണ്ട്.

2018ൽ പീരിഡ്. എൻഡ് ഓഫ് സെന്റൻസ് (Period. End Of Sentence) എന്ന ഓസ്കാർ പുരസ്കാരത്തിന് അർഹമായ , ഒരേ സമയം പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഡോക്യുമെന്ററിയുടെ പ്രൊഡ്യൂസേഴ്സിൽ ഒരാളും ശൈത്താൻ(2011), ഗാങ്‌സ് ഓഫ് വാസീപ്പൂർ(2012), ലഞ്ച്ബോക്സ് (2013), സൂരറൈ പോട്ര്‌ (2019) തുടങ്ങിയ നിരവധി മികച്ച ഹിന്ദി, മറ്റ് പ്രാദേശിക ഭാഷ ചിത്രങ്ങളുടെ പ്രൊഡ്യൂസേഴ്സ് ടീമിൽ ഉൾപ്പെട്ടയാളുമായ ഗുനീത് മോങ്കയാണ് ഡോക്യുമെന്ററിയുടെ പ്രധാന നിർമാതാക്കളിലൊരാൾ.

അതിനാൽ തന്നെ മനോഹരമായൊരു കുഞ്ഞു കഥയെ അതിന്റെ ഏറ്റവും സത്യസന്ധമായ രൂപത്തിൽ കാണിയിലേക്കെത്തിക്കാൻ കാർത്തികിക്ക് ആവോളം സമയവും സ്വാതന്ത്രവും ലഭിച്ചിരിക്കാൻ തന്നെയാണ് സാധ്യത.

 

 

“ഞങ്ങൾ കാട്ടിൽ നിന്ന് വിഭവങ്ങൾ ശേഖരിച്ച് ജീവിക്കുന്നവരാണ്. ആവശ്യമുള്ളതിൽ കൂടുതൽ ഒന്നും കാട്ടിൽ നിന്ന് ഞങ്ങൾ എടുക്കാറില്ല: ബെല്ലി

 

“അരികുവൽക്കരിക്കപ്പെട്ട ജനതക്ക് പറയാനുള്ളതിനെക്കൂടി കാണിയിലേക്കെത്തിക്കുകയെന്നത് ഈ ഡോക്യുമെന്ററിയുടെ ലക്ഷ്യമാണ്,’ ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയെക്കുറിച്ച് സംവിധായിക കാർത്തികി ഗോൺസാൽവെസിന്റെ അഭിപ്രായമാണിത്.

ആനയുടെ കൊമ്പിൽ നിന്നും കുത്തേറ്റ് മാരകമായ പരിക്ക് പറ്റിയ ബൊമ്മൻ, കടുവയുടെ ആക്രമണത്തിൽ ഭർത്താവ് കൊല്ലപ്പെട്ട ബെല്ലി. രഘു, അമ്മു എന്നീ കുട്ടിയാനകളെ സംരക്ഷിക്കാനായി വനം വകുപ്പ് ഏൽപ്പിക്കുന്നത് വന്യ ജീവികൾ മുഖേനെ ജീവിതത്തിൽ നഷ്ടങ്ങളുണ്ടായ രണ്ട് മനുഷ്യരുടെ പക്കലേക്കാണ്. എന്നാൽ ഈ ആനക്കുട്ടികളെ വളർത്താനായി തങ്ങളുടെ ജീവിതത്തെ തന്നെ മൊത്തത്തിൽ മാറ്റിമറിക്കുകയും, ജീവിത ശൈലിയിലും ബന്ധങ്ങളിലും വരെ വ്യത്യസ്തതകൾ കൊണ്ട് വരികയുമാണ് ബൊമ്മനും ബെല്ലിയും.

രഘുവിനും അമ്മുവിനും വേണ്ടി അവർ വിവാഹം കഴിക്കുന്നു. അങ്ങനെ അനാഥരും തമ്മിൽ ബന്ധങ്ങൾ ഇല്ലാത്തവരുമായ രണ്ട് മനുഷ്യരും രണ്ട് ആനക്കുട്ടികളും നാല് പേർ ചേർന്ന ഒരു കുടുംബം എന്ന രീതിയിലേക്ക് മാറുന്നു.

കാടിനെ പുണ്യഭൂമിയായി കണ്ട് ചെരുപ്പ് ധരിക്കാതെമാത്രം വനത്തിനുള്ളിലൂടെ നടക്കുന്ന ആ മനുഷ്യർ വന ഭൂമിയിലേക്കുള്ള ആധുനിക മനുഷ്യന്റെ കൈകടത്തലുകളെക്കുറിച്ചും, വന്യ ജീവികൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാത്ത തരത്തിൽ സംയമനത്തോടെയും സഹവർത്തിത്വത്തോടെയും ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തങ്ങളുടെ പൂർവികർ മുതൽക്കെ ആനകളോടുള്ള ബന്ധത്തെക്കുറിച്ചും ആവേശപൂർവ്വം സംസാരിക്കുന്നുണ്ട്. തങ്ങൾക്ക് ആവശ്യമുള്ളതിൽ കൂടുതൽ ഒരു തരി മണ്ണ് പോലും കാട്ടിൽനിന്നെടുക്കില്ലെന്ന് ഉറപ്പോടെയും അഭിമാനത്തോടെയും പറയുന്നുണ്ട്.

 

രഘുവിനെ ഫോറസ്റ്റുകാർ ആന വളർത്തൽ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ട് പോകുമ്പോൾ സങ്കടത്തോടെ ‘തങ്ങളുടെ മകനെ അവർ കൊണ്ട് പോയെന്ന്’ കണ്ണീരടക്കാൻ കഴിയാതെ വിതുമ്പുന്നുണ്ട്. ഈ ഗോത്ര മനുഷ്യരുടെ ജീവിതത്തോടും സഹ ജീവികളോടുള്ള ഇടപെടലുകളെക്കുറിച്ചുമുള്ള കാഴ്ചപ്പാടും മനോഭാവവും തന്നെയാണ് ‘ദ എലിഫന്റ്വിസ്പറേഴ്സ്’ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം.


ജീവിതത്തെ രസകരമായി, എന്നാൽ കലർപ്പില്ലാതെ പ്രതിഫലിപ്പിക്കുക എന്ന ഒരു ഡോക്യുമെന്ററി ചിത്രം നിർവഹിക്കേണ്ട ജോലി മനോഹരമായിത്തന്നെ സാക്ഷാത്ക്കരിക്കാൻ കാർത്തികിക്കായിട്ടുണ്ട്.

അതുകൊണ്ട് തന്നെയാകണം ചലച്ചിത്ര ലോകത്തെ മികച്ച ബഹുമതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഓസ്കാർ ‘ദ എലിഫന്റ് വിസ്പറേഴ്സി നെ’ തേടിയെത്തിയതും.

 

Content Highlights:analysis about the elephant whispers documentary