മലയാളത്തിൽ യുവതാരങ്ങൾക്കിടയിൽ വളർന്നുകൊണ്ടിരിക്കുന്ന നടനാണ് ഹക്കിം ഷാജഹാൻ. കടസീല ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഹക്കിം സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.
മലയാളത്തിൽ യുവതാരങ്ങൾക്കിടയിൽ വളർന്നുകൊണ്ടിരിക്കുന്ന നടനാണ് ഹക്കിം ഷാജഹാൻ. കടസീല ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഹക്കിം സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.
എന്നാൽ മലയാളത്തിൽ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഹക്കിം വലിയ രീതിയിൽ സ്വീകാര്യനാവുന്നത് 2022ൽ പുറത്തിറങ്ങിയ പ്രണയ വിലാസം എന്ന ചിത്രത്തിലൂടെയാണ്.
ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു ഹക്കിം പുറത്തെടുത്തത്. ചിത്രത്തിന് പിന്നാലെ ഹക്കിം കേന്ദ്ര കഥാപാത്രമായി എത്തുന്ന കടകൻ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. നവാഗതനായ സജിൻ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുൽഫി എന്ന നായക കഥാപാത്രമായി ഹക്കിം തകർത്താടുമ്പോൾ മലയാളത്തിന് മറ്റൊരു സ്റ്റാർ മെറ്റീരിയലാവാനുള്ള സാധ്യതകൾ കാണുന്നുണ്ട്.
മണൽ കടത്തിനെ കേന്ദ്രീകരിച്ച് കഥ പറയുന്ന കടകൻ ഒരു ഫാമിലി ആക്ഷൻ ചിത്രം കൂടെയാണ്. കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ആർ.ഡി.എക്സിന് ശേഷം ആക്ഷൻ സീനുകൾക്ക് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരുക്കിയ ചിത്രമാണ് കടകൻ. സുൽഫിയുടെ കഥയാണ് കടകൻ.
സുൽഫിയുടെ കുടുംബവും സുഹൃത്തുക്കളും പ്രണയവും ജീവിതവുമെല്ലാം സംസാരിക്കുന്ന ചിത്രം ടെക്നിക്കലി ഏറെ മികച്ചു നിൽക്കുന്നുണ്ട്. ഹക്കിമിനെ പോലൊരു നടനിലെ താരത്തെയും വേണ്ട രീതിയിൽ ഉപയോഗിക്കുന്നുണ്ട് സംവിധായകൻ സജിൽ മമ്പാട്.
ആക്ഷൻ സീനുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ഹക്കിമിന്റെ മെയ്‌വഴക്കവും എടുത്ത് പറയണം. കഥാപാത്രത്തിന് ആവശ്യമായ ശരീരവും മാനറിസവുമെല്ലാം ഹക്കിം സുൽഫിക്കായി നൽകുന്നുണ്ട്.
കടകൻ എന്ന ചിത്രത്തിലെ പ്രധാന പോസിറ്റീവിൽ ഒന്നാണ് ഹക്കിമിന്റെ പ്രകടനം. മറ്റൊരു നടനിൽ നിന്നാണ് ഈ കഥാപാത്രം തന്നെ തേടിയെത്തിയതെന്ന് ഹക്കിം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ അപ്രതീക്ഷിതമായി തേടിയെത്തിയ കഥാപാത്രം ഗംഭീരമായി താരം അവതരിപ്പിച്ച് വെച്ചിട്ടുണ്ട്.
സിനിമയ്ക്ക് ഹൈപ്പ് കൂടാൻ ഒരുപാട് താരങ്ങൾ ഉള്ള മലയാള സിനിമയിൽ വളർന്നുവരുന്ന ഹക്കിം ഷായെ പോലൊരു അഭിനേതാവിനെ പ്രധാന കഥാപാത്രമായി തെരഞ്ഞെടുത്തതിൽ സംവിധായകൻ സജിൽ മമ്പാടും കയ്യടി അർഹിക്കുന്നുണ്ട്.
ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബസൂക്കയെന്ന മമ്മൂട്ടി ചിത്രത്തിലാണ് ഹക്കിം ഷാ അടുത്തതായി അഭിനയിക്കുന്നത്. അവിടെ തന്നെ വ്യക്തമാണ് ഹക്കിമിന്റെ വളർച്ച.
സഹസംവിധായകനായി മലയാള സിനിമയിലേക്ക് എത്തിയ ഹക്കിം ദുൽഖർ സൽമാൻ നായകനായ ചാർളി, എ.ബി.സി.ഡി, ടീച്ചർ, നായാട്ട് തുടങ്ങിയ സിനിമകളിലെല്ലാം ചെറിയ വേഷങ്ങളിൽ അഭിനയിച്ച് ഇന്ന് ദുൽഖർ സൽമാന്റെ തന്നെ വിതരണ കമ്പനിയായ വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഒരു സിനിമയിൽ നായകനായി എത്തുന്നുണ്ടെങ്കിൽ അതൊരു സൂചനയാണ്. മലയാളത്തിലെ മുൻനിര നായക നടൻമാർക്കിടയിലേക്ക് മുന്നേറാൻ ഹക്കിം ഷാക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.
Content Highlight: Analysis About Performance Of Hakkim Sha In Kadakan Movie