|

അതിരപ്പിള്ളിയ്ക്ക് പിന്നാലെ ആനക്കയവും; തകര്‍ക്കപ്പെടുന്നത് വനവും ആദിവാസികളുടെ വനാവകാശവും

ഷഫീഖ് താമരശ്ശേരി

ആനക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി വാഴച്ചാല്‍ വനമേഖലയില്‍ 20 ഏക്കര്‍ നിബിഡവനത്തില്‍ നിന്നും മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ഒരുക്കത്തിലാണ് കേരള സര്‍ക്കാര്‍. അതീവ സംരക്ഷണപ്രാധാന്യമുള്ളതും പറമ്പിക്കുളം വന്യജീവിസങ്കേതത്തിന്റെ ബഫര്‍ സോണില്‍പ്പെട്ടതുമായ ഈ പ്രദേശം കാടര്‍ ആദിവാസികളുടെ സാമൂഹ്യ വനാവകാശത്തിന് കീഴിലുമാണ്. അങ്ങേയറ്റം പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ വനമേഖലയില്‍ നിന്ന് വ്യാപകമായി മരം മുറിക്കുന്നതിനെതിരെയും കാടര്‍ ആദിവാസികളുടെ വനാവകാശത്തെ അട്ടിമറിക്കുന്നതിനെതിരെയും പരിസ്ഥിതി സാമൂഹികരംഗത്തുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ആനക്കയം ജലവൈദ്യുത പദ്ധതി

കേരള ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ നിന്നും പുറത്ത് വരുന്ന വെള്ളം, വീണ്ടും ഒരു ടണലിലൂടെയും ടര്‍ബൈനിലൂടെയും കടത്തിവിട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ലക്ഷ്യമിടുന്നത്.
7.5 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയില്‍ നിന്നും പ്രതിവര്‍ഷം 22.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് വൈദ്യുത ബോര്‍ഡ് അവകാശപ്പെടുന്നത്. പദ്ധതിക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് 2018ല്‍ വൈദ്യുത ബോര്‍ഡ് പറഞ്ഞിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ഷോളയാറില്‍ നിന്നും ആനക്കയത്തേക്ക് 5 കിലോമീറ്റര്‍ നീളത്തില്‍ മലതുരന്ന് തുരങ്കം നിര്‍മിക്കേണ്ടതുമുണ്ട്.

പദ്ധതിയുടെ ഭാഗമായി വാഴച്ചാല്‍ വനം ഡിവിഷനില്‍പ്പെട്ട 20 ഏക്കര്‍ നിബിഡവനത്തില്‍ നിന്നും 70 സെ.മീ. മുതല്‍ 740 സെ.മീ. വരെ ചുറ്റളവ് ഉള്ള 1897 മരങ്ങളും അതിലധികം ചെറു മരങ്ങളും മുറിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. നവംബര്‍ മാസം ആദ്യത്തില്‍ തന്നെ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി മരങ്ങളുടെ സര്‍വേകള്‍ നേരത്തെ തന്നെ നടന്നുകഴിഞ്ഞു.

ആനക്കയത്ത് മുറിക്കാനുള്ള മരങ്ങള്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു

പദ്ധതി വരുന്നത് പ്രകൃതി ദുരന്ത സാധ്യതയുള്ളിടത്ത്

വാഴച്ചാല്‍ വനം ഡിവിഷനിലെ ആനക്കയം വനമേഖല ആനകളും കടുവകളും ഉള്‍പ്പടെയുള്ള സസ്തനികളും മറ്റു വിഭാഗം ജന്തുക്കളും ധാരാളമായി കാണപ്പെടുന്ന സ്ഥലമാണ്. ആനകളുടെയും മത്സ്യങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി ഈ മേഖലകള്‍ വന്യജീവിസങ്കേതമോ ദേശീയോദ്യാനമോ ആക്കിമാറ്റണമെന്ന് നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സസ്, ഇന്ത്യ, ഏഷ്യന്‍ നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നിവ ശുപാര്‍ശ ചെയ്തിട്ടുള്ളതുമാണ്. ഗാഡ്ഗില്‍ കമ്മിറ്റിയും കസ്തൂരിരംഗന്‍ കമ്മിറ്റിയും പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയ പ്രദേശത്താണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

2018ലെ പ്രളയ സമയത്ത് വലിയ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നടന്ന പ്രദേശം കൂടിയാണ് ആനക്കയം. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുന്ന മേഖലകളില്‍ വീടുകള്‍ പോലും നിര്‍മ്മിക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നിട്ടും ആനക്കയം പദ്ധതിയുടെ ഭാഗമായി 3.65 മീറ്റര്‍ വ്യാസവും 5167 മീറ്റര്‍ നീളവുമുള്ള തുരങ്കം സ്‌ഫോടനത്തിലൂടെ പാറ പൊട്ടിച്ച് മല തുരന്ന് നിര്‍മിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

2018 ല്‍ ആനക്കയത്ത് ഉരുള്‍പൊട്ടിയ സ്ഥലം

ആനക്കയം പദ്ധതിയുടെ ഭാഗമായുള്ള പാറ പൊട്ടിക്കലും മല തുരക്കലും ഈ മേഖലയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നും പുതിയ മലയിടിച്ചിലുകള്‍ക്ക് സാധ്യത ഒരുക്കുമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകനായ എസ്.പി രവി ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ദുരന്ത സാധ്യതകള്‍ പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ നിയമം പറയുമ്പോള്‍, ഇവിടെ സര്‍ക്കാര്‍ തന്നെ ദുരന്ത സാധ്യത വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തികള്‍ക്കായി തയ്യാറെടുക്കുകയാണെന്നും ഇത് ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.പി രവി

വന്‍ സാമ്പത്തിക നഷ്ടത്തിനും സാധ്യത

സാധാരണ നിലയില്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് ശരാശരി ഒരു മെഗാവാട്ടിന് 9 മുതല്‍ 10 കോടി രൂപ വരെ ചെലവ് വരുമ്പോള്‍, ഇവിടെ 7.5 മെഗാവാട്ട് പദ്ധതിക്ക് 150 കോടി രൂപയാണ് പദ്ധതി പ്രഖ്യാപനത്തിലുള്ളത്. അതായത് 1 മെഗാവാട്ടിന് 20 കോടി രൂപ. ‘ഉയര്‍ന്ന പദ്ധതി ചെലവ് മൂലം ഇവിടെ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിക്ക് 1 യൂണിറ്റിന് ഏറ്റവും ചുരുങ്ങിയത് 10 രൂപയെങ്കിലും ആകാനാണ് സാധ്യത. വര്‍ഷത്തില്‍ 200 കോടി യൂണിറ്റോളം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന കായംകുളം താപനിലയം വൈദ്യുതിക്ക് യൂണിറ്റിന് ഏഴേകാല്‍ രൂപയാകുന്നു എന്ന കാരണത്താല്‍ നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും പുതിയ പദ്ധതിയ്ക്കായി ശ്രമിക്കുന്നത്” എസ്.പി രവി പറയുന്നു.

‘വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയല്ല ഈ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഷത്തില്‍ ഏകദേശം 2600 കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിന് വേണ്ടത്. ഇതിന്റെ ആയിരത്തില്‍ ഒരംശം പോലും നല്‍കാന്‍ ഈ പദ്ധതിക്ക് സാധിക്കില്ല. സംസ്ഥാനത്തിന് വേണ്ടതിലധികം വൈദ്യുതി ലഭ്യമായതിനാല്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്ന കേന്ദ്ര വിഹിതം പോലും പലപ്പോഴും പൂര്‍ണ്ണമായി നാം എടുക്കാറില്ല. അധിക വൈദ്യുതി നാം അന്യസംസ്ഥാനങ്ങള്‍ക്ക് വില്‍ക്കുകയാണ്. കേരളത്തിലെ മുഴുവന്‍ താപനിലയങ്ങളും അടച്ചിട്ടിട്ടും ഈ സ്ഥിതിയുള്ള കേരളത്തിലാണ് തുച്ഛമായ വൈദ്യുതോല്‍പാദനത്തിന് വേണ്ടി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നത്’ എസ്.പി രവി കൂട്ടിച്ചേര്‍ത്തു.

ഷോളയാര്‍ പവര്‍ ഹൗസ്‌

വാഴച്ചാലില്‍ ആദിവാസകളുടെ വനാവകാശം നിരന്തരമായി അട്ടിമറിക്കപ്പെടുന്നു

വനാശ്രിത സമൂഹങ്ങള്‍ക്ക് അവരുടെ പരമ്പരാഗത ആവാസ ഭൂമിയിലും പ്രകൃതിവിഭവങ്ങളിലും നിയമപരമായ ഉടമസ്ഥത നല്‍കുന്ന 2006 ലെ വനാവകാശനിയമപ്രകാരം, കേരളത്തിലെ പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട കാടര്‍ ആദിവാസികള്‍ സാമൂഹ്യവനാവകാശം നേടിയെടുത്ത പ്രദേശമാണ് അതിരപ്പിള്ളി വാഴച്ചാല്‍ വനമേഖല. ഇന്ത്യയിലെ വനത്തില്‍ ജീവിക്കുന്ന ആദിവാസി സമൂഹങ്ങള്‍ നൂറ്റാണ്ടുകളായി നേരിട്ടു പോന്ന അനീതികള്‍ക്കും വഞ്ചനകള്‍ക്കും ഒരു പരിഹാരമെന്നോണമാണ് നിരവധി സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 2006ല്‍ കേന്ദ്ര വനാവകാശനിയമം നിലവില്‍ വന്നത്.

വനഭൂമിക്കും വനവിഭവങ്ങള്‍ക്കും മേലുള്ള തദ്ദേശീയ ജനതയുടെ അവകാശത്തെയും അധികാരത്തെയും മാനിക്കുന്നതിലൂടെ വനത്തിന്റെ ഉടമസ്ഥത, പരമ്പരാഗത ആദിവാസി സമൂഹങ്ങള്‍ക്ക് നിയമം മൂലം പതിച്ചുനല്‍കുക എന്നതായിരുന്നു വനാവകാശ നിയമം മുന്നോട്ടുവച്ച ആശയം. ഇതുപ്രകാരം വനാവകാശ ഗ്രാമസഭകളുടെ അധികാരപരിധിയില്‍ വരുന്ന വനമേഖലയില്‍ പുതുതായി വരുന്ന ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും പ്രസ്തുത ഗ്രാമസഭകളുടെ അനുമതി നിര്‍ബന്ധമാണ്.

കാടര്‍ ആദിവാസികള്‍

തങ്ങള്‍ അധിവസിക്കുന്ന വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം തദ്ദേശീയരായ ആദിവാസി സമൂഹത്തിന് നല്‍കുന്ന വനാവകാശ നിയമം വഴി കേരളത്തില്‍ ഏറ്റവുമാദ്യം വനത്തിന്‍മേല്‍ അധികാരം നേടിയെടുത്തത് അതിരപ്പിള്ളി വാഴച്ചാല്‍ വനമേഖലയിലെ ഈ കാടര്‍ ആദിവാസികളാണ്. വനാവകാശ നിയമത്തില്‍ പറയുന്നത് പ്രകാരം ഇവിടുത്തെ ഊരുകൂട്ടങ്ങളുടെയെല്ലാം പൊതുവായ സാമൂഹ്യ വനവിഭവമേഖലയായി (കമ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ് -സി.എഫ്.ആര്‍) അംഗീകരിച്ച് നല്‍കിയിട്ടുള്ള പ്രദേശത്താണ് നിലവില്‍ അതിരപ്പിള്ളി പദ്ധതിയും ആനക്കയം പദ്ധതിയുമെല്ലാം വരാന്‍ പോകുന്നത്.

നിയമപ്രകാരം ഈ മേഖലയില്‍ ഏതെങ്കിലും വിധത്തിലുള്ള വികസനപദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ ഊരുകൂട്ടങ്ങളുടെ അനുമതി നിര്‍ബന്ധമാണ്. നേരത്തെ തന്നെ അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ പ്രമേയം പാസ്സാക്കിയ കാടര്‍ ഊരുകൂട്ടങ്ങള്‍ സംയുക്തമായി ഇപ്പോള്‍ ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയ്‌ക്കെതിരെയും പ്രമേയം പാസ്സാക്കിയിട്ടുണ്ട്. വനാവകാശത്തെ നിയമം മൂലം അംഗീകരിക്കാന്‍ ബാധ്യസ്ഥരായ വനംവകുപ്പോ ട്രൈബല്‍ വകുപ്പോ ആദിവാസികളുടെ നിയമപരമായ അവകാശത്തിന് നേരെ മുഖം തിരിക്കുകയാണെന്നാണ് വാഴച്ചാല്‍ ഊരിലെ മൂപ്പത്തിയും ട്രൈബല്‍ ആക്ടിവിസ്റ്റുമായ ഗീത വാഴച്ചാല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

ഗീത വാഴച്ചാല്‍

‘നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ആനക്കയം പദ്ധതിയുടെ ഭാഗമായി മരങ്ങള്‍ മുറിക്കാന്‍ പോകുന്നു എന്ന് പത്രങ്ങളിലൂടെയാണ് ഞങ്ങള്‍ അറിഞ്ഞത്. പദ്ധതിപ്രദേശത്ത് ജീവിക്കുന്ന ആദിവാസികളോട് ഇതിനെക്കുറിച്ച് യാതൊരു കാര്യവും ഒരു സര്‍ക്കാര്‍ ഏജന്‍സിയും അറിയിച്ചിട്ടില്ല. നിയമപരമായി ഞങ്ങള്‍ക്ക് അവകാശപ്പെട്ട സ്ഥലത്ത് ഒരു വികസന പദ്ധതി വരുമ്പോള്‍ ഞങ്ങളുടെ അനുമതി വേണമെന്നിരിക്കെ ഞങ്ങളെ അറിയിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ ഈ നീക്കങ്ങള്‍ നടത്തുന്നത്. വനാവകാശ നിയമം അംഗീകരിച്ച ആദിവാസികളുടെ നിയമപരമായ അവകാശങ്ങളെ ധിക്കരിക്കുന്ന സമീപനമാണ് കേരള സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഉണ്ടായിരിക്കുന്നത്. കാടുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആദിവാസി സമൂഹങ്ങള്‍ തങ്ങളുടെ പരമ്പരാഗതമായ ജീവിതമാര്‍ഗങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് തടയാനായി രൂപപ്പെടുത്തിയ നിയമം ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണ്. കാടിനെ ആശ്രയിച്ച് ജീവിച്ചുവരുന്ന ഞങ്ങളുടെ സമൂഹം പരമ്പരാഗതമായി വനവിഭവശേഖരണത്തിനും മറ്റും പോയിക്കൊണ്ടിരിക്കുന്ന വനമേഖലയാണ് ഇപ്പോള്‍ വികസനത്തിന്റെ പേരില്‍ മുറിച്ചുമാറ്റപ്പെടാന്‍ പോകുന്നത്. ഒരു കാരണവശാലും ഞങ്ങള്‍ ഇത് അംഗീകരിക്കില്ല.’ ഗീത വാഴച്ചാല്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ അഞ്ച് ഡാമുകളുടെയും രണ്ട് കനാല്‍ പദ്ധതികളുടെയും നിര്‍മ്മാണം ചാലക്കുടിപ്പുഴയുടെ തീരത്തെ വാഴച്ചാല്‍ വനമേഖലയില്‍ നടന്നു കഴിഞ്ഞു. ഇവയെല്ലാം ബാധിച്ചതും ഇപ്പോഴും ബാധിച്ചുകൊണ്ടിരിക്കുന്നതും കാടര്‍ ആദിവാസികളെയാണ്. ഏറെ വിവാദങ്ങളുയര്‍ന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും ചെറുകിട ജലവൈദ്യുത പദ്ധതിയായ ആനക്കയം പദ്ധതിയും ഇടമലയാര്‍ കനാല്‍ നിര്‍മ്മാണവുമാണ് വീണ്ടുമിവരെ ബാധിക്കാന്‍ പോകുന്നത്.

മുന്‍ നൂറ്റാണ്ടുകളില്‍ ആനമല-പറമ്പിക്കുളം മലിനരകളില്‍ അധിവസിച്ചിരുന്ന കാടര്‍ ആദിവാസികള്‍ പില്‍ക്കാലത്ത് വന്ന നിരവധി വികസനപദ്ധതികളുടെ ഭാഗമായി ഇതിനകം നിരവധി തവണ കുടിയൊഴിപ്പിക്കപ്പെട്ടതാണ്. ചാലക്കുടിപ്പുഴയില്‍ പലകാലങ്ങളിലായി നിര്‍മിക്കപ്പെട്ട പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം, തമിഴ്നാട് ഷോളയാര്‍, കേരള ഷോളയാര്‍, പെരിങ്ങല്‍കുത്ത് എന്നീ ഡാമുകളുടെയും ചാലക്കുടി റിവര്‍ ഡൈവേഴ്ഷന്‍ സ്‌കീം, ഇടമലയാര്‍ ഓഗ്മെന്റേഷന്‍ സ്‌കീം, പറമ്പിക്കുളം-ആളിയാര്‍ ഇന്റര്‍ബേസിന്‍ റിവര്‍ലിങ്ക് പ്രൊജക്ട് (പി.എ.പി) എന്നീ പദ്ധതികളുടെയുമെല്ലാം ഭാഗമായി പല തവണ കുടിയൊഴിപ്പിക്കപ്പെടുകയും പുനരധിവസിക്കപ്പെടുകയും ചെയ്തതിന് ശേഷമാണ് വാഴച്ചാല്‍ മേഖലയിലെ കാടര്‍ കോളനികള്‍ ഇന്നത്തെ സ്ഥലത്തെത്തിച്ചേര്‍ന്നത്. അതിരപ്പിള്ളി, ആനക്കയം പോലുള്ള പദ്ധതികള്‍ വീണ്ടും വരുമ്പോള്‍ ഇനിയും കുടിയൊഴിപ്പിക്കപ്പെടുമോയെന്നതിലുള്ള ആശങ്കയാണ് തങ്ങള്‍ക്കുള്ളതെന്നും ഗീത വാഴച്ചാല്‍ പറഞ്ഞു.

കാടര്‍ ആദിവാസികളുടെ സവിശേഷത

കേരള-തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ആനമലയുടെ വിവിധ ഭാഗങ്ങളിലായാണ് കാടര്‍ ആദിവാസികള്‍ പ്രധാനമായും അധിവസിച്ചുവരുന്നത്. കേരളത്തില്‍ ഇന്ന് അവശേഷിക്കുന്ന അഞ്ച് പ്രാക്തന ആദിവാസി ഗോത്രവിഭാഗങ്ങളിലൊന്നാണ് കാടര്‍.

നെല്ലിയാമ്പതി, പറമ്പിക്കുളം, മലക്കപ്പാറ, വാഴച്ചാല്‍ മേഖലകളിലായി ഇരുപതോളം ഊരുകള്‍ കാടരുടേതായുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലവശേഷിക്കുന്ന 26,273 പ്രാക്തന ആദിവാസികളില്‍ കേവലം 2949 മാത്രമാണ് കാടരുടെ അംഗസംഖ്യ. തമിഴുമായി ബന്ധമുള്ള കാടര്‍ ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.

കാടര്‍ ആദിവാസികള്‍

കൃഷിയോ, സ്ഥിരവാസസ്ഥലങ്ങളോ ഇല്ലാതെ തന്നെ കാടിനകത്ത് പരമ്പരാഗതമായി അലഞ്ഞ് ജീവിച്ചിരുന്ന കാടര്‍, പിന്നീട് ഊരുകളായി താമസമാരംഭിച്ചു. കാട്ടില്‍ നിന്ന് മരമല്ലാത്ത വനവിഭവങ്ങള്‍ ശേഖരിച്ചും മീന്‍ പിടിച്ചുമായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. തേന്‍, തെള്ളി, ഏലം, ചീവയ്ക്ക, നെലിയ്ക്ക, മഞ്ഞക്കൂവ എന്നിവയാണ് ഇന്ന് ഇവര്‍ പ്രധാനമായും ശേഖരിക്കുന്ന വനവിഭവങ്ങള്‍. ഇവ സൊസൈറ്റികളിലും വനംവകുപ്പിന്റെ വി.എസ്.എസ് പോലുള്ള സംവിധാനങ്ങളിലും വില്‍ക്കുന്നത് വഴി ലഭിക്കുന്ന തുക മാത്രമാണ് കാടരുടെ ജീവിത വരുമാനം.

സാമൂഹിക വനാവകാശവും വാഴച്ചാലും

2006 ലെ വനാവകാശ നിയമപ്രകാരം രണ്ട് തരത്തിലാണ് ആദിവാസികള്‍ക്ക് വനാവകാശം നല്‍കുന്നത്. വ്യക്തിഗത വനാവകാശവും സാമൂഹിക വനാവകാശവും. ഓരോ ആദിവാസികുടുംബത്തിനും താമസിക്കാനായി അനുവദിച്ചുനല്‍കുന്ന സ്ഥലത്തിന് വ്യക്തിഗത അവകാശവും പൊതുവിലുള്ള ഭൂമിക്ക് സാമൂഹിക അവകാശവുമാണ് നല്‍കുക.

വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനില്‍ വരുന്ന മലക്കപ്പാറ ചെക്ക്‌പോസ്റ്റ് മുതല്‍ അതിരപ്പിള്ളിയ്ക്ക് താഴെ കണ്ണന്‍കുഴി തോട് വരെ വരുന്ന മേഖല ഇവിടുത്തെ ഒമ്പത് ഊരുകളുടെ സംയുക്ത സാമൂഹിക വനവിഭവമേഖലയാണ്. കാടര്‍ ആദിവാസി ഊരുകളായ വാഴച്ചാല്‍, പൊകലപ്പാറ, പെരിങ്ങല്‍ക്കുത്ത്, മുക്കംപുഴ, വാച്ചുമരം, ആനക്കയം, ഷോളയാര്‍, പെരുമ്പാറ തുടങ്ങിയവയും മലയ ആദിവാസി ഊരുകളായ തവളക്കുഴിപ്പാറ, വാച്ചുമരം(മലയ) എന്നിവയാണ് ഇതില്‍ പെടുന്നത്.

കാടര്‍ ആദിവാസികള്‍

സാമൂഹിക വനാവകാശത്തിലൂടെ ഉദ്ദേശിക്കുന്നത് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനുള്ള അവകാശമല്ല മറിച്ച് കാടും വിഭവങ്ങളും സംരക്ഷിക്കുന്നതിനുള്ള അവകാശമാണിത്. സാമൂഹിക വനവിഭവ മേഖലയില്‍ പുതുതായി എന്ത് വരണമെന്ന് തീരുമാനിക്കേണ്ടത് സ്ഥലത്തെ ഊരുകൂട്ടമാണ്. വനം സംരക്ഷിക്കുന്നതിന് വനം വകുപ്പിനുള്ള അതേ അധികാരമാണ് ഇപ്പോള്‍ ഊരുകൂട്ടങ്ങള്‍ക്കുമുള്ളത്. വനാവകാശ നിയമപ്രകാരമുള്ള സാമൂഹിക അവകാശങ്ങള്‍ ലഭിച്ച മേഖലയില്‍ ഊരുകൂട്ടങ്ങളുടെ കൂടി പങ്കാളിത്തത്തോടെ ഭരണം നടത്തുന്നതിനാണ് നിയമപരമായി വനംവകുപ്പ് ശ്രമിക്കേണ്ടത്.

എന്നാല്‍ വനം വകുപ്പ് ഇപ്പോഴും ആദിവാസികളുടെ അവകാശത്തെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നാണ് ഈ തുടര്‍സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഊരുകൂട്ടങ്ങള്‍ അവര്‍ക്കനുവദിച്ച് കിട്ടിയ സാമൂഹിക വനവിഭവ മേഖലയുടെ സംരക്ഷണം എങ്ങിനെ വേണമെന്ന ഒരു പ്ലാന്‍ തയ്യാറാക്കണമെന്നും വനം വകുപ്പ് തങ്ങളുടെ പ്രവര്‍ത്തന പദ്ധതികളുമായി ഇത് കൂട്ടിച്ചേര്‍ക്കുകയും വേണമെന്ന് വനാവകാശനിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതുപക്ഷേ വനംവകുപ്പ് ഒരു തരത്തിലും പരിണിച്ചിട്ടില്ല.

സാമൂഹിക അവകാശം ആദിവാസികള്‍ക്ക് പതിച്ചുനല്‍കപ്പെട്ട ഈ മേഖലയില്‍ തുടര്‍ച്ചയായി പദ്ധതികള്‍ വരുമ്പോഴും ആദിവാസികളെ അറിയിക്കുന്നില്ല എന്ന ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്.

തുടരെ തുടരെ പദ്ധതികള്‍

ചാലക്കുടിപ്പുഴയിലെ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് ഏകദേശം 400 മീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരത്തിലും 311 മീറ്റര്‍ നീളത്തിലും അണകെട്ടി 163 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്നതാണ് അതിരപ്പിള്ളി പദ്ധതി. വാഴച്ചാല്‍, പൊകലപ്പാറ എന്നീ ഊരുകളിലെ 60 കുടുംബങ്ങളാണ് പദ്ധതി വരുന്നതോടുകൂടി കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നത്. ഈ അറുപത് കുടുംബങ്ങളിലെ 320 ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ”ഡാം വേണമോ വേണ്ടയോ” എന്ന ചോദ്യത്തിന് 316 പേരും വേണ്ട എന്ന് പറഞ്ഞതായി ഡോ.സിനിത സേവിയര്‍, ഡോ.സി.സി ബാബു എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

ഇടമലയാര്‍ ഓഗ്മെന്റേഷന്‍ സ്‌കീമിന്റെ ഭാഗമായി ഷോളയാര്‍ ഡാമില്‍ നിന്നും ഇടമലയാര്‍ ഡാമിലേക്ക് കെ.എസ്.ഇ.ബി ഒരു കനാല്‍ നിര്‍മ്മിക്കുന്നുണ്ട്. വേഴാമ്പല്‍ കൂടുകൂട്ടുന്ന മരങ്ങളുള്ള സമ്പന്നമഴക്കാടുകളാണ് ഇത്. എന്നിട്ടും മരം മുറിച്ച് കനാലുകള്‍ നിര്‍മ്മിക്കാന്‍ വനംവകുപ്പ് അനുമതി കൊടുത്തു. ഷോളയാര്‍ കോളനിയിലെ കാടര്‍ ആദിവാസികളും ഇതിന്റെ പേരില്‍ ഒഴിപ്പിക്കപ്പെടുമെന്നാണ് ഉയരുന്ന ആശങ്ക.

ഷോളയാര്‍ പവര്‍ ഹൗസില്‍ നിന്നും ഉത്പാദനം കഴിഞ്ഞ് വരുന്ന വെള്ളത്തെ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന ടണലുകളിലൂടെ നാലര കിലോമീറ്റര്‍ അപ്പുറത്തുള്ള ആനക്കയത്തെത്തിച്ച് 7.5 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് ആനക്കയം പദ്ധതി ലക്ഷ്യമിടുന്നത്. ആനക്കയത്തെ കാടര്‍ കോളനിയെ ഇത് ബാധിക്കുമോ ഇല്ലയോ എന്നതിന് കൃത്യമായ വിശദീകരണം ഇതുവരെ കെ.എസ്.ഇ.ബി യോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ നല്‍കിയിട്ടില്ല.

‘ചെറുകിട ജല വൈദ്യുത പദ്ധതികളെല്ലാം തന്നെ നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് വീണ്ടും വന്‍ സാമ്പത്തിക ചിലവുകളുള്ള പദ്ധതികളുമായി വരുന്നത് കെ.എസ്.ഇ.ബി യിലെ ഉദ്യോഗസ്ഥരുടെ സ്ഥാപിത താത്പര്യങ്ങള്‍ മൂലമാണ്. നിലവില്‍ ചെറുകിട ജല വൈദ്യുത പദ്ധതികള്‍ക്ക് വനംവകുപ്പിന്റെ അനുമതി മാത്രം മതിയെന്നതാണ് നിയമം. പാരിസ്ഥിതികാഘാത പഠനങ്ങള്‍ ഇവയ്ക്ക് വേണ്ടി നടത്തേണ്ടതില്ല. പക്ഷേ, പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണില്‍ വരുന്ന, വന്യജീവകള്‍ ധാരാളമായി വിഹരിക്കുന്ന ഇത്തരമൊരു പ്രദേശത്ത് യാതൊരു പാരിസ്ഥിതികാഘാത പഠനവും നടത്താതെ പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നത് യുക്തിരഹിതമാണ്.’ എസ്.പി രവി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Content Highlight: Anakkayam project destroying forest and forest rights

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍