തെലുങ്കിൽ അഭിനയിക്കാൻ അത്ര പേടിയില്ല, എന്നാൽ മലയാളം പേടിയുണ്ട് : അനഘ റെയ്‌ച്ചൽ
Entertainment
തെലുങ്കിൽ അഭിനയിക്കാൻ അത്ര പേടിയില്ല, എന്നാൽ മലയാളം പേടിയുണ്ട് : അനഘ റെയ്‌ച്ചൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th May 2023, 2:23 pm

തെലുങ്ക് ചിത്രങ്ങൾ ചെയ്യാൻ അത്രക്ക് പേടിയില്ലെന്നും മലയാള സിനിമ ചെയ്യാൻ തനിക്ക് ചെറിയ പേടിയുണ്ടെന്നും നടി അനഘ. ബന്ധുക്കളൊക്കെ തന്നെ ജഡ്ജ് ചെയ്യും എന്ന പേടിയുള്ളതുകൊണ്ടാണ് തനിക്ക് മലയാളത്തിൽ അഭിനയിക്കാൻ പേടിയെന്ന് താരം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ്‌ ഐസിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ അഭിപ്രായം പറഞ്ഞത്.

‘എനിക്ക് കുറച്ചുകൂടി പേടിയാണ് മലയാള സിനിമ ചെയ്യാൻ. കാരണം എന്നെ അറിയുന്ന ആളുകൾ ഉണ്ട്, റിലേറ്റീവ്സ് ഒക്കെ എന്നെ ജഡ്ജ് ചെയ്യും. അഭിനയം ശരിയായില്ലെങ്കിൽ കണ്ടുപിടിക്കും. കാരണം അവർ മലയാളം സിനിമയാണല്ലോ കൂടുതൽ കാണുന്നത്. തെലുങ്ക് ചെയ്യുമ്പോൾ ആ പേടി തോന്നിയിട്ടില്ല,’ നടി പറഞ്ഞു.

സംവിധായകൻ അമൽ നീരദ് വളരെ പ്രൊഫഷണൽ ആണെന്നും ജോലിയിൽ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ആളാണെന്നും താരം പറഞ്ഞു.

‘അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് കഴിഞ്ഞു എന്നുള്ളത് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം വളരെ പ്രൊഫഷണൽ ആണ്. ജോലിയോട് നല്ല ഡെഡിക്കേഷനും ഉണ്ട്.

ഒരു മനുഷ്യൻ എന്ന നിലയിൽ വളരെ നല്ലയാളാണ്. എല്ലാവരേയും ഒരുപോലെയാണ് കാണുന്നത്. ജൂനിയർ ആർട്ടിസ്റ്റ് മുതൽ വലിയ താരങ്ങൾവരെയുള്ളവർക്ക് തുല്യമായ ബഹുമാനമാണ് അദ്ദേഹം നൽകുന്നത്.
ജോലി സംബന്ധമായതും അല്ലാതെയും കുറെ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാനായി,’ അനഘ പറഞ്ഞു.

നടൻ മമ്മൂട്ടിയുടെ കൂടെയുള്ള അഭിനയ മുഹൂർത്തങ്ങൾ വളരെ അവിസ്മരണീയം ആയിരുന്നെന്നും നടി കൂട്ടിച്ചേർത്തു.

‘മമ്മൂക്കയോടൊപ്പമുള്ളതെല്ലാം നല്ല ഓർമ്മകളാണ്. അദ്ദേഹത്തോട് സംസാരിച്ചില്ലെങ്കിലും അഭിനയിക്കുന്നത് നോക്കി നിൽക്കുന്നതൊക്കെ നല്ലൊരു മെമ്മറിയാണ്.

ആദ്യമായിട്ട് കണ്ടപ്പോൾ അദ്ദേഹത്തോട് എന്ത് സംസാരിക്കും എന്നറിയില്ലായിരുന്നു. അതുകൊണ്ട് ഞാൻ ചോദിച്ചു മമ്മൂക്ക അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമേതെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു എന്തെങ്കിലും ചോദിക്കേണ്ടേയെന്നോർത്തല്ലേ അനഘ ഇപ്പോൾ ഈ ചോദ്യം ചോദിച്ചെയെന്ന്. പിന്നെ ഞാൻ കൂടുതൽ ഒന്നും ചോദിയ്ക്കാൻ നിന്നില്ല (ചിരിച്ചുകൊണ്ട്).

മമ്മൂക്കയോട് സംസാരിക്കുമ്പോൾ നമ്മൾ വളരെ സൂക്ഷിച്ച്‌ വേണം സംസാരിക്കാൻ. അദ്ദേഹത്തിന്റെ കയ്യിൽ ഉരുളക്കുപ്പേരി പോലെ മറുപടിയുണ്ട്.
ഞാനും മമ്മൂക്കയുമായി ഒരു കോമ്പിനേഷൻ സീൻ ഉണ്ട്. അതും മെമ്മറബിൾ ആണ്,’ അനഘ പറഞ്ഞു.

Content Highlights: Anakha on malayalam film industry