| Thursday, 6th April 2023, 9:30 am

ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത;ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാന്‍ പശ്ചിമഘട്ട സംരക്ഷണ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-മേപ്പാടി റോഡ് പദ്ധതിക്കെതിരെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ സമീപിക്കാനൊരുങ്ങി പശ്ചിമഘട്ട സംരക്ഷണ സമിതി.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിവേദനം നല്‍കും.

ആനക്കാംപൊയില്‍-മേപ്പാടി റോഡ് പദ്ധതിയില്‍ തുരങ്കപാത കൂടി ഉള്‍പ്പെടുന്നുണ്ട്. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ സ്വര്‍ഗംകുന്ന് മുതല്‍ മേപ്പാടി പഞ്ചായത്തിലെ കള്ളാടി വരെ നീളുന്നതാണ് തുരങ്കപാത. സമുദ്രനിരപ്പില്‍ നിന്ന് 52 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്വര്‍ഗംകുന്നിനെയും 784 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കള്ളാടിയെയും ബന്ധിപ്പിച്ച് തുരങ്കപാത നിര്‍മിക്കുന്നതിലെ യുക്തിയെയാണ് പശ്ചിമഘട്ട സംരക്ഷണ സമിതി ചോദ്യം ചെയ്യുന്നത്.

പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടിയാണ് തുരങ്കം നിര്‍മിക്കുന്നതെന്നും പാരിസ്ഥിതികാഘാത പഠനം നടത്താതെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി നേടാതെയുമാണ് പദ്ധതിയുടെ ലോഞ്ചിങ് സര്‍ക്കാര്‍ നടത്തിയതെന്നുമാണ് സമിതി പറയുന്നത്.

അടുത്ത കാലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ സംഭവിച്ച കവളപ്പാറ, പുത്തുമല, മൂണ്ടക്കൈ, പാതാര്‍ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലത്താണ് തുരങ്കപാതക്കായി മല തുരക്കേണ്ടി വരുന്നതെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ ജലസുരക്ഷയെയും കാര്‍ഷിക ജീവിതത്തെയും ദോഷകരമായി ബാധിക്കുമെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കുന്നു.

തുരങ്കപാതയുമായി ബന്ധപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതി കല്‍പ്പറ്റയിലെ എം.ജി.ടി ഹാളില്‍ വെച്ച് ഏപ്രില്‍ 16ന് ജനകീയ ചര്‍ച്ച നടത്തുമെന്നും, ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാകും നിവേദനം തയ്യാറാക്കുകയെന്നും സമിതി ഭാരവാഹികളായ വര്‍ഗീസ് വട്ടേക്കാട്ടില്‍, എ.എന്‍ സലിംകുമാര്‍, പി.ജി മോഹന്‍ദാസ് എന്നിവര്‍ പറഞ്ഞു. ഏപ്രില്‍ 22ന് ദല്‍ഹിയിലെത്തി നിവേദനം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2021ലാണ് ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാതയുടെ അലൈന്‍മെന്റിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി ഇതുമാറും.

Content Highlights: Anakampoil-Meppadi tunnel; Western Ghats Conservation Committee to approach NDMA

We use cookies to give you the best possible experience. Learn more