ആനക്കയം; ആദിവാസി സ്വയം നിര്‍ണയാവകാശത്തെ ചോദ്യം ചെയ്യുന്ന ഭരണകൂടങ്ങള്‍
Tribal Issues
ആനക്കയം; ആദിവാസി സ്വയം നിര്‍ണയാവകാശത്തെ ചോദ്യം ചെയ്യുന്ന ഭരണകൂടങ്ങള്‍

തൃശൂര്‍ ജില്ലയിലെ വാഴച്ചാല്‍ വനം ഡിവിഷനിലെ നിര്‍ദിഷ്ട ആനക്കയം ജലവൈദ്യുത പദ്ധതി മുന്നോട്ട് പോകുന്നത് തന്നെ ആദിവാസി ഗ്രാമ സഭകളുടെ സ്വയം നിര്‍ണയാവകാശത്തെ വെല്ലുവിളിച്ചുകൊണ്ടാണ്. കേരളത്തില്‍ ആദ്യമായി സാമൂഹിക വനവകാശം നടപ്പിലാക്കിയ മേഖലയാണ് വാഴച്ചാല്‍. ആ പദ്ധതിയുടെ ഭാഗമായിരുന്നതിനാല്‍ തന്നെ അവിടെയുള്ള 8 കാടര്‍ (PVTG) ഊരുകളും ഒരു മലയര്‍ ഊരും ഉള്‍പ്പെടുന്ന നാല്പതിനായിരം ഹെക്ടര്‍ വരുന്ന വനമേഖല അവരുടെ സംയുക്ത CFR (കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്‌സ്) മേഖലയായി അംഗീകരിക്കപ്പെട്ടതാണ്. ആയതിനാല്‍ പ്രത്യക്ഷത്തില്‍ ആനക്കയം പദ്ധതി ബാധിക്കുന്ന രണ്ട് ഊരുകളുടെ (ആനക്കയം, ഷോളയാര്‍) മാത്രമല്ല മൊത്തം 9 വനാവകാശ ഗ്രാമസഭകളുടെ അംഗീകാരം, വനം വനമല്ലാതാക്കിമാറ്റുന്ന ഏതൊരു പദ്ധതിക്കും അനിവാര്യമാണ്.

വനാവകാശ നിയമപ്രകാരം ഗ്രാമസഭകളുടെ അനുവാദം, വനാവകാശത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കല്‍ എന്നിവയ്ക്കുശേഷം സ്ഥായിയായ ജീവസന്ധാരണ മാര്‍ഗങ്ങള്‍ ഉറപ്പുവരുത്തി, വീടും താമസസൗകര്യങ്ങളും സജ്ജമാക്കിയതിന് ശേഷം മാത്രമേ ഗോത്രജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ പാടുള്ളൂ. വാഴച്ചാല്‍ മേഖലയില്‍ ആദിവാസികളുടെ വ്യക്തിഗത വനവകാശം(IFR) പൂര്‍ണമല്ല, വീടിരിക്കുന്ന സ്ഥലം മാത്രമാണ് വനാവകാശ പട്ടയം നല്‍കിയിരിക്കുന്നത്. കൃത്യമായ രേഖകളുള്ള കൃഷിഭൂമിക്ക് പോലും വ്യക്തിഗത വനവകാശം നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ വനാവകാശ നിര്‍ണയ പ്രക്രിയ പൂര്‍ണമല്ല. ഗ്രാമസഭകളുടെ അനുവാദം തേടിയിട്ടുപോലുമില്ല.

കേരളത്തില്‍ ഇത്തരത്തിലുള്ള ഭരണകൂട പ്രവണതകള്‍ ആദ്യമായല്ല. 2012 മുതല്‍ വയനാട് വന്യജീവി സങ്കേതത്തില്‍ നടക്കുന്ന സന്നദ്ധ കുടിയിറക്കല്‍ ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. സര്‍ക്കാരിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്(CAG) തന്നെ വയനാട്ടില്‍ നടക്കുന്നത് വനാവകാശ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ചൂണ്ടിക്കണിച്ചിട്ടുണ്ട്. 2020ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവില്‍ എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വനാവകാശം റദ്ദ് ചെയ്തുകൊണ്ട് പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഗോത്ര ഭൂമിയെയും വനഭൂമിയെയും അട്ടിമറിക്കുന്നതും വനസംരക്ഷണ നിയമം 1980, വനാവകാശനിയമം 2006 എന്നിവയുടെ നഗ്‌നമായ ലംഘനവുമാണിത്. ആദിവാസി ഭൂമിയും വനഭൂമിയും അന്യാധീനപ്പെടുത്താന്‍ കേരളത്തില്‍ നടന്ന നിയമലംഘനങ്ങളുടെ ചരിത്രപരമായ ആവര്‍ത്തനമാണ് ഇതെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

വനാവകാശ നിയമം വന്നതിന് ശേഷം ആദിവാസി മേഖലകളില്‍ തടിയേതര വന വിഭങ്ങള്‍(NTFP) വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങള്‍ സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കെതിരെ കേസെടുത്തതും വയനാട്ടില്‍ തേന്‍ വില്‍പ്പന തടസ്സപ്പെടുത്തുന്നതുമെല്ലാം ഇതില്‍ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. വയനാട്ടിലെ ഇത്തരം പ്രശ്‌നങ്ങളെ തുടര്‍ന്ന് അന്നത്തെ സബ് കളക്ടര്‍ ഒരുത്തരവിലൂടെ ഇത്തരം NTFPകളുടെ വിപണനത്തിനുള്ള എല്ലാ അവകാശങ്ങളും അതാത് ഗ്രാമസഭകളില്‍ നിക്ഷിപ്തമാണ് എന്ന് പറഞ്ഞിരുന്നു.

തുടര്‍ന്ന് തേന്‍ വില്‍ക്കാന്‍ പോകുന്ന ആദിവാസികളും മുത്തങ്ങ- ബത്തേരി വഴി ഓടുന്ന ബസ്സുകളും ഈ ഓര്‍ഡറിന്റെ പകര്‍പ്പ് കയ്യില്‍ സൂക്ഷിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ ഗ്രാമങ്ങളില്‍ വനാവകാശ നിയമത്തിന്റെ വകുപ്പുകള്‍ ചുമരില്‍ എഴുതി വെക്കുന്ന രീതിയാണ് ഇത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്. വനാവകാശ നിയമവുമായി ബന്ധപ്പെട്ട ഒരുപാട് കേസുകള്‍ രാജ്യത്തെ പല കോടതികളിലും നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന്, കാണി ആദിവാസികള്‍ അവരുടെ വ്യക്തിഗത അവകാശമുള്ള ഭൂമിയിലെ തടി ഉപയോഗവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കൊടുത്ത കേസ്.

വനാവകാശ നിയമം വന്നത് മുതല്‍ തന്നെ പല രീതിയിലും അതിനെ ദുര്‍ബലപ്പെടുത്താനും ഗ്രാമ സഭാ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അതില്‍ ഏറ്റവും പുതിയത് 2019ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച, വ്യക്തിഗത അവകാശങ്ങള്‍ തള്ളി പോയ 10 ലക്ഷം കുടുംബങ്ങള്‍ കാടിന് പുറത്തു പോകണം എന്ന വിധിയാണ്. അനധികൃതമായി കാടുകളില്‍ താമസിക്കുന്ന ആദിവാസികളെ പുറത്താക്കണം എന്നു പറഞ്ഞുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകരും വനപാലകരും അടങ്ങുന്ന ഒരുകൂട്ടം ഫയല്‍ ചെയ്ത കേസിലായിരുന്നു വിധി.

ഇതിനെ തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ആദിവാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നു. പിന്നീട് സുപ്രീം കോടതി തന്നെ ഈ വിധിയില്‍മേല്‍ സ്റ്റേ കൊണ്ട് വരികയും തള്ളിപ്പോയ ക്ലെയിംസ് പുനഃപരിശോധിക്കണം എന്നും എന്തുകൊണ്ട് തള്ളി കളഞ്ഞു എന്ന് വ്യക്തമാക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

കൊളോണിയല്‍ കാലത്തും അതിനെ തുടര്‍ന്നും ഉണ്ടായ പോളിസികളും നിയമങ്ങളും ആദിവാസികളെ തുടര്‍ച്ചയായി അവരുടെ വിഭവങ്ങളില്‍ നിന്നും അകറ്റിക്കൊണ്ടേയിരുന്നു. എല്ലാ കാലത്തും ദേശീയ താല്പര്യങ്ങളുടെ പേരില്‍ ബലി കഴിക്കപ്പെട്ടത് വിഭവങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നവര്‍ തന്നെ ആയിരുന്നു. 1990 കളോടെ ഇന്ത്യയുടെ സാമ്പത്തിക നയങ്ങളില്‍ വന്ന മാറ്റം അന്താരാഷ്ട്ര ഭീമന്മാരെ ഇന്ത്യയുടെ മണ്ണിലേക്ക് സ്വീകരിച്ചു. കാടുകള്‍ കൊള്ളയടിക്കാന്‍ ഭരണകൂടം കൂട്ട് നിന്നു.

2002 ലെ സുപ്രീം കോടതി വിധിയും അതിനെ തുടര്‍ന്ന് കാടുകളില്‍ നിന്നുണ്ടായ കുടിയൊഴിപ്പിക്കലും അതിനെതിരെ നടന്ന പ്രക്ഷോഭങ്ങളും നയിച്ചത് വനാവകാശ നിയമത്തിന്റെ നിര്‍മ്മാണത്തിലേക്കാണ്. ഇത് പുതിയ തരം അവകാശ സമരങ്ങളിലെക്ക് വഴി തെളിച്ചു. വിപണനങ്ങളിലുള്ള അധികാരവും, ഗ്രാമ സഭകളുടെ അധികാരവും, ആവാസ വ്യവസ്ഥയിന്മേലുള്ള അധികാരവും എല്ലാം ആദ്യമായി നിയമപരമായി അംഗീകരിക്കപ്പെട്ടു. അത്രയും കാലം വിഭവ ശേഖരണം എന്നുള്ളത് അലിഖിതമായ ഒരു നിയമം മാത്രമായിരുന്നത് കൊണ്ട് അത് പലപ്പോഴും ഭരണകൂടത്തിന്റെ ഔദാര്യമായി മാത്രം കണക്കാക്കപ്പെട്ടു പോന്നു. അങ്ങനെ ആദിവാസി അവകാശങ്ങള്‍ നിയമപരമായി അംഗീകരിക്കപ്പെട്ടു. നിയമ ലംഘനങ്ങള്‍ എന്തൊക്കെ എന്നുള്ളത് കൃത്യമായി നിര്‍വചിക്കപ്പെട്ടു. ഇതിനു വേണ്ടി വന്നത് സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഏഴ് പതിറ്റാണ്ടോളമാണ്.

പുതിയ നിര്‍വചനങ്ങള്‍ ആദിവാസികളുടെ ബാക്കി അവകാശ സമരങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി. ആദിവാസി ഗ്രാമസഭകളുടെ അവകാശങ്ങള്‍ വന പരിപാലനത്തിന്റെ കേന്ദ്രീകൃത സ്വഭാവത്തില്‍ നിന്നും വികേന്ദ്രീകൃതമായ നൂതന ആശയത്തിലേക്ക് മാറ്റപെട്ടു. ഇതില്‍ ഏറ്റവും പ്രധാനം ഗ്രാമസഭകളുടെ ഉത്തരവാദിത്തം എന്തൊക്കെ എന്നത് (Sec 5)ല്‍ വ്യക്തമാക്കുന്നുണ്ട്. ഇതുപ്രകാരം ഒരു ഗ്രാമസഭക്കു കീഴിലുള്ള വന്യ ജീവികളുടെയും ജൈവ വൈവിധ്യത്തിന്റെയും വൃഷ്ടി പ്രദേശത്തിന്റെയും സംരക്ഷണവും, വനവിഭവ മേഖലകളുടെ മേല്‍നോട്ടവും അവരില്‍ നിക്ഷിപ്തമാണ്.

അതുകൊണ്ടു തന്നെ 2006ന് മുമ്പ് വരെ നടന്ന സമരങ്ങളുടെ രീതിയില്‍ നിന്നും വ്യത്യസ്തമായി ഗ്രാമസഭകളുടെ അധികാര സംരക്ഷണം എന്ന് പറയുന്നത് ഒരു പ്രധാന സമര അജണ്ട ആയി മാറേണ്ടതുണ്ട്. വനാവകാശ സമരവുമായി ബന്ധപ്പെട്ട് നടക്കുന്ന പല രീതിയിലുള്ള സമരങ്ങളും ഇടപെടലുകളും കേരളത്തിനകത്തും പുറത്തും നടക്കുമ്പോള്‍ അതിനോട് കണ്ണി ചേരുകയും ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നത് കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ ഇടപെടല്‍ ആണ്.

വനാവാകാശ നിയമത്തിനെതിരെ രാജ്യത്തുടനീളം കൊടുത്തിരിക്കുന്ന കേസുകളില്‍ പലതും പരിസ്ഥിതി സംഘടനകള്‍ ആണെന്നുള്ളത് വളരെ ദുഖകരമായ വസ്തുതയാണ്. കേരളത്തിലും ഇത്തരം പ്രവണതകള്‍ സജീവമാണ്. നേരത്തെ സൂചിപ്പിച്ച വയനാട് സന്നദ്ധ മാറ്റിപ്പാര്‍പ്പിക്കല്‍ പദ്ധതിക്ക് ആക്കം കൂട്ടുന്നതും, അന്തര്‍ദേശീയ പരിസ്ഥിതി സംഘടനകളുടെ സഹായത്തോടെ ഇത്തരം നിയമലംഘനങ്ങളെ വെള്ള പൂശുന്നതിലൂടെ അതൊരു വിജയമാതൃകയാക്കി കാണിക്കുന്നതിനുള്ള വ്യഗ്രതയുമെല്ലാം നിയമ വിരുദ്ധവും, മനുഷ്യ വിരുദ്ധവും, അങ്ങേയറ്റം വിമര്‍ശനാത്മകവുമാണ്. ഇത്തരം മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ ഫണ്ടിംഗ് അമേരിക്കന്‍ ഗവണ്മെന്റ് തടഞ്ഞു വച്ചിരിക്കുകയാണ്. (letter by Deputy secretary of the Interior, Washington, on 18th september 2020).

കേരളത്തിലെ വയനാട് നിന്നും ഒരു പരിസ്ഥിതി സംഘടന കൊടുത്ത വനാവകാശ നിയമത്തിനെതിരായ കേസിലെ വാദമുഖങ്ങളെ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി നിരുപാടധികം തള്ളിയത് ( WP(C).N0.1034 OF 2010(S)). ദേശീയ തലത്തില്‍ വനാവകാശ നിയമത്തിനെതിരെ നിലപാടെടുത്ത ചുരുക്കം സംഘടനകളില്‍ ഭൂരിപക്ഷം സംഘടനകളും വനവകാശനിയമം വനസംരക്ഷണത്തിന് അനിവാര്യമായ ഒരു നിയമമാണ്
എന്ന തിരിച്ചറിവിനെതുടര്‍ന്ന് എതിര്‍ നിലപാടില്‍ നിന്ന് പിന്മാറിയിരുന്നു.

കാടര്‍ ആദിവാസികള്‍ക്ക് ഹാബിറ്റാറ് റൈറ്റ് അഥവാ ആവാസ വ്യവസ്ഥയിന്മേല്‍ ഉള്ള അവകാശം നിലവിലുള്ളതാണ്. അതുകുണ്ടുതന്നെ യാതൊരു കാരണവശാലും അവരെ അവരുടെ ഹാബിറ്റാറ്റില്‍ നിന്ന് നിയമപരമായി തന്നെ മാറ്റിപാര്‍പ്പിക്കാന്‍ സാധ്യമല്ല( sec 3 (1) (e)). ഇതിനെല്ലാത്തിനുമുപരി ചാലക്കുടി നദീതടത്തില്‍ ആറ് വന്‍ അണക്കെട്ടുകളുടെയും പറമ്പിക്കുളം ആളിയാര്‍ കരാറിന്റെ ഭാഗമായുള്ള പുഴയെ തിരിച്ചുവിടലും വന്‍ തോതിലുള്ള നാശം കാടിന് മാത്രമല്ല ചാലക്കുടി നദീതടത്തില്‍ മാത്രം കാണപ്പെടുന്ന കേരളത്തിലെ അഞ്ച് പ്രാക്തന (PVTG) വിഭാഗങ്ങളില്‍ ഒന്നായ കാടര്‍ ആദിവാസികളുടെ ജീവിതത്തിനും വരുത്തിയിട്ടുണ്ട്. മനുഷ്യകുലത്തിന്റെ ഫസ്റ്റ് നേഷന്‍സ് ആയിട്ടുള്ള കാടര്‍ ഗോത്ര വിഭാഗത്തിന് സംരക്ഷണവും മാന്യതയും നല്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാരിസ്ഥിതികവും മാനുഷികവുമായ നീതി ഉറപ്പാക്കാന്‍ കഴിയില്ല എന്നത് യാഥാര്‍ഥ്യമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anakkayam Project –  How State Denies Tribal Rights