| Friday, 1st December 2023, 10:27 pm

എന്റെ സെക്ഷ്വാലിറ്റി എന്റേത് മാത്രം, കാതലിനു ശേഷം ഏറ്റവും സന്തോഷം അവരുടെ ആ മാറ്റമാണ്: അനഘ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിയോ ബേബി ഒരുക്കിയ മമ്മൂട്ടി ചിത്രം കാതൽ ദി കോർ തിയേറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ അഭിനയിച്ച എല്ലാ താരങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത് ന്യൂ നോർമൽ എന്ന ഷോർട്ട് ഫിലിമിലൂടെ മലയാളികൾക്കിടയിൽ പരിചിതയായ അനഘയായിരുന്നു.

താനൊരു ബൈസെക്ഷ്വലാണെന്ന് താരം പൊതു വേദികളിൽ പറഞ്ഞിട്ടുണ്ട്. വ്യത്യസ്തമായൊരു പ്രണയകഥ എന്ന നിലയിൽ കാതൽ എന്ന ചിത്രം വലിയ ചർച്ചയാകുമ്പോൾ തന്റെ സെക്ഷ്വാലിറ്റിയെ കുറിച്ച് സംസാരിക്കുകയാണ് അനഘ.

സെക്ഷ്വാലിറ്റിയെ കുറിച്ച് ശരിയായ ധാരണ ഇല്ലാത്തവർക്ക് അത് ബോധ്യപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അച്ഛനും അമ്മയും ഒരുപാട് സമയം എടുത്തിട്ടാണ് തന്നെ മനസ്സിലാക്കിയതെന്നും താരം പറയുന്നു. കാതൽ ഇറങ്ങിയതിനു ശേഷം അവർ തന്നെ മുന്നിൽ നിന്ന് സിനിമയ്ക്ക് വേണ്ടി സംസാരിക്കുമ്പോൾ ഒരുപാട് അഭിമാനമുണ്ടെന്നും സൈന സൗത്ത് പ്ലസിനോട് അനഘ പറഞ്ഞു.

‘എന്റെ സെക്ഷ്വാലിറ്റി തുറന്നുപറയേണ്ട ഒരു ആവശ്യവും എനിക്കില്ല. കാരണം അത് എന്റെ മാത്രം കാര്യമാണ്. ഞാൻ അങ്ങനെ പറഞ്ഞു നടക്കേണ്ട ആവശ്യമില്ല. സ്ട്രൈറ്റ് ആയിട്ടുള്ള ആളുകൾ അങ്ങനെയാണെന്ന് പറഞ്ഞു നടക്കില്ലല്ലോ. അതിനെക്കുറിച്ച് അറിയാത്ത ആളുകൾക്ക് അത് ബോധ്യപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.

എന്റെ അച്ഛനും അമ്മയും ആണെങ്കിലും അവർക്ക് ഇത് അറിയാത്ത കാര്യമായിരുന്നു. അതുകൊണ്ടുതന്നെ ആദ്യമായി ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ പ്രകൃതിവിരുദ്ധമാണെന്ന് രീതിയിലായിരുന്നു അവരുടെ റിയാക്ഷൻസ്. ഒരു രണ്ടുമൂന്ന് വർഷം എടുത്തിട്ടാണ് ഞാൻ അതിൽ നിന്ന് ഇവിടെ വരെ എത്തിയത്.

എനിക്കുണ്ടായിരുന്ന ലോക വിവരം ഇതാണെന്നും ഞാൻ വളർന്നുകൊണ്ടിരിക്കുന്ന സ്പേസ് ഇങ്ങനെയാണെന്നും എല്ലാം പറഞ്ഞ് ഞാൻ അമ്മയ്ക്ക് കത്തുകൾ എഴുതുമായിരുന്നു. സെക്ഷ്വാലിറ്റി എന്നത് ട്രെൻഡ് ആണെന്ന വിചാരം ആയിരുന്നു അവർക്ക്. എന്നാൽ അത് അങ്ങനെയല്ലായെന്ന് ബോധ്യപ്പെടുത്താനായിരുന്നു ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത്.

അവരത് ആക്സെപ്റ്റ് ചെയ്യണമെങ്കിൽ സ്വാഭാവികമായിട്ടും സമയമെടുക്കും. ഇത്രയും കാലം വളർന്ന അറിവുകളിൽ നിന്ന് മാറി ചിന്തിക്കാൻ എന്തായാലും സമയം വേണം. അതൊരിക്കലും പെട്ടെന്ന് ബ്രേക്ക് ചെയ്യാനാവില്ല. എനിക്കാണെങ്കിലും അങ്ങനെ തന്നെയാണ്.

ഇപ്പോൾ എന്റെ അച്ഛനും അമ്മയും കാതൽ സിനിമ കണ്ടിട്ട് അത് ആക്സെപ്റ്റ് ചെയ്യാൻ പറ്റാത്ത ആളുകളോട് പറയുന്നത് , എന്താല്ലേ സിമ്പിളായി ചിന്തിച്ചാൽ അത് സ്നേഹമല്ലേ എന്നാണ്. അമ്മ അങ്ങനെ പറഞ്ഞ് എന്റെ മുന്നിൽ വന്ന് നിൽകുമ്പോൾ അവർ ഈയൊരു സിനിമയ്ക്ക് വേണ്ടി നിൽക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുകയാണ്,’ അനഘ പറയുന്നു.

Content Highlight: Anagha Talk About Kaathal Movie And Her Sexuality

Latest Stories

We use cookies to give you the best possible experience. Learn more