|

കാതല്‍ കണ്ട ശേഷമാണ് അദ്ദേഹം എന്നെ സൂര്യയുടെ പുതിയ തമിഴ് സിനിമയിലേക്ക് വിളിച്ചത്: അനഘ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജ്യോതികയെയും മമ്മൂട്ടിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദി കോര്‍. 2023ല്‍ പുറത്തിറങ്ങിയ ഈ സിനിമക്ക് തിരക്കഥ ഒരുക്കിയത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നായിരുന്നു.

ചിത്രം ആ വര്‍ഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. സ്വവര്‍ഗാനുരാഗം പ്രധാനപ്രമേയമായി വന്ന സിനിമ കേരളത്തിന് പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കാതലിലൂടെ ഒരുപാട് ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു അനഘ രവി. ചിത്രത്തില്‍ ജ്യോതികയുടെയും മമ്മൂട്ടിയുടെയും മകളായ ഫെമി മാത്യു എന്ന കഥാപാത്രമായിട്ടായിരുന്നു അനഘ എത്തിയത്.

ഇപ്പോള്‍ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ എത്തുന്ന ആലപ്പുഴ ജിംഖാന എന്ന സിനിമയിലും അനഘ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം ആര്‍.ജെ ബാലാജി – സൂര്യ കൂട്ടുകെട്ടില്‍ എത്തുന്ന സൂര്യ 45ലും അനഘ അഭിനയിക്കുന്നുണ്ട്.

കാതല്‍ സിനിമക്ക് ശേഷം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് പോലെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അനഘ രവി. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി.

‘കാതല്‍ സിനിമ വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ സിനിമ മിക്കവരും കണ്ടിട്ടുണ്ട്. സത്യത്തില്‍ ആലപ്പുഴ ജിംഖാന സിനിമയിലേക്ക് എന്നെ ആരാണ് സജസ്റ്റ് ചെയ്തതെന്ന കാര്യം എനിക്കറിയില്ല. അതില്‍ ചെറിയ കണ്‍ഫ്യൂഷനുണ്ട്.

കാതല്‍ കണ്ടിട്ട് തന്നെയാണ് ആ സിനിമയിലേക്ക് വിളിക്കുന്നത്. അവരൊക്കെ കാതല്‍ കണ്ടിട്ടുണ്ട്. കാതല്‍ എന്നെ കരിയറില്‍ ഒരുപാട് ഹെല്‍പ് ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഞാന്‍ ഒരു തമിഴ് സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിലേക്കും കാതല്‍ കണ്ടിട്ട് തന്നെയാണ് എനിക്ക് വിളി വരുന്നത്. ആര്‍.ജെ ബാലാജിയാണ് ആ സിനിമയുടെ സംവിധായകന്‍.

അദ്ദേഹത്തിന്റെ അടുത്തതായി വരാനിരിക്കുന്ന സിനിമയാണ് അത്. സൂര്യയാണ് സിനിമയിലെ നായകന്‍. സൂര്യ 45. ആ സിനിമക്ക് ഇതുവരെ പേരൊന്നും ഇട്ടിട്ടില്ല. അതിന്റെ പരിപാടികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്,’ അനഘ പറഞ്ഞു.

Content Highlight: Anagha Ravi Talks About Kaathal The Core And Suriya 45 Movie