| Friday, 20th September 2024, 2:31 pm

അന്ന് മമ്മൂക്കയുടെ ആ സീനില്‍ കൂടുതലൊന്നും തോന്നിയില്ല; പക്ഷെ തിയേറ്ററില്‍ അങ്ങനെയായിരുന്നില്ല: അനഘ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് – മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു, ലെന, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിച്ചിരുന്നു.

മമ്മൂട്ടി മൈക്കിളെന്ന കഥാപാത്രമായെത്തിയ ഭീഷ്മ പര്‍വ്വത്തില്‍ നടി അനഘയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ‘രക്ഷാധികാരി ബൈജു ഒപ്പ്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന നടിയാണ് അനഘ.

ഭീഷ്മ പര്‍വ്വത്തില്‍ റേച്ചല്‍ എന്ന കഥാപാത്രമായാണ് നടി എത്തിയത്. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടിയുടെ ഒരു ഡയലോഗായിരുന്നു ‘കുറക്കേണ്ടവരുടെ എണ്ണം കൂടും’ എന്നത്. ഇപ്പോള്‍ മമ്മൂട്ടിയുടെ ആ ഡയലോഗിനെ കുറിച്ച് പറയുകയാണ് അനഘ.

ആ സീന്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ വളരെ ഇമ്പാക്ട് ഉള്ളതായി തോന്നിയെന്നും എന്നാല്‍ ഷൂട്ടിങ് സമയത്ത് അങ്ങനെ ആയിരുന്നില്ലെന്നും നടി പറയുന്നു. തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ കടൈസി ഉലഗ പോറിന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനഘ.

‘മമ്മൂക്കയുടെ ആ സീന്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ വളരെ ഇമ്പാക്ട് ഉള്ളതായി തോന്നിയിരുന്നു. ചെറിയ ഡയലോഗാണെങ്കില്‍ പോലും അതിന് വലിയ ഇമ്പാക്ട് തോന്നി. പക്ഷെ അഭിനയിക്കുന്ന സമയത്ത് അങ്ങനെ തോന്നിയിരുന്നോ എന്ന് ചോദിച്ചാല്‍ തോന്നിയിരുന്നില്ല.

അതിനൊരു കാരണമുണ്ട്. ഒരു സീനില്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ അധികം കാര്യങ്ങളൊന്നും ഓര്‍ക്കില്ല. മറ്റുള്ളവരുടെ പെര്‍ഫോമന്‍സിനെ പറ്റി ചിന്തിക്കുകയേയില്ല. അവര് പെര്‍ഫോം ചെയ്യുന്നുണ്ടോ ഇവര് പെര്‍ഫോം ചെയ്യുന്നുണ്ടോയെന്നും നോക്കില്ല.

ഓരോ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ നമ്മള്‍ ആ സീനിന് അകത്താകും ഉണ്ടാകുക. അഭിനയിച്ച സമയത്ത് ഭീഷ്മ പര്‍വ്വത്തിലെ മമ്മൂക്കയുടെ ആ സീനിനെ പറ്റി കൂടുതലൊന്നും തോന്നിയില്ല. പക്ഷെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ആ ഡയലോഗ് ഡെലിവറി ചെയ്ത രീതിയും മൊത്തത്തില്‍ ആ സീന്‍ ഇഷ്ടമായി. വളരെ ഇമ്പാക്ട് ഫുള്ളായിരുന്നു അത്,’ അനഘ പറഞ്ഞു.


Content Highlight: Anagha Maruthora Talks About Mammootty And Bheeshma Parvam

Latest Stories

We use cookies to give you the best possible experience. Learn more