'ദളിതരാണ്, ഞങ്ങള്‍ക്കും അന്തസ്സോടെ ജീവിക്കേണ്ട?' അവഗണന സഹിച്ച് അനഘ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയത് രണ്ട് വര്‍ഷം
Kerala News
'ദളിതരാണ്, ഞങ്ങള്‍ക്കും അന്തസ്സോടെ ജീവിക്കേണ്ട?' അവഗണന സഹിച്ച് അനഘ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയത് രണ്ട് വര്‍ഷം
അന്ന കീർത്തി ജോർജ്
Saturday, 18th July 2020, 3:58 pm

നെടുംക്കണ്ടം: രണ്ട് വര്‍ഷം മുന്‍പ് പഞ്ചായത്തില്‍ നിന്നും എസ്.സി /എസ്.ടി വിഭാഗകാര്‍ക്കുള്ള പദ്ധതി പ്രകാരം അനുവദിച്ച ലാപ് ടോപ് ഇനിയും ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ഇടുക്കിയിലെ നെടുംക്കണ്ടം സ്വദേശിയായ അനഘ ബാബു എന്ന വിദ്യാര്‍ത്ഥി. അര്‍ഹതപ്പെട്ട പഠനോപകരണം പഞ്ചായത്ത് അധികൃതര്‍ അകാരണമായി നല്‍കാതിരിക്കുകയാണെന്നും ഈ ആവശ്യവുമായി എത്തുന്ന തങ്ങളെയും കുടുംബത്തെയും നിരന്തരമായി അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് അനഘ ബാബു മുഖ്യമന്ത്രിക്ക് കത്തയച്ചു.

2018ലാണ് പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ് ടോപിനായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. അര്‍ഹരായവരുടെ ലിസ്റ്റില്‍ അനഘയുടെ സഹോദരി ആര്‍ദ്ര ബാബു ഉള്‍പ്പെട്ടിരുന്നു. ആ വര്‍ഷം ബിരുദാനന്തരബിരുദ പഠനത്തിനായി കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ ചേര്‍ന്ന അനഘ, തന്റെ പഠനത്തിനു കൂടെ സഹായമാകുമെന്ന പ്രതീക്ഷയിലായിരുന്നു ലാപ് ടോപിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. പക്ഷെ ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കിലും ലാപ് ടോപ് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും പല കാരണങ്ങള്‍ പറഞ്ഞ് ഈ ആവശ്യവുമായി എത്തിയ തങ്ങളെ ഒഴിവാക്കുകയായിരുന്നെന്നും അനഘ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘2018 – 2019 കാലഘട്ടത്തില്‍ പ്രളയം കാരണമാണ് വൈകിയതെന്ന് പറഞ്ഞു. ഒടുക്കം പി.ജി ഗവേഷണ പ്രബന്ധം പൂര്‍ത്തിയാക്കാന്‍ വഴിയില്ലാതെ ഞാന്‍ വീണ്ടും പഞ്ചായത്ത് അധികൃതരെ സമീപിച്ചു. ഇത്തവണ കെല്‍ട്രോണില്‍ നല്‍കിയിട്ടുണ്ടെന്നും കൊറോണ കാരണമാണ് വൈകുന്നത് എന്നുമായി കാരണം പറച്ചില്‍. എന്നാല്‍ യാതൊരു നടപടിയുമായില്ല. ഞങ്ങളുടെ ഓണ്‍ലൈന്‍ പഠനവും മുടങ്ങി. സുഹൃത്തിന്റെ കുറച്ച് പ്രശ്‌നങ്ങളുള്ള ലാപ് ടോപ്പ് കടം വാങ്ങിയാണ് ഞാന്‍ പി.ജി ഗവേഷണ പ്രബന്ധം പൂര്‍ത്തിയാക്കിയത്. ലാപ്പ്‌ടോപ്പ് കേടുവന്ന് വര്‍ക്ക് മുടങ്ങി രാത്രികളില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട് സാര്‍. അര്‍ഹതയുണ്ടായിട്ടും പഠനോപകരണം ലഭിക്കാതെ കടുത്ത മാനസിക സംഘര്‍ഷം ഞങ്ങളനുഭവിച്ചു.’ അനഘ പറഞ്ഞു.

പല തവണ ശ്രമിച്ചിട്ടും അധികൃതരില്‍ നിന്നും അനുകൂല നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ദിശ എന്ന സംഘടനയുടെ സഹായത്തോടെ അനഘ കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്നും അനഘക്ക് അനുകൂലമായ വിധിയാണുണ്ടായത്. ‘ ദിശ എന്ന സംഘടന വഴി അഡ്വ. പി.കെ ശാന്തമ്മ സൗജന്യമായാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ജസ്റ്റിസ് അലക്‌സാഡര്‍ ജേക്കബ് സാര്‍ ആദ്യ സിറ്റിംഗില്‍ തന്നെ അഞ്ചാഴ്ച്ചയ്ക്കകം ലാപ്പ് ടോപ്പ് നല്‍കുവാന്‍ ഉത്തരവിട്ടു. പഞ്ചായത്തിനോട് ഉത്തരവ് കെല്‍ട്രോണിന് അയക്കുവാനും ഉത്തരവില്‍ സൂചിപ്പിച്ചു.’ അനഘ പറഞ്ഞു.

കോടതി നിര്‍ദേശിച്ച പ്രകാരം ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പുമായി പഞ്ചായത്തിലെത്തിയ അനഘയുടെ അമ്മയെയും സഹോദരിയെയും അധികൃതര്‍ അപമാനിച്ചെന്നും കയര്‍ത്തു സംസാരിച്ചെന്നും അനഘ ഡൂള്‍ന്യൂസിനോട് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയും ശ്യാമള വിശ്വനാഥന്‍ എന്ന മെമ്പറും അമ്മയെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അപമാനിച്ചു. ‘നിങ്ങള്‍ക്ക് ഹൈക്കോടതിയിലൊക്കെ കേസ് കൊടുക്കാന്‍ പൈസയുണ്ടെങ്കില്‍ പിന്നെ പൈസ കൊടുത്ത് ലാപ്‌ടോപ്പ് വാങ്ങിച്ചാല്‍ പോരെ, പഞ്ചായത്തിന്റെ കാലു പിടിക്കാന്‍ പിന്നെയും വരണോ’ എന്നും നിരന്തരം പഞ്ചായത്ത് കയറിയിറങ്ങിയ ഞങ്ങളോട് നിങ്ങളൊക്കെ ഇവിടെ എപ്പോഴാണ് വന്നതെന്നുമടക്കം ചോദ്യം ചെയ്‌തെന്നും അനഘ പറഞ്ഞു.

ഹൈക്കോടതി താന്‍ പറയുന്നതേ കേള്‍ക്കുകയുള്ളു എന്നും കെല്‍ട്രോണ്‍ എപ്പോള്‍ തരുന്നോ അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ലാപ് ടോപ് ലഭിക്കുകയുള്ളു എന്നാണ് പഞ്ചായത്ത് സെക്രട്ടറി കടുത്ത ഭാഷയില്‍ അമ്മയോട് പറഞ്ഞെന്നും അനഘ ചൂണ്ടിക്കാണിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ചോര്‍ന്നൊലിക്കുന്ന ഒരു വീട്ടില്‍ നിന്ന് പഠിച്ചാണ് ഞാന്‍ സോഷ്യോളജിയില്‍ നെറ്റ് വാങ്ങിച്ചത്. അനിയത്തി ഭക്ഷണം പോലും കഴിക്കാതെ ആ പൈസ മാറ്റി വെച്ച് പുസ്തകങ്ങള്‍ വാങ്ങിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ സ്റ്റൈപന്റ് കൊണ്ട് മാത്രം മുന്നോട്ട് വിദ്യാഭ്യാസം കൊണ്ടുപോകുന്ന രണ്ട് ദലിത് വിദ്യാര്‍ത്ഥിനികളെയാണ് വീണ്ടും വീണ്ടും അധികൃതര്‍ അപമാനിക്കുന്നത്. പഞ്ചായത്തിലേയ്ക്ക് വരാനുള്ള പൈസ പോലുമില്ലാത്ത രണ്ട് വിദ്യാര്‍ത്ഥിനികളോടാണ് അധികൃതര്‍ അനാസ്ഥ കാണിക്കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഉത്തരവുമായ് ചെല്ലുമ്പോഴും ഞങ്ങള്‍ വീണ്ടും അപമാനിക്കപ്പെടുകയാണ്.’ അനഘ പറയുന്നു.

സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ട്രോണില്‍ നിന്നും ലാപ് ടോപ് ലഭിക്കാത്തതുകൊണ്ടു മാത്രമാണ് വിദ്യാര്‍ത്ഥിക്ക് നല്‍കാനാകാത്തതെന്നാണ് വിഷയത്തില്‍ നെടുംക്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനസുന്ദരം ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. കെല്‍ട്രോണുമായി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അവിടെ നിന്നും ലാപ് ടോപ് ലഭിച്ച ഉടന്‍ തന്നെ ഇത് അനഘയുടെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

അനഘയുടെ അമ്മയോടും സഹോദരിയോടും പഞ്ചായത്ത് സെക്രട്ടറി അപമര്യാദയായി പെരുമാറിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സെക്രട്ടറിയോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ചിരുന്നെന്നും അനഘ പറയുന്നത് പോലെ കയര്‍ത്ത് സംസാരിച്ചിട്ടില്ലെന്നാണ് സെക്രട്ടറി പറഞ്ഞതെന്നും ജ്ഞാനസുന്ദരം കൂട്ടിച്ചേര്‍ത്തു.

അഡ്വ. പി.കെ ശാന്തമ്മയും സംഭവത്തെ അപലപിച്ചുക്കൊണ്ട് രംഗത്തെത്തിയിരുന്നു. ‘ഹൈക്കോടതി വിധിയെ നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി അപലപിക്കുന്നതാണ് അവരുടെ വാക്കുകളിലൂടെ തെളിയിക്കുന്നത്. വാര്‍ഡുമെംബറും അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നു. കോടതി വിധി കയ്യില്‍ കൊടുക്കുമ്പോള്‍ പൊട്ടിത്തെറിക്കുക, ശകാരിക്കുക, പരിഹസിക്കുക!

ഏറ്റവും ശ്രദ്ധേയം, പഞ്ചായത്ത് ഓഫീസ്സ് കയറി ഇറങ്ങി അപമാനിക്കപ്പെട്ടത് പാവപ്പെട്ട പട്ടികജാതിക്കാരായ ഒരമ്മയും മകളുമാണ്. ഇതൊരു പ്രതീകം മാത്രമാണ്. ഇങ്ങനെ ഓരോ ആവശ്യങ്ങള്‍ക്ക് ഓരോ ദിവസവും സര്‍ക്കാര്‍ ആപ്പീസ് കയറി ഇറങ്ങേണ്ടി വരുന്ന പാവപ്പെട്ടവര്‍ ,’പ്രത്യേകിച്ച് പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ നേരിടേണ്ടി വരുന്ന അപമാനങ്ങളുടെ ഉദാഹരണം മാത്രമാണ്, ഈ പൊട്ടിത്തെറിയും, പരിഹസിക്കലും

സെക്രട്ടറി, നിങ്ങളോട് ഇന്നു തന്നെ ലാപ്‌ടോപ് തരാന്‍ അവര്‍ പറഞ്ഞില്ലല്ലോ. കോടതി തന്ന 5 ആഴ്ച നിങ്ങളെ ഓര്‍മ്മിപ്പിച്ചുമില്ലല്ലോ. വിധിയുടെ സര്‍ട്ടിഫൈഡ് കോപ്പി നിങ്ങള്‍ക്ക് എത്തിക്കണമെന്ന് വിധിന്യായത്തില്‍ നിഷ്‌കര്‍ഷിച്ചതുകൊണ്ടല്ലേ? കോടതി വിധിന്യായങ്ങളെ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത്? കോടതി വിധികൊണ്ടു വരുന്ന എല്ലാവരോടും ഇങ്ങനെയാണോ?ആവില്ലല്ലോ;നിറവും കുലവും പണവുമെല്ലാം ഘടകമാകണമല്ലോ.’ പി.കെ ശാന്തമ്മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ ലാപ് ടോപ് വിഷയത്തില്‍ മാത്രമല്ല, ദളിതരായ തങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്നും നിരവധി തവണയാണ് അവഗണന നിറഞ്ഞ നടപടി സഹിക്കേണ്ടി വന്നിട്ടുള്ളതെന്നും അനഘ ചൂണ്ടിക്കാണിക്കുന്നു.

ഞങ്ങളുടെ വീട് പൊട്ടിപൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. ഞങ്ങള്‍ക്ക് ഉടനടി വീട് നല്‍കുമെന്നും ലിസ്റ്റില്‍ ഞങ്ങളുണ്ടെന്നും പറഞ്ഞ് വാര്‍ഡ് മെമ്പര്‍ എന്നെയും കുടുംബത്തേയും പറ്റിച്ചു. ഈ കേസ് കൊടുത്തതിന് ശേഷം ഞങ്ങളുടെ പേര് വീടിനായുള്ള ഒരു ലിസ്റ്റിലുമില്ല എന്നാണ് പഞ്ചായത്ത് അധികൃതരില്‍ നിന്നും അറിയാന്‍ സാധിച്ചതെന്നും അനഘ വ്യക്തമാക്കുന്നു.

‘പട്ടികജാതിയില്‍പ്പെട്ട എനിയ്ക്കും കുടുംബത്തിനും ഇനിയും പഞ്ചായത്ത് കയറിയിറങ്ങി അപമാനിതരാവാന്‍ വയ്യ. വളരെയധികം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ്, ദളിതരാണ്. ഞങ്ങള്‍ക്ക് അന്തസ്റ്റോടെ ജീവിക്കണം.’ അനഘ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.