| Saturday, 2nd December 2023, 11:44 am

അക്കു കരയരുത് മേക്കപ്പ് പോകും ഞാൻ എന്നോട് തന്നെ പറഞ്ഞു: അനഘ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാതൽ ദി കോർ കണ്ടിറങ്ങിയവരെല്ലാവരുടെയും മനസ്സിൽ ഒരു വിങ്ങൽ ഉണ്ടായിരിക്കും. സിനിമയിലെ ചില സീനുകൾ പ്രേക്ഷകനെ കണ്ണ് നനയിക്കുന്നുണ്ട്. ചിത്രം ആദ്യം കണ്ട സമയത്ത് കരച്ചിൽ അടക്കിപിടിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് അനഘ. കാതലിൽ മാത്യുവിന്റെ മകളായ ഫെമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അനഘയാണ്.

ആദ്യ ഷോ ആയതുകൊണ്ട് പുറത്ത് മീഡിയ ഉണ്ടാവുമെന്ന് അറിയുമായിരുന്നെന്നും മേക്കപ്പ് പോകരുതെന്ന് കരുതി കരച്ചിൽ അടക്കി പിടിച്ചിരുന്നെന്നും അനഘ പറഞ്ഞു. അതുപോലെ സിനിമയുടെ അവസാന ഭാഗത്ത് എന്റെ ദൈവമേ എന്ന ഡയലോഗ് സ്ക്രിപ്റ്റിൽ ഇല്ലായിരുന്നെന്നും അത് മമ്മൂട്ടി തന്നെ ഇട്ടതാണെന്നും അനഘ കൂട്ടിച്ചേർത്തു. ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ അനുഭവം പങ്കുവെച്ചത്.

‘ഫസ്റ്റ് ഡേ ഷോ ആയതുകൊണ്ട് പുറത്ത് മീഡിയ വെയിറ്റ് ചെയ്യുന്നുണ്ട്. അതുകൊണ്ട് മേക്കപ്പ് ഒന്നും പോകരുത് എന്ന് കരുതിയിരിക്കുകയാണ്. എനിക്കിങ്ങനെ കരച്ചിൽ വരികയാണ്. അവസാന സീനൊക്കെ ആയപ്പോഴേക്കും പ്രത്യേകിച്ച് ചാച്ചനും ആയിട്ടുള്ള സീനൊക്കെ ആയ സമയത്ത് എന്റെ തൊണ്ടയിൽ ഇങ്ങനെ വിങ്ങി വിങ്ങി അവസാനം കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ട്. കണ്ണുനീർ വരുമ്പോൾ ഞാൻ എന്നോട് തന്നെ ‘അക്കു കരയരുത് മേക്കപ്പ് പോകും പുറത്തിറങ്ങാനുള്ളതാ’ എന്ന് പറയുകയാണ്.

എന്റെ ബോയ്ഫ്രണ്ട് അവിടെയുണ്ട്. അച്ഛനും അമ്മയും എല്ലാരും ഉണ്ട്. അച്ഛന്റെയും അമ്മയുടെയും റിയാക്ഷൻ ഞാൻ കാണുന്നില്ല.ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൻ ഒന്നും മിണ്ടാതെ എന്ത് ചെയ്യണമെന്നറിയാതെ ഇങ്ങനെ ഇരിക്കുകയാണ്. ഇതുവരെ അവനെ ഞാൻ അങ്ങനെ കണ്ടിട്ടില്ല. ഒരു ആൺ അവന്റെ ഈഗോ കളഞ്ഞ് കരയുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്. എന്റെ അച്ഛൻ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ചാച്ചനും ആയിട്ടുള്ള മമ്മൂക്കയുടെ സീൻ ഷൂട്ട് ചെയ്ത എഡിറ്റ് ചെയ്ത കണ്ടപ്പോൾ തന്നെ ഞാൻ പൊട്ടിക്കരയുന്നുണ്ട്. ഞാൻ അപ്പോൾ തന്നെ പറഞ്ഞു ഇത് തിയേറ്ററിൽ ഇരുന്ന് എല്ലാവരും കരച്ചിലായിരിക്കും എന്ന്. കാരണം അവസാന സീനിലെ എൻറെ ദൈവമേ എന്ന് മമ്മൂക്ക വിളിക്കുന്നത് കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരും.

ഞാൻ എന്റെ ദൈവമേ എന്ന് പറയുമെന്ന് ആള് പറഞ്ഞിട്ട് പോയി. ആ ഡയലോഗ് മമ്മൂക്ക തന്നെ പറഞ്ഞതാണ്. പിന്നെ അവിടെ സംഭവിച്ചത് മാജിക് ആയിരുന്നു. ആ ക്യാരക്ടറായിട്ട് അദ്ദേഹം ജീവിക്കുകയായിരുന്നു,’ അനഘ പറഞ്ഞു.

Content Highlight: Anagha about holding back her tears while watching the movie

We use cookies to give you the best possible experience. Learn more