Film News
'നീ പോയില്ലേ എന്നാൽ നിനക്ക് ഒരാളെ കാണിച്ചു തരാം' എന്ന് പറഞ്ഞ് മമ്മൂക്ക ആ നടനെ കാണിച്ചു തന്നു:അനഘ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 28, 03:02 am
Tuesday, 28th November 2023, 8:32 am

മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിച്ച ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ. നവംബർ 23ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ജ്യോതികയുടെ പങ്കാളിയായ സൂര്യ വന്നിരുന്നു. സൂര്യ മമ്മൂട്ടിയുടെ കൂടെ നിന്നുള്ള ഫോട്ടോയും വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ചിത്രത്തിൽ മമ്മൂട്ടിയുടേയും ജ്യോതികയുടെയും മകളായി അഭിനയിച്ചത് അനഘയാണ്. സൂര്യ ലൊക്കേഷനിൽ വന്ന ദിവസം താരത്തിന് ഷൂട്ട് ഇല്ലാത്തതുകൊണ്ട് സെറ്റിൽ ഇല്ലായിരുന്നു. എന്നാൽ അന്ന് സിനിമയിലെ ഒരു വീഡിയോ കോൾ ഷോട്ടിന് വേണ്ടി വിളിച്ചപ്പോൾ സൂര്യയെ മമ്മൂട്ടി കാണിച്ചു തന്ന അനുഭവം പങ്കുവെക്കുകയാണ് അനഘ.

കുട്ടികാലം മുതൽ തന്റെ ഫേവറേറ്റ് നടനാണ് സുര്യയെന്നും കോൾ എടുത്തപ്പോൾ സൂര്യ സെറ്റിൽ തന്നെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞെന്നും അത് മറക്കാനാവാത്ത അനുഭവം ആണെന്നും അനഘ കൂട്ടിച്ചേർത്തു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്കന്ന് രാവിലെ അപ്രതീക്ഷിതമായിട്ട് ഒരു കോൾ വന്നു. ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു. അന്ന് എനിക്ക് ഷൂട്ടില്ലായിരുന്നു. രാവിലെ എണീറ്റിട്ട് എനിക്കൊരു വീഡിയോ കോൾ ഷോട്ട് ഉണ്ട് എന്ന് പറഞ്ഞു. പെട്ടെന്ന് ഒരു ടീഷർട്ട് എടുത്തിട്ട് ഞാൻ ഉറക്കപിച്ചിൽ ഇരിക്കുകയാണ്. വീഡിയോ കോൾ ഷോട്ട് ഒക്കെ എടുത്തു കഴിഞ്ഞു. എന്റെ കോൾ കട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല.

ഞാൻ ഇങ്ങനെ കോളിൽ ഇരിക്കുകയാണ്. ഇനിയുണ്ടോ എന്ന രീതിയിൽ ഞാൻ ഇങ്ങനെ കാത്തിരിക്കുകയാണ്. പെട്ടെന്ന് ഫോൺ മമ്മൂക്ക എടുത്തിട്ട് ‘നീ പോയില്ലേ എന്നാൽ ഞാൻ നിനക്ക് ഒരാളെ കാണിച്ചു തരാം’ എന്ന് പറഞ്ഞു. എന്നിട്ട് മമ്മൂക്ക നടന്നു പോകുന്നു.. ജോ മാമിന്റെ കയ്യിൽ കൊടുക്കുന്നു, ജോ മാം ഫോൺ പതിയെ തിരിച്ചു നോക്കിയപ്പോൾ സൂര്യ ഇരിക്കുന്നു.

ചെറുപ്പത്തിൽ എന്നോട് ഇഷ്ടപെട്ട നടൻ ആരാണെന്ന് ചോദിച്ചാൽ സൂര്യ എന്ന് പറയുന്ന ആളാണ് ഞാൻ. ഭയങ്കര ഹമ്പിൾ ആയിട്ടുള്ള മനുഷ്യനാണ്. ‘സെറ്റിൽ നിന്നെ മിസ്സ് ചെയ്യുന്നു’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് റെക്കോർഡ് ചെയ്ത് എന്റെ മനസ്സിൽ വെച്ചിരിക്കുന്ന മൊമെന്റാണ്,’ അനഘ പറയുന്നു.

Content Highlight: Anagha about a video call with surya