| Thursday, 11th January 2024, 9:24 pm

തെളിവായി മാധ്യമ ചിത്രങ്ങൾ; ഗസയിലേത് വംശഹത്യ തന്നെയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: ഇസ്രഈലിനെതിരെ വംശഹത്യക്ക് തെളിവുകളായി അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ തുർക്കി മാധ്യമമായ അനദോലു ഏജൻസിയിൽ നിന്നുള്ള ചിത്രങ്ങൾ ഹാജരാക്കി ദക്ഷിണാഫ്രിക്ക.

ഗസയിൽ ഇസ്രഈൽ നടത്തുന്നത് വംശഹത്യ തന്നെയാണെന്ന് ദക്ഷിണാഫ്രിക്ക കോടതിയിൽ അറിയിച്ചു.

ഗസയിൽ ഇസ്രഈൽ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നൽകിയ 84 പേജുള്ള കേസ് ഫയലിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

വിചാരണയ്ക്കിടയിൽ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരിൽ ഒരാളായ ആദില ഹാസിമാണ് ചിത്രങ്ങൾ ഹാജരാക്കിയത്

ഗസ മുനമ്പിലെ ഇന്തോനേഷ്യ ആശുപത്രിക്ക് സമീപമായി കൂട്ടക്കുഴിമാടത്തിൽ മൃതശരീരങ്ങൾ അടക്കം ചെയ്തതിന്റെ ഫോട്ടോകൾ ഉൾപ്പെടെയാണ് ഹാജരാക്കിയത്.

ശ്മശാനങ്ങളിൽ സ്ഥലം ഇല്ലാത്തതുകൊണ്ട് ഫത്തായർ എന്ന കുടുംബത്തിലെ അംഗങ്ങളെ കൂട്ടത്തോടെ ഒരു കുഴിയിൽ തന്നെ അടക്കം ചെയ്യുന്നതിന്റെ ഫോട്ടോയും കൂട്ടത്തിലുണ്ട്.

ഗസയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുവാൻ ഇസ്രഈലിനുമേൽ താത്കാലിക നടപടിയെടുക്കണമെന്ന് ദക്ഷിണാഫ്രിക്ക കോടതിയിൽ ആവശ്യപ്പെട്ടു.

ഫലസ്തീനികളുടെ ഭാവി വിഷയത്തിൽ കോടതി സ്വീകരിക്കുന്ന തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്നും ദക്ഷിണാഫ്രിക്കൻ പ്രതിനിധി സംഘം പറഞ്ഞു.

താത്കാലിക നടപടികൾ എടുക്കുന്നതിൽ അന്താരാഷ്ട്ര കോടതി മടിക്കരുതെന്നും മ്യാൻമറിൽ റോഹിങ്ക്യൻ മുസ്‌ലിങ്ങളുടെ വംശഹത്യയിൽ കോടതി നടപടിയെടുത്തിട്ടുണ്ടെന്നും ദക്ഷിണാഫ്രിക്ക പറഞ്ഞു.

കേസിൽ നാളെയും (ജനുവരി 12) വിചാരണ തുടരും.

അതേസമയം നീതിന്യായ കോടതിയിൽ നിന്ന് ഫലസ്തീന് അനുകൂലമായ വിധി വന്നാലും രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങൾക്ക് ഇത് വീറ്റോ (റദ്ദാക്കാനുള്ള അധികാരം) ചെയ്യാൻ സാധിക്കും.

Content Highlight: Anadolu’s photos as evidence at ICJ genocide case hearing against Israel

We use cookies to give you the best possible experience. Learn more