ഇടുക്കി: ഇടുക്കി ആനച്ചാലില്‍ ആറ് വയസുകാരനെ അടിച്ച് കൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. ഇടുക്കി അതിവേഗ കോടതിയുടേതാണ് ഉത്തരവ്. കുട്ടിയുടെ മാതൃസഹോദരീ ഭര്‍ത്താവായ മുഹമ്മദ് ഷാനാണ് കോടതി വധശിക്ഷ വിധിച്ചത്. അപൂര്‍വ കേസായി കണ്ടുകൊണ്ടാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. 104 വര്‍ഷം തടവും കോടതി വിധിച്ചു.
കുട്ടിയെ കൊലപ്പെടുത്തിയതിന് 302 വകുപ്പ് പ്രകാരം മരണം വരെ വധശിക്ഷയും സഹോദരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് പോക്‌സോ ആക്ടിലെ നാല് വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം വരെ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലായി 92 വര്‍ഷം തടവും പിഴയും ഈടാക്കിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 11 വര്‍ഷം കൂടെ ശിക്ഷ അനുഭവിക്കണം. ആദ്യം അനുഭവിക്കേണ്ട ശിക്ഷ ജീവപര്യന്തമാണെന്നും കോടതി വ്യക്തമാക്കി.
2021 ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആമകണ്ടം വടക്കേതാഴെ റിയാസിന്റെയും സഫിയയുടെയും മകന്‍ അബ്ദുള്‍ ഫത്താഹ് റെയ്ഹാനെയാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം.