താന്‍ തിരക്കഥയെഴുതി ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഒരു സിനിമ ഇപ്പോഴും റിലീസാകാതെ പെട്ടിയിലുണ്ടെന്ന് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം. അമ്മുവിന്റെ ആങ്ങളമാര്‍ എന്ന ജഗദീഷും ബാലചന്ദ്രമേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഇപ്പോഴും റിലീസാകാതെ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ നെഗറ്റീവ് റോള്‍ ഡിസ്ട്രിബ്യൂട്ടര്‍ പണയം വെക്കുകയും സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ട അദ്ദേഹത്തെ കാണാതാവുകയും ചെയ്തതോടെയാണ് സിനിമയുടെ റിലീസ് പ്രതിസന്ധിയിലായതെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു.
‘ഏത് സിനിമാക്കാരനും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇറങ്ങാത്ത ഒരു സിനിമയുടെ കഥ പറയാനുണ്ടാകും. എന്റെ ജീവിതത്തിലുമുണ്ട് അത്തരമൊരു സിനിമ. അമ്മുവിന്റെ ആങ്ങളമാര്‍ എന്നായിരുന്നു ആ സിനിമയുടെ പേര്. ബാലചന്ദ്രമേനോനും ജഗദീഷുമായിരുന്നു അതിനകത്ത് പ്രഥാന കഥാപാത്രങ്ങള്‍. ശശി ശങ്കറായിരുന്നു സംവിധായകന്‍. കരിയിലക്കാറ്റ് പോലെ എന്ന സിനിമ നിര്‍മ്മിച്ച തങ്കച്ചന്‍ എന്ന ഒരാളാണ് ഈ സിനിമ നിര്‍മിച്ചത്. കലവൂര്‍ രവികുമാറിന്റേതായിരുന്നു കഥ. ആ കഥക്ക് ഞാന്‍ തിരക്കഥയും സംഭാഷണവും എഴുതുകയാണുണ്ടായത്.
ബാലചന്ദ്ര മേനോന്‍ വളരെ തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ അദ്ദേഹത്തിന് വേണ്ടി, അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഒരു തിരക്കഥയെഴുതുക എന്നത് ഒരു വെല്ലുവിളിയാണ്. ആ ഒരു ടെന്‍ഷനുണ്ടായിരുന്നെങ്കിലും എന്റെ ഒരു ഐഡിയവെച്ച് ആ തിരക്കഥ ഞാന്‍ പൂര്‍ത്തിയാക്കി. എറണാകുളം ബി.ടി.എച്ചില്‍ വെച്ച് ഞാനും സംവിധായകനും ചേര്‍ന്ന് ബാലചന്ദ്രമേനോനെ ആ തിരക്കഥ വായിച്ചുകേള്‍പിച്ചു. അത് വായിച്ച് കേട്ടപ്പോള്‍ അദ്ദേഹം പൂര്‍ണസംതൃപ്തനായിരുന്നു. ചെറിയ ചില നിര്‍ദേശങ്ങളൊക്കെ അദ്ദേഹവും പറഞ്ഞു. ജഗദീഷിനോടും കഥ പറഞ്ഞു. അദ്ദേഹവും ഹാപ്പിയായിരുന്നു.
അങ്ങനെ ആ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. അന്യഭാഷയില്‍ നിന്ന് വന്ന ഒരു പുതിയ നായികയായിരുന്നു ആ സിനിമയിലുണ്ടായിരുന്നത്. സഹോദരീ സഹോദര ബന്ധമായിരുന്നു സിനിമയുടെ ഇതിവൃത്തം. നല്ല ഹ്യൂമറുള്ള ഒരു ഫാമിലി സബ്ജക്ടായിരുന്നു. ആ സിനിമയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി. അന്ന് ഡിസ്ട്രിബ്യൂഷന്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്ന ഒരു രീതിയുണ്ടായിരുന്നു.
ഈ സിനിമയുടെ സിഡ്ട്രിബ്യൂഷന്‍ എടുത്ത ആള്‍ സിനിമയുടെ നെഗറ്റീവ് റോളുകള്‍ (ഷൂട്ടിങ് പൂര്‍ത്തിയാക്കിയ, ക്യാമറയില്‍ നിന്നുള്ള ഫിലിം റോളുകള്‍) പണയം വെച്ച് ഒരിടത്ത് നിന്ന് പണം കടം വാങ്ങി. അക്കാലത്ത് അയാള്‍ ഡിസ്ട്രിബ്യൂഷനെടുത്ത മൂന്ന് സിനിമകളുടെ നെഗറ്റീവുകള്‍ അദ്ദേഹം പണയം വെച്ചിരുന്നു. വലിയ സാമ്പത്തിക പ്രശ്‌നത്തില്‍ പെട്ടെ അദ്ദേഹത്തെ പിന്നെ കാണാനുണ്ടായിരുന്നില്ല.
ഡിസ്ട്രിബ്യൂട്ടറെ പല തവണ പിന്നീട് ബന്ധപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. അദ്ദേഹം പണയം വെച്ച മൂന്ന് നെഗറ്റീവ് റോളുകളുടെയും സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്താല്‍ മാത്രമെ അമ്മുവിന്റെ ആങ്ങളമാരുടെ നെഗറ്റീവും ലഭിക്കുമായിരുന്നുള്ളൂ. അത്രയും വലിയ പണം മുടക്കാന്‍ നിര്‍മാതാവിനും കഴിയുമായിരുന്നില്ല. അങ്ങനെ ആ സിനിമ ഇന്നും റിലീസാകാതെ പെട്ടിയിലിരിക്കുകയാണ്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.
content highlights: An unreleased film by Benny P. Nayarambalam