| Monday, 7th May 2018, 1:32 pm

കോണ്‍ഗ്രസുമായുള്ള ധാരണ സാധ്യമാണ്; സി.പി.ഐ.യുടെയും സി.പി.ഐ.എമ്മിന്റെയും നിലപാടുകള്‍ ഒന്നായിരിക്കുകയാണ്: സുധാകര്‍ റെഡ്ഡി സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മോദി നയിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ എങ്ങനെ പ്രതിരോധിക്കാനാണ് സി.പി.ഐ കരുതുന്നത് ?

ബി.ജെ.പിയുടെ ഫാസിസ്റ്റ് പ്രവണത വളരെ അപകടകരമാണ്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളോടും ദളിതരോടുമുള്ള അവരുടെ മനോഭാവം.  മാത്രവുമല്ല ഈ സര്‍ക്കാരിന്റെ നിലപാടുകള്‍ കോര്‍പറേറ്റ് അനുകൂലവും ജനവിരുദ്ധവുമാണ്.

അവശ്യ വസ്തുക്കളുടെ വില വര്‍ദ്ധിച്ചു വരികയാണ്. ഇന്ധനവില അടിക്കടി വര്‍ധിപ്പിച്ചു കൊണ്ടാണ് സര്‍ക്കാരിത് ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ നികുതി സര്‍ക്കാര്‍ ഒമ്പത് തവണയാണ് വര്‍ദ്ധിപ്പിച്ചത്. ഇത് എസ്.യുവി ഉള്ളവരെ മാത്രമല്ല പാവപ്പെട്ടവരെയും മദ്ധ്യനിരക്കാരെയുമാണ് ബാധിക്കുന്നത്. ഈ സര്‍ക്കാരില്‍ നിറയെ അഴിമതിയാണ്. റാഫേല്‍ വിമാന ഇടപാട് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. കള്ളപ്പണം തിരിച്ചു പിടിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വാക്ക് പാലിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

അതുകൊണ്ട് എല്ലാ ജനാധിപത്യ മതേതര-ശക്തികളും ന്യൂനപക്ഷങ്ങളും ദളിതരും ബുദ്ധിജീവികളും സിവില്‍ സമൂഹവുമെല്ലാം ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ ഒന്നിക്കണമെന്നാണ് സി.പി.ഐ.യുടെ അഭിപ്രായം.

അങ്ങനെയെങ്കില്‍ നിങ്ങളുടെ തെരഞ്ഞെടുപ്പ് നയവും കോണ്‍ഗ്രസുമായുള്ള ബന്ധവും എങ്ങനെയായിരിക്കും

ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ദേശീയ തലത്തില്‍ പാര്‍ട്ടികളുമായുള്ള പരസ്പര ധാരണ സാധ്യമാവുകയില്ല. സംസ്ഥാനങ്ങളുടെ പ്രത്യേക സാഹചര്യം അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. ബി.ജെ.പിക്കുള്ള പിന്തുണ ഇപ്പോള്‍ തന്നെ കുറഞ്ഞിട്ടുണ്ട്. 2014 വോട്ടെടുപ്പില്‍ കിട്ടിയ വോട്ടുകള്‍ ഇനി കിട്ടില്ല. യു.പിയിലെ ഗൊരഖ്പൂരിലും ഫുല്‍പൂരിലും നമ്മളിത് കണ്ടതാണ്.

സംസ്ഥാന തലത്തിലും എല്ലാ മതേതര ശക്തികളും ഒന്നായി വരണം. കോണ്‍ഗ്രസ് ഉള്‍പ്പടെ, കോണ്‍ഗ്രസുമായുള്ള സഖ്യത്തെ കുറിച്ചല്ല സംസാരിക്കുന്നത് മറിച്ച് ധാരണ സാധ്യമാണെന്നതാണ്.

മമതാ ബാനര്‍ജി മുന്നോട്ടു വെച്ച 1:1 സഖ്യത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ്

എല്ലാ സംസ്ഥാനങ്ങളിലും ഇത് സാധ്യമായി കൊള്ളണമെന്നില്ല. ചില സംസ്ഥാനങ്ങളില്‍ പ്രാവര്‍ത്തികമായേക്കാം. ഉദാഹരണം ബംഗാള്‍ എടുത്തു നോക്കുകയാണെങ്കില്‍ ഇത് സാധ്യമാവുമോ ? ബംഗാളില്‍ അവര്‍ ജനാധിപത്യത്തെ ഞെരിക്കുമ്പോള്‍ എല്ലാവരും അവരെ പിന്തുണയ്ക്കണമെന്നാണ്.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും കോണ്‍ഗ്രസിതര ഫെഡറല്‍ സഖ്യത്തെ കുറിച്ച് സംസാരിക്കുന്നുണ്ട് അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് ?

അമിത് ഷാ വളരെ സന്തോഷത്തോടെയാണ് ചന്ദ്രശേഖര റാവുവിന്റെ സഖ്യത്തെ സ്വാഗതം ചെയ്തത്. ഇത് തന്നെ വ്യക്തമാക്കുന്നുണ്ട് സഖ്യം കൊണ്ട് ആര്‍ക്കാണ് ലാഭമെന്ന്. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുഖ്യ എതിരാളിയായതിനാല്‍ ആ നിലയ്ക്കാണ് അദ്ദേഹം സഖ്യത്തെ കുറിച്ച് ആലോചിക്കുന്നത്. ആരാണ് യഥാര്‍ത്ഥ ശത്രുവെന്ന് റാവു മനസിലാക്കിയിട്ടില്ല. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരേ പോലെ കാണാനാകില്ല. സി.പി.ഐയെ സംബന്ധിച്ചെടുത്തോളം ബി.ജെ.പിയാണ് പ്രധാന ശത്രു. ഇപ്പറഞ്ഞ “ഫെഡറല്‍ ഫ്രണ്ട്” പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുകയേ ഉള്ളൂ. ഇക്കാരണം കൊണ്ടാണ് അമിത് ഷായ്ക്ക് ഇത്ര സന്തോഷം.

പാര്‍ലമെന്റിലും അസംബ്ലികളിലുമായി ഏറ്റവും കുറഞ്ഞ അംഗബലമാണ് ഇടതുപക്ഷത്തിന് ഇപ്പോഴുള്ളത്

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാവും. അതുകൊണ്ട്, ഇപ്പോള്‍ ഇടതുപക്ഷത്തിന് പാര്‍ലമെന്റിലും നിയമസഭകളിലും സാന്നിധ്യമില്ല. ഇത് തെരഞ്ഞെടുപ്പ് രംഗത്തെ “ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ്” സംവിധാനം കൊണ്ട് കൂടിയാണ്. ഞങ്ങളുടെ വോട്ടുവിഹിതം കുറഞ്ഞിട്ടുണ്ടാകാം പക്ഷെ പൂര്‍ണ്ണമായും ഇല്ലാതായെന്ന് പറയാന്‍ കഴിയില്ല. വരും തെരഞ്ഞെടുപ്പില്‍ എണ്ണം ഞങ്ങള്‍ മെച്ചപ്പെടുത്തും.

വര്‍ഗീയ ധ്രുവീകരണത്തിന്റെയും വിദ്വേഷത്തിന്റെയും ഈ കാലഘട്ടത്തില്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും മുഖ്യ എതിരാളിയായിട്ടാണ് ഇടതുപക്ഷത്തെ കാണുന്നത്. ഞങ്ങള്‍ക്ക് സ്വന്തം അവരെ തടുക്കാന്‍ സാധിക്കും.

സി.പി.ഐ.എം ഈയടത്ത് രാഷ്ട്രീയ നിലപാടില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നുവല്ലോ, അതിനോടുള്ള താങ്കളുടെ അഭിപ്രായമെന്താണ് ?

അതൊരു നല്ല കാര്യമാണ്. ഇപ്പോള്‍ സി.പി.ഐ.എമ്മിന്റേയും സി.പി.ഐയുടേയും രാഷ്ട്രീയ-തിരഞ്ഞെടുപ്പ് നിലപാടുകള്‍ ഒരേപോലെയായി. ഇടത്പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഈ മാറ്റം വരുന്നത് വരെ ഞങ്ങളുടെ വ്യത്യസ്തമായ സമീപനങ്ങളെ കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. സി.പി.ഐ.എമ്മിന്റെ നിലപാട് മാറ്റം മെച്ചപ്പെട്ട ഏകോപനത്തിനും കൂടുതല്‍ യോജിപ്പുകള്‍ക്കും സഹായിക്കുമെന്നാണ് എന്റെ തോന്നല്‍.

ഇടതുപാര്‍ട്ടികളില്‍ യുവാക്കള്‍ കുറഞ്ഞു വരുന്നതിനെ പറ്റി

പണം കൊണ്ടും മസില്‍പവര്‍ കൊണ്ടും ബൂര്‍ഷ്വാ പാര്‍ട്ടികള്‍ യുവാക്കളെ എപ്പോഴും ആകര്‍ഷിച്ചിട്ടുണ്ട്. പക്ഷെ നിയോലിബറല്‍ നയങ്ങള്‍ ഓരോരുത്തരെയും ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് യുവാക്കള്‍ക്ക് ഇടതുമുന്നേറ്റത്തെ തിരിച്ചറിയാന്‍ സഹായിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

കടപ്പാട്:ദ ഹിന്ദു

We use cookies to give you the best possible experience. Learn more