തിരുവനന്തപുരം: എ.എന്‍. ഷംസീര്‍ എം.എല്‍.എ കേരള നിയമസഭയുടെ 24ാം സ്പീക്കറായി ചുമതലയേറ്റു. സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിയായി ചുമതലയേറ്റതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 96 വോട്ടുകള്‍ ഷംസീര്‍ നേടിയപ്പോള്‍ പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്ത് 40 വോട്ടുകളാണ് നേടിയത്.
ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഷംസീറിനെ അഭിനന്ദിച്ചു.
ഷംസീറിന് പ്രായത്തില്‍ കവിഞ്ഞ് നില്‍ക്കുന്ന പക്വതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്റെ പടവുകളിലേക്കാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
സഭാ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ച പ്രമുഖരുടെ നിരയാണ് നിയമസഭയ്ക്കുള്ളത്. ആ നിരയില്‍ ഇടംപിടിക്കാന്‍ ഷംസീറിന് കഴിയും. സഭയ്ക്ക് പൊതുവെ യുവത്വം ഉണ്ട്. ആ പ്രായത്തിലുള്ള ഒരാള്‍ സ്പീക്കര്‍ ആകുമ്പോള്‍ പ്രസരിപ്പ് ഉണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ.എം സംസ്ഥാന സമിതി അംഗമാണ് ഷംസീര്‍. തലശ്ശേരി മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് തവണ എം.എല്‍.എ.യായ എ.എന്‍. ഷംസീര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യ സ്പീക്കറാണ്.
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് ഷംസീര്‍ പൊതുരംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ അഞ്ചുതവണ എം.എല്‍.എയായ തലശ്ശേരി മണ്ഡലം ഷംസീറിന് കൈമാറുകയായിരുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.എല്‍.എയായത്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഗവ. ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഫിലോസഫി ബിരുദവും കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്ന് എല്‍എല്‍.ബിയും എല്‍.എല്‍.എമ്മും പൂര്‍ത്തിയാക്കി.