കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍. കുത്താനൊരു വടിയുണ്ടെന്ന് കരുതി എന്തും ചോദിക്കരുത് എന്നായിരുന്നു ഷംസീര്‍ പറഞ്ഞത്. പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഷംസീര്‍ മാധ്യമപ്രവര്‍ത്തകരോട് ചൂടായത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.
“”ഇന്ററോഗേഷന്‍ വേണ്ട, ഇന്റര്‍വ്യൂ മതി. കുത്താനൊരു വടിയുണ്ടെന്ന് കരുതി എന്തും ചോദിച്ചുകളയാമെന്ന് കരുതരുത്. കമ്പുകൊണ്ട് ഞങ്ങളെ അങ്ങ് പൂശിക്കളയാമെന്ന് നിങ്ങള്‍ വിചാരിക്കണ്ട”- എ.എന്‍ ഷംസീര്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ വിഷയം ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് നേതാക്കള്‍ പ്രതികരിച്ചിരുന്നില്ല. ഇത് പറയാന്‍ താന്‍ പ്രവാചകനല്ലെന്നും ചര്‍ച്ച ചെയ്യാം ചെയ്യാതിരിക്കാം എന്നുമായിരുന്നു സെക്രട്ടറി എം. സ്വരാജ് മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി. വനിതാ നേതാവിന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും സ്വരാജ് പറഞ്ഞിരുന്നു.
ശ്രീധരന്‍ പിള്ളയെ അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലില്‍ പരാതി
അതേസമയം പി.കെ ശശിക്ക് എതിരെയുള്ള പീഡന പരാതിയെ കുറിച്ച് പരാമര്‍ശിക്കാതെയാണ് പ്രവര്‍ത്തന സമിതി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കൂടാതെ ശബരിമല വിഷവും കെ.ടി ജലീലിന് എതിരെയുള്ള ബന്ധുനിയമന വിവാദവും ഒന്നും ചര്‍ച്ചയായിരുന്നില്ല.
ഡി.വൈ.എഫ്.ഐ സംഘടനാ റിപ്പോര്‍ട്ടില്‍ എ.എന്‍. ഷംസീറിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. താന്‍പ്രമാണിത്തവും ധിക്കാരവും നേതാക്കള്‍ക്കു നല്ലതല്ലെന്ന് വിമര്‍ശനമുയര്‍ന്നു. സംഘടനാ നേതാക്കള്‍ക്ക് വിനയവും സൗമ്യതയുമാണു വേണ്ടതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
ചിലരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മോശമാണ്. ഈ രീതി മാറിയേ തീരൂ. സി.പി.ഐ.എം നേതാക്കളെ സന്തോഷിപ്പിക്കാനാണ് ചിലര്‍ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. സി.പി.ഐ.എമ്മിന്റെ ബി ടീമായി കേരളത്തിലെ ഡി.വൈ.എഫ്.ഐ മാറിയെന്നും സംഘടനാ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.