| Sunday, 8th May 2022, 3:28 pm

ഇന്ധന വിലവര്‍ധനവിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാര്‍; തൃക്കാക്കരയില്‍ സഭാവിശ്വാസികളുടെ വോട്ട് ബി.ജെ.പിക്ക്: എ.എന്‍. രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇന്ധന-പാചകവാതക വിലവര്‍ധനവിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരാണെന്ന് തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍. ഇന്ധനവില അടക്കമുള്ള വിലക്കയറ്റം തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കിയാല്‍ ബി.ജെ.പിക്ക് തിരിച്ചടിയാകില്ലെ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായായരുന്നു അദ്ദേഹം. തൃക്കാക്കരയില്‍ വിജയിക്കാനാകുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

‘വിലക്കയറ്റം തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണം. ഇതിലെ ഒന്നാം പ്രതി കേരളത്തിലെ ധനകാര്യ മന്ത്രിയാണ്. ഇന്ധന നികുതി ജി.എസ്.ടിയില്‍ പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപട് എല്ലാവരും കണ്ടതാണല്ലോ. കേരളത്തിന്റെ ധനമന്ത്രി പറഞ്ഞത്. ഞങ്ങളുടെ വരുമാനം ലോട്ടറി, മദ്യം, പെട്രോള്‍ എന്നിവയാണെന്നാണ്. ആ നിലപാട് ചര്‍ച്ചയാകണം,’ രാധാകൃഷ്ണന്‍ പറഞ്ഞു.

മണ്ഡലത്തിലെ വോട്ടര്‍മാരുമായി നേരിട്ട് ബന്ധമുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ വികസ പദ്ധതികള്‍ തനിക്ക് ഗുണം ചെയ്യുമെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. സഭാവിശ്വാസികളുടെ വോട്ട് ബി.ജെ.പിക്കായിരിക്കുമെന്നും ഇരട്ടനീതിയും ലവ് ജിഹാദും ചര്‍ച്ചയാക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും എ.എല്‍. രാധാകൃഷ്ണനും പ്രതികരിച്ചു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ എ.എന്‍. രാധാകൃഷ്ണന്‍. ബി.ജെ.പി ദേശീയ അധ്യക്ഷനായ ജെ.പി നദ്ദയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തൃക്കാക്കരയില്‍ ബി.ജെ.പി വാശിയേറിയ മത്സരത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

15,000 വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും ബി.ജെ.പി നേടിയത്. സഭയുടെയും വിശ്വാസികളുടേയും വോട്ട് നിര്‍ണായകമായ മണ്ഡലത്തിന് പരിചിതമായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വഴി വോട്ട് ശതമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഇതോടെ തൃക്കാക്കര ത്രികോണ പോരിനൊരുങ്ങുകയാണ്.

CONTENT HIGHLIGHTS: AN Radhakrishnan says state government is responsible for fuel and LPG price hike

We use cookies to give you the best possible experience. Learn more