ഒ.രാജഗോപാലന്റെ പിന്‍ഗാമിയായിയെന്ന് പറഞ്ഞത് പൊളിറ്റിക്‌സ്; തൃക്കാക്കര സി ക്ലാസ് മണ്ഡലം: എ.എന്‍.രാധാകൃഷ്ണന്‍
കൊച്ചി: നേമത്ത് ഒ. രാജഗോപാലന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തുമെന്ന് പറഞ്ഞതില്‍ നിന്ന് പിന്നോട്ടുപോയി തൃക്കാക്കരയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍.രാധകൃഷ്ണന്‍. പറഞ്ഞത് അതിന്റെ പൊളിറ്റിക്‌സായിരുന്നെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്.
തൃക്കാക്കര സി ക്ലാസ് മണ്ഡലം മാത്രമാണ്. പക്ഷേ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഇത്തവണ കരുത്ത് കാട്ടുമെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.
ഫലം വരുമ്പോള്‍ ആര് ജയിച്ചാലും ചെറിയ ഭൂരിപക്ഷം ആയിരിക്കും. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ട് ബി.ജെ.പിക്ക് കിട്ടിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 7.30ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂം തുറന്നു വോട്ടിംഗ് മെഷീനുകള്‍ പുറത്തെടുക്കും.
വോട്ടെണ്ണുന്നതിനായി 21 കൗണ്ടിംഗ് ടേബിളുകളാണ് ഉണ്ടാകുക. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ ഉണ്ടാകും. എല്ലാ കൗണ്ടിംഗ് ടേബിളുകളിലും സ്ഥാനാര്‍ഥികളുടെ ഓരോ കൗണ്ടിംഗ് ഏജന്റുമാരും ഉണ്ടായിരിക്കും.
എട്ടരയോടെ ആദ്യ സൂചനകള്‍ പുറത്ത് വരും.പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. തൃക്കാക്കരയില്‍ ഇത്തവണ 68.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 239 ബൂത്തുകളിലായി 1,35,342 പേരാണ് വോട്ടുചെയ്തത്.
CONTENT HIGHLIGHTS: AN Radhakrishnan backtracks on his promise to succeed Rajagopalan in the Assembly