| Wednesday, 21st November 2018, 12:26 pm

യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും; എസ്.പി കേന്ദ്രമന്ത്രിയെ എതിര്‍ത്തത് കറുത്തവനായതിനാലെന്നും എ.എന്‍ രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പമ്പ: യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുമെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം പമ്പയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

നിലയ്ക്കലില്‍ പൊലീസിന്റെ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നാണ് എ.എന്‍ രാധാകൃഷ്ണന്റെ ആരോപണം. ധിക്കാരപരമായ സമീപനമാണ് യതീഷ് ചന്ദ്രയുടെ ഭാഗത്തുനിന്നുണ്ടായതെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

കഴിഞ്ഞദിവസം യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊക്കെ വന്ന വേളയില്‍ ഉണ്ടായ ഒരു സമീപനമല്ല പൊലീസിന്റെ ഭാഗത്തുനിന്നും ഇന്നുണ്ടായത്. കറുത്ത നിറമുള്ളവന്‍ ആണ് എന്നുളള വിവേചനപൂര്‍ണമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Also Read:ഖഷോഗ്ജി കൊലയ്ക്കിപ്പുറവും സൗദിയ്ക്കും മുഹമ്മദ് ബിന്‍ സല്‍മാനുമൊപ്പം നിലകൊള്ളും: നിലപാട് വ്യക്തമാക്കി ട്രംപ്

സ്വകാര്യ വാഹനങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ ബി.ജെ.പി നേതാക്കള്‍ക്കും ഭക്തര്‍ക്കും പൊലീസ് അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് യതീഷ് ചന്ദ്രയും കേന്ദ്രമന്ത്രിയും തമ്മില്‍ ഏറെ നേരെ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പിന്നാലെ യതീഷ് ചന്ദ്രയോട് രാധാകൃഷ്ണന്‍ രോഷാകുലനായിരുന്നു.

പ്രളയത്തെ തുടര്‍ന്ന് മണ്ണെല്ലാം നനഞ്ഞ് കുതിര്‍ന്നിരുന്നതിനാല്‍ ഏതു സമയത്തും മണ്ണിടിച്ചലുണ്ടാകാമെന്നും അക്കാരണം കൊണ്ടുമാത്രമാണ് വാഹനങ്ങള്‍ പ്രവേശിപ്പിക്കാത്തതെന്നുമായിരുന്നു യതീഷ് ചന്ദ്ര മന്ത്രിക്കു മുമ്പാകെ പറഞ്ഞത്.

അങ്ങനെയാണെങ്കില്‍ കെ.എസ്.ആര്‍.ടി.സിയെ എന്തുകൊണ്ടാണ് പാര്‍ക്കു ചെയ്യാന്‍ അനുവദിക്കുന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ആളുകളെ ഇറക്കിയശേഷം അവിടെ നിന്നും തിരിച്ചുപോരുകയാണ് ചെയ്യുന്നതെന്നും അവിടെ പാര്‍ക്കു ചെയ്യുന്നില്ലെന്നും എസ്.പി വിശദീകരിച്ചിരുന്നു.

Also Read:“സുപ്രീം കോടതി വിധി അംഗീകരിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം”; വി. മുരളീധരനെ തിരിഞ്ഞുകൊത്തി പഴയ പ്രസ്താവന

എന്നാല്‍ ബി.ജെ.പി നേതാക്കളുടേതടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണമെന്ന നിലപാടില്‍ കേന്ദ്രമന്ത്രി ഉറച്ചു നിന്നു. ഇതോടെ “ഞാന്‍ എല്ലാ വാഹനങ്ങളെയും കടത്തിവിടാന്‍ തയ്യാറായാല്‍ ട്രാഫിക് ബ്ലോക്കുണ്ടാകും. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണോ”യെന്നും യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോടു ചോദിച്ചിരുന്നു.

“ആ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കില്ല” എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ഇതോടെ “അതാണ് ഇവിടെ കാര്യം. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും തയ്യാറാവില്ല” യെന്ന് യതീഷ് ചന്ദ്ര വിശദീകരിച്ചു. ഇതോടെ കേന്ദ്രമന്ത്രിക്ക് ഉത്തരംമുട്ടി. അതോടെ എ.എന്‍ രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് പൊട്ടിത്തെറിക്കുകയായിരുന്നു.

“നിങ്ങള്‍ ആരോടാണ് ചൂടാവുന്നത്. നിങ്ങള് ചെയ്യുന്ന പണി നിങ്ങള് ചെയ്യാതെ മന്ത്രിയോട് ചൂടാവുകയാ. നിങ്ങളെന്താ മുഖത്തു നോക്കി പേടിപ്പിക്കുന്നെ.” എന്നാണ് രാധാകൃഷ്ണന്‍ ചോദിച്ചത്. അതോടെ “ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുമോയെന്ന്” യതീഷ് ചന്ദ്ര രാധാകൃഷ്ണനോട് ചോദിച്ചു. ” മര്യാദയ്ക്ക് സംസാരിക്കണം മാഷേ. ഞങ്ങളെ മിനിസ്റ്ററോട് സംസാരിക്കുമ്പോള്‍ മര്യാദയ്ക്ക് സംസാരിക്കണം.” എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം.

Latest Stories

We use cookies to give you the best possible experience. Learn more