| Wednesday, 21st November 2018, 11:05 am

നിങ്ങളെന്താ മുഖത്ത് നോക്കി പേടിപ്പിക്കുന്നെ' പൊലീസിനു മുമ്പില്‍ കേന്ദ്രമന്ത്രിക്ക് ഉത്തരംമുട്ടിയപ്പോള്‍ എസ്.പി യതീഷ് ചന്ദ്രയോട് രോഷംതീര്‍ത്ത് എ.എന്‍ രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: സ്വകാര്യ വാഹനങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് അനുമതി നിഷേധിച്ചതിന് പൊതുമധ്യത്തില്‍ എസ്.പി യതീഷ് ചന്ദ്രയോട് കയര്‍ത്ത് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് പ്രവേശിച്ചാലുണ്ടാവുന്ന ട്രാഫിക് ജാമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് യതീഷ് ചന്ദ്ര ചോദിച്ചതോടെയാണ് എ.എന്‍ രാധാകൃഷ്ണന്‍ എസ്.പിയെ ചീത്തവിളിച്ചത്.

സ്വകാര്യ വാഹനം പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് എസ്.പി യതീഷ് ചന്ദ്രയും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തിനിടെയായിരുന്നു സംഭവം.

പ്രളയത്തെ തുടര്‍ന്ന് മണ്ണെല്ലാം നനഞ്ഞ് കുതിര്‍ന്നിരുന്നതിനാല്‍ ഏതു സമയത്തും മണ്ണിടിച്ചലുണ്ടാകാം. അക്കാരണം കൊണ്ടുമാത്രമാണ് വാഹനങ്ങള്‍ പ്രവേശിപ്പിക്കാത്തതെന്ന് യതീഷ് ചന്ദ്ര മന്ത്രിക്കു മുമ്പാകെ വിശദീകരിച്ചു.

അങ്ങനെയാണെങ്കില്‍ കെ.എസ്.ആര്‍.ടി.സിയെ എന്തുകൊണ്ടാണ് പാര്‍ക്കു ചെയ്യാന്‍ അനുവദിക്കുന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. കെ.എസ്.ആര്‍.ടി.സി ആളുകളെ ഇറക്കിയശേഷം അവിടെ നിന്നും തിരിച്ചുപോരുകയാണ് ചെയ്യുന്നതെന്നും അവിടെ പാര്‍ക്കു ചെയ്യുന്നില്ലെന്നും എസ്.പി വിശദീകരിച്ചു.

Also Read:ശബരിമല യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം; ബി.ജെ.പി നടത്തുന്നത് സാമൂഹിക നീതി നിഷേധമെന്നും വിമര്‍ശനം

എന്നാല്‍ ബി.ജെ.പി നേതാക്കളുടേതടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണമെന്ന നിലപാടില്‍ കേന്ദ്രമന്ത്രി ഉറച്ചു നിന്നു. ഇതോടെ “ഞാന്‍ എല്ലാ വാഹനങ്ങളെയും കടത്തിവിടാന്‍ തയ്യാറായാല്‍ ട്രാഫിക് ബ്ലോക്കുണ്ടാകും. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണോ”യെന്നും യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോടു ചോദിച്ചു.

“ആ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കില്ല” എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ഇതോടെ “അതാണ് ഇവിടെ കാര്യം. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും തയ്യാറാവില്ല” യെന്ന് യതീഷ് ചന്ദ്ര വിശദീകരിച്ചു. കേന്ദ്രമന്ത്രിക്ക് ഉത്തരംമുട്ടി. അതോടെ എ.എന്‍ രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് പൊട്ടിത്തെറിക്കുകയായിരുന്നു.

Also Read:ബി.ജെ.പി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്തെത്തിയ എട്ട് പേര്‍ കരുതല്‍ തടങ്കലില്‍

“നിങ്ങള്‍ ആരോടാണ് ചൂടാവുന്നത്. നിങ്ങള് ചെയ്യുന്ന പണി നിങ്ങള് ചെയ്യാതെ മന്ത്രിയോട് ചൂടാവുകയാ. നിങ്ങളെന്താ മുഖത്തു നോക്കി പേടിപ്പിക്കുന്നെ.” എന്നാണ് രാധാകൃഷ്ണന്‍ ചോദിച്ചത്. അതോടെ “ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുമോയെന്ന്” യതീഷ് ചന്ദ്ര രാധാകൃഷ്ണനോട് ചോദിച്ചു. ” മര്യാദയ്ക്ക് സംസാരിക്കണം മാഷേ. ഞങ്ങളെ മിനിസ്റ്ററോട് സംസാരിക്കുമ്പോള്‍ മര്യാദയ്ക്ക് സംസാരിക്കണം.” എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more