കോഴിക്കോട്: കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഡി.വൈ.എഫ്.എഫ് സ്ഥാപിച്ചിട്ടുള്ള ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍.
ചെഗുവേര അക്രമകാരിയായിരുന്നു. പ്രാകൃതമായ കൊലപാതങ്ങള്‍ നടത്തിയ ചെഗുവേരയെ ഡി.വൈ.എഫ്.ഐ ഗ്രാമങ്ങളില്‍ വിഗ്രഹമായി പ്രതിഷ്ടിക്കുന്നു. യുവാക്കള്‍ക്കിടയില്‍ അരക്ഷിതാവസ്ത വളര്‍ത്തുന്നതിന് ചെഗുവേരയുടെ ചിത്രം കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെഗുവേരയ്ക്ക് കബാന ജയിലിന്റെ ചുമതലയുണ്ടായിരുന്ന കാലത്ത് കറുത്തവര്‍ഗക്കാരെയും ക്രിസ്ത്യന്‍ പുരോഹിതന്‍മാരെയും ക്രൂരമായാണ് കൊലപ്പെടുത്തിയത്. ഇത്തരത്തിലുള്ള ഒരു വ്യക്തിയുടെ ചിത്രം ഗാന്ധിജിയുടെയും സ്വാമി വിവേകാനന്ദന്റെയും കൂടെവെയ്ക്കുന്നത് ഡി.വൈ.എഫ്.ഐ അവസാനിപ്പിക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
സംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും അദ്ദേഹം രാജ്യം വിട്ടു പോകണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകളുമായി കമലിനു ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ദേശീഗാനവിവാദവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി കമലിനെതിരെ രംഗത്തുവന്നത്. ചലച്ചിത്ര മേളയില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്ന് കമല്‍ പറഞ്ഞെന്നാരോപിച്ചാണ് ബി.ജെ.പി കമലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. കമലിന്റെ വീട്ടിലേക്ക് മാര്‍ച്ചു നടത്തുകയും ചെയ്തിരുന്നു.