തൃശ്ശൂര്‍: ബി.ജെ.പിയെ തകര്‍ക്കാനുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ക്യാപ്റ്റനാവുകയാണു മുഖ്യമന്ത്രിയെന്നു എ.എന്‍. രാധാകൃഷ്ണന്‍. വാദിയെ പ്രതിയാക്കാനാണു കൊടകരയില്‍ സര്‍ക്കാരും അന്വേഷണ സംഘവും ശ്രമിക്കുന്നതെന്നും എ.എന്‍. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി. നേതാക്കള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി. സോജന്‍ വെറുക്കപ്പെട്ടയാളാണെന്നും മറ്റൊരു എ.സി.പി. വി.കെ. രാജു ഇടതു സഹയാത്രികനാണെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണു അന്വേഷണ സംഘം പ്രതികളുടെ രാഷ്ട്രീയ ബന്ധം പുറത്ത് വിടാത്തത് എന്നും എ.എന്‍. രാധാകൃഷ്ണന്‍ ചോദിച്ചു. പ്രതികളിലൊരാളായ മാര്‍ട്ടിന്‍ സി.പി.ഐ. പ്രവര്‍ത്തകനാണ്. മാര്‍ട്ടിന്റെ രേഖകള്‍ പരിശോധിച്ചാല്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എ.യെ ചോദ്യം ചെയ്യേണ്ടിവരുമെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.
ബി.ജെ.പിയെ പൊതു സമൂഹത്തിനു മുന്നില്‍ തേജോവധം ചെയ്യാനാണു നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയില്‍ പിണറായി വിജയനും വി.ഡി. സതീശനും ചേട്ടനും അനിയനും കളിക്കുകയാണ്. ബി.ജെ.പി. ഇല്ലാത്ത വേദിയില്‍ ബി.ജെ.പി.യെക്കുറിച്ചു ആക്ഷേപം പറഞ്ഞു സായൂജ്യമടയുകയാണെന്നും കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നു പിണറായി വിജയനെ ഓര്‍മിപ്പിക്കുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസവും കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പിയെ മനപൂര്‍വ്വം ആക്രമിക്കുകയാണെന്നു ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചിരുന്നു. കേസിലെ പ്രതികള്‍ക്കു സി.പി.ഐ.എം-സി.പി.ഐ. ബന്ധമാണ് ഉള്ളതെന്നു കുമ്മനം രാജശേഖരനും പറഞ്ഞു.
ധര്‍മരാജന്‍ കേസില്‍ പരാതിക്കാരനാണെന്നും പരാതിക്കാരന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു ബി.ജെ.പി. നേതാക്കളെ മുഴുവന്‍ കുഴല്‍പ്പണ കേസുമായി ബന്ധമുണ്ടെന്നു വരുത്തി തീര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: AN Radhakrishnan about govt and udf in Kodakara case