കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെയും കടുത്ത വിമര്‍ശകനായിരുന്ന മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് വിധിച്ച കോടതി വിധി ഞെട്ടലോടെയാണ് രാജ്യം കേട്ടത്.
മുപ്പത് വര്‍ഷം മുമ്പ് നടന്ന ഒരു കസ്റ്റഡി മരണ കേസിലായിരുന്നു ജാംനഗര്‍ കോടതിയുടെ ഈ വിധി. കേസില്‍ രാഷ്ട്രീയപകപോക്കലുണ്ട് എന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.
ഒരു വര്‍ഗീയ സംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുക്കുകയും അതില്‍ ഒരാള്‍ മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയും ചെയ്‌തെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
കേസില്‍ 11 സാക്ഷികളെക്കൂടി വിസ്തരിക്കണമെന്നാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹരജി സുപ്രീം കോടതി ജൂണ്‍ 12 ന് തള്ളിയിരുന്നു.
കേസില്‍ നീതിയുക്തമായ തീരുമാനത്തിലെത്താന്‍ ഈ സാക്ഷികളെ വിസ്തരിക്കേണ്ടത് അനിവാര്യമാണെന്ന സഞ്ജീവ് ഭട്ടിന്റെ വാദം കോടതി മുഖവിലക്കെടുത്തിരുന്നില്ല.
സജ്ഞീവ് ഭട്ടിനെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് ഒരു തുറന്ന കത്ത എഴുതിയിരിക്കുകയാണ് അധ്യാപകനും എഴുത്തുകാരനുമായ ജോബിഷ് വി.കെ.
‘മൗനം’ എന്ന ഒരു ജനതയുടെ മാതൃഭാഷ പഠിക്കാന്‍ കൂട്ടാക്കാത്തതിന്റെ ഫലമാണ് താങ്കള്‍ അനുഭവിക്കുന്നതെന്നാണ് കത്തില്‍ ജോബിഷ് പറയുന്നത്.
സഞ്ജീവ് ഭട്ടിനൊരു തുറന്ന കത്ത്.
…………………………
പ്രിയപ്പെട്ട സഞ്ജീവ് ഭട്ട്,
നിങ്ങളെന്തൊരു മനുഷ്യനാണ്.!
നിങ്ങളോട് ഈ രാജ്യം എത്രവട്ടം പറഞ്ഞിരുന്നു ഞങ്ങളുടെ മാതൃഭാഷ പഠിക്കാന്‍.
നിങ്ങള്‍ കൂട്ടാക്കിയില്ല.
അനുഭവിച്ചോ.!
അല്ലാതെ ഇപ്പോള്‍ മറ്റെന്ത് പറയാന്‍.
നിങ്ങള്‍ ഞങ്ങളുടെ മാതൃഭാഷ ശീലമാക്കാത്തതു കൊണ്ടുമാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് എനിക്കുറപ്പാണ്.
എനിക്കുമാത്രമല്ല.
ഇപ്പോള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുറപ്പാണ്.
ഒരായിരംവട്ടം നിങ്ങള്‍ക്ക് സൂചന കിട്ടിയിരുന്നു.
എന്നിട്ടും ഒരിക്കല്‍പ്പോലും നിങ്ങള്‍ ഞങ്ങളുടെ ഭാഷ രുചിക്കാന്‍ കൂട്ടാക്കിയില്ല.!
നിങ്ങള്‍ മാത്രമല്ല.
നിങ്ങളെപ്പോലുള്ള ചിലരുംകൂടി ബാക്കിയുണ്ടിവിടെ.
അവര്‍ക്കും കൂടിയുള്ള കത്താണിത്.
നിങ്ങള്‍ക്കു മാത്രമായെന്തിനാണിത്ര അഭിമാനബോധം.?
നീതിബോധം.?
ഞങ്ങളും ഈ മാതൃഭാഷയില്‍ ജനിച്ചു വീണതൊന്നുമല്ല.
ചെറിയ ഒച്ചയുണ്ടാക്കിക്കൊണ്ടു തന്നെയാണ് ഞങ്ങളും ഈ ലോകത്തിലേക്ക് കണ്ണു തുറന്നത്.
പക്ഷെ ഇപ്പോള്‍ ഒരിലയനക്കത്തേക്കാള്‍ നിശ്ശബ്ദമായി ഇവിടെ ജീവിക്കാന്‍ ഞങ്ങള്‍ പഠിച്ചു കഴിഞ്ഞിട്ടുണ്ട്.
മനുഷ്യരെ കൊത്തിയരിഞ്ഞ് തീക്കുണ്ഡത്തിലേക്കെറിഞ്ഞപ്പോഴോ,
ഗര്‍ഭപാത്രം കുത്തിക്കീറി കുഞ്ഞിനെയെടുത്ത്
റോഡിലേക്കെറിഞ്ഞപ്പോഴോ ഒക്കെ
ഞങ്ങള്‍ ഈ ഭാഷയില്‍ പിന്നെയും പിന്നെയും ഇരിപ്പുറപ്പിക്കുകയായിരുന്നു.
നിങ്ങളില്‍ച്ചിലര്‍ക്ക് മാത്രമാണ് അതൊരനീതിയാണെന്ന് തോന്നിയത്.!
അത് ഈ ഭാഷ പഠിക്കാത്തതു കൊണ്ടു മാത്രമാണ്.
ഈ ഭാഷ ആദ്യം വിഴുങ്ങുന്നത് ഈ നീതിബോധത്തെയാണ്.
അതാണ് ഈ ഭാഷയുടെ വ്യാകരണഗുണം.
എന്തൊരു സുന്ദരമാണത്.!
പഠിച്ചു തുടങ്ങുമ്പോള്‍ മനസിലാകുമത്.
ഇപ്പോള്‍ ചിലര്‍ക്കതെളുപ്പം മനസിലാവുന്നുണ്ട്.
വൈകിവന്നവര്‍ ഇപ്പോള്‍ ആദ്യം വന്നവരെപ്പോലെ പെരുമാറിത്തുടങ്ങി.!
എന്നിട്ടും നിങ്ങളെപ്പോലുള്ള ചിലര്‍ മാത്രം ഇത് പഠിക്കാന്‍ കൂട്ടാക്കിയില്ല.
നോക്കൂ…
നിയമം പോലും ഇപ്പോള്‍ നിങ്ങളെ ഒരാളെ മാത്രമാണ് കുറ്റവാളിയാക്കിയിരിക്കുന്നത്.
മറ്റാരുമില്ലാഞ്ഞിട്ടാണോ.?
അല്ല.
അവരൊക്കെ ഞങ്ങളുടെ മാതൃഭാഷ ശീലമാക്കിയതുകൊണ്ടുമാത്രമാണ്.!
ഇതാ ഇപ്പോള്‍ നിങ്ങളെ,
നിങ്ങളെ മാത്രം
ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങളുടെ ഭാഷയ്ക്ക് പിന്നെയും കരുത്തുണ്ടായിരിക്കയാണ്.
അതിന് പിന്നെയും പിന്നെയും വേരുകള്‍ പൊട്ടുകയാണ്.
ആ വേരുകള്‍ ദേശം മുഴുവന്‍ പായുകയാണ്.
അതെ
മൗനം.
മൗനം….
മൗനം തന്നെ.!
ഇപ്പോള്‍ ഇത് ഞങ്ങളുടെ മാത്രം മാതൃഭാഷയല്ല.
ഒരു ജനതയുടെ മുഴുവന്‍ മാതൃഭാഷയാകുന്നു.!
അതുകൊണ്ട്
‘പ്രിയപ്പെട്ട പോലീസുകാരാ’
നിങ്ങളുടെ ജീവപര്യന്തം ഞങ്ങള്‍ക്ക് ഒറ്റ ദിവസത്തെ വാര്‍ത്ത മാത്രമാണ്.
ഒറ്റ ദിവസത്തേത് മാത്രം.!
അല്ലെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവര്‍ ഞങ്ങളുടെ മാതൃഭാഷ പഠിക്കാന്‍ കൂട്ടാക്കാത്തവരാണ്.!
അവര്‍ നിങ്ങള്‍ക്ക് പിന്നിലെ ക്യൂവിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാത്തിരിക്കുന്നവര്‍ മാത്രം.
ഇപ്പോള്‍ നിര്‍ത്തുന്നു.
ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും
ജീവപര്യന്തം തടവിലാകുന്ന ഒരു രാജ്യത്തില്‍ നിന്നും
ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍
ഞങ്ങള്‍ നോക്കുകുത്തികള്‍ക്ക് സമാധാനമുണ്ടാവില്ല.!
അതുകൊണ്ട് മാത്രം, ഇത്രയെങ്കിലും.
വിശ്വസ്തതയോടെ,
അജ്ഞാതനും വിനീതനുമായ ഒരു ‘രാജ്യസ്‌നേഹി’
Read More