| Monday, 8th March 2021, 11:28 am

സ്ത്രീകള്‍ക്ക് സീറ്റ് കൊടുക്കരുതെന്ന് ഫത്‌വ പറഞ്ഞ സമസ്തയ്ക്ക് ഒരു തുറന്ന കത്ത്

താഹ മാടായി

ഓത്തുപള്ളിയിലെ പ്രണയങ്ങള്‍ ഓര്‍ത്തു പാടുന്ന പാട്ടാണ്, ‘ഓത്തുപള്ളിയില്‍ നമ്മളന്ന് പോയിരുന്ന കാലം’. പി.ടി. അബ്ദുറഹ്മാന്‍ എഴുതിയ ഈ ഗാനം വടകര കൃഷ്ണദാസ് ആലപിച്ചു. വി.ടി. മുരളി ആ വരികള്‍ പാടിപ്പാടി ജനപ്രിയമാക്കി. ഉമ്പായി, ഷഹബാസ് അമന്‍ തുടങ്ങിയവരെല്ലാം ഈ ഗാനം പാടിത്തുടങ്ങുമ്പോള്‍ തന്നെ കൈയടികളാല്‍ ഗാനാസ്വാദകരുടെ സ്‌നേഹം ഉള്ളില്‍ തൊടും വിധം അനുഭവിച്ചു.

ഒരിക്കല്‍ പോലും മദ്രസയില്‍ പോയിട്ടില്ലാത്തവരും പച്ച മാങ്ങ ഓര്‍മ്മയില്‍ കണ്ണിറുക്കി കടിച്ചു, ഉസ്താദിന്റെ ചൂരല്‍ വടിയുടെ ചൂരറിഞ്ഞു. പി.ടി. അബ്ദുറഹ്മാന്റെ വീട്ടില്‍ എം.ടി.യേയും കൊണ്ടുപോയ കാര്യം ഓര്‍ക്കുന്നുണ്ട് പുനത്തില്‍. സല്‍ക്കാര പ്രിയനായിരുന്നു, പി.ടി.അബ്ദു റഹ്മാന്‍. പോകുന്നവരെയെല്ലാം പാല്‍ പത്തിരി കൊണ്ടു സല്‍ക്കരിച്ചു. പി.ടി.യുടെ പുരയില്‍ ഒരു കിണ്ടിയുണ്ടായിരുന്നു. അത് കമിഴ്ത്തി വെച്ച്, താളം പിടിക്കുന്ന എം.ടി. ഓത്തുപള്ളി ആരിലും ഓര്‍മ്മയുടെ ഇമ്പമുള്ള ഈണമായി.

എന്താണ് മദ്രസ എന്ന അനുഭവം? ഒരു സുന്നി മദ്രസയില്‍ മതപഠനം നടത്തിയ ആള്‍ എന്ന നിലയില്‍ മദ്രസ പകര്‍ന്ന ചില അനുഭവങ്ങളുണ്ട്. വര്‍ഗീയതയുടെ ഏതെങ്കിലും പാഠങ്ങള്‍ മദ്രസയില്‍ നിന്ന് പഠിപ്പിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നുണ്ട്. സ്വര്‍ഗം, നരകം ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

എന്താണ് ഈ ദുനിയാവിലെ ജീവിതത്തിന്റെ ലക്ഷ്യം? പരലോകത്ത് സ്വര്‍ഗത്തിലെ ശാശ്വതമായ ജീവിതം. ദു:ഖം നല്‍കിയും സു:ഖം നല്‍കിയും ധനം നല്‍കിയും ദാരിദ്യം നല്‍കിയും അല്ലാഹു അവന്റെ അടിമയെ പരീക്ഷിക്കും. ഈ ദുനിയാവ് ഒരു പരീക്ഷണശാലയാണ്. സ്വര്‍ഗത്തിലേക്കുള്ള എന്‍ട്രന്‍സ് എക്‌സാം വിജയിക്കുന്നതിന് വേണ്ടി പടച്ചവന്‍ സൃഷ്ടിച്ച ഒരു കോച്ചിങ്ങ് സെന്റര്‍. സ്വര്‍ഗമാണ് ലക്ഷ്യം. ഈ സ്വര്‍ഗീയ പാത പഠിപ്പിക്കലാണ് മതപഠനം.

സ്വര്‍ഗത്തിലേക്കുള്ള വഴി വിശ്വാസികള്‍ക്ക് കാണിച്ചു കൊടുക്കുന്ന ഒരു പള്ളി മൗലവിയുടെ മാസ ശമ്പളം 4500 രൂപയാണ്. ചില മഹല്ലുകളിലെ പള്ളികളില്‍ അത് 7500 രൂപ വരെയായിട്ടുണ്ട്. ജുമുഅ ഉള്ള പള്ളികളിലെ ഖത്തീബുമാര്‍ക്ക് 10,000 രൂപയ്ക്കും 15000 ത്തിനുമിടയിലാണ് ശമ്പളം. നഗരത്തിലെ മസ്ജിദിലെ ഖത്തീബിന് കിട്ടുന്ന അതേ ശമ്പളമല്ല, ഗ്രാമ മസ്ജിദിലെ ഖത്തീബിന്. സുന്നി മൗലവിമാര്‍ക്ക് വീട്ടിലെ നേര്‍ച്ചകള്‍ക്ക് മുമ്പൊക്കെ വീട്ടുകാര്‍ സന്തോഷത്തോടെ ‘കൈ പൊത്തി’ കൊടുക്കുമായിരുന്നു.

നേര്‍ച്ചകള്‍ കുറഞ്ഞതോടെ ആ വരുമാനം കുറഞ്ഞു. നോമ്പുകാലമാണ് വര്‍ഷത്തില്‍ അല്‍പമെങ്കിലും സാമ്പത്തികമായ ആശ്വാസം കൊണ്ടു വരുന്നത്. സക്കാത്ത് ആയും ഹദിയ ആയും വിശ്വാസികള്‍ നല്‍കുന്ന തുക തെല്ലൊരു ആശ്വാസമാണെന്നു മാത്രം. ഒരു പള്ളി മൗലവിയോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: പള്ളിയിലെ ഇമാം എന്നത് ഒരു ജോലിയാണ്. നന്മയിലേക്ക് വരൂ… എന്ന് വിശ്വാസികളെ പ്രബോധനം ചെയ്യുന്ന ജോലി. പക്ഷെ, ഒരു മൗലവിയുടെ ജീവിതം എങ്ങനെ പോകുന്നു എന്ന് സമുദായം അന്വേഷിക്കുന്നില്ല.

തുടര്‍ന്ന് അദ്ദേഹം ഹദീസിലെ ഒരു വാക്യം ഉദ്ധരിച്ചു: മനസ്സിന്റെ ഐശ്വര്യമാണ് യഥാര്‍ഥ ഐശ്വര്യം. മറ്റെല്ലാം ക്ഷണികമാണ്.

മനസ്സിലെ ഐശ്വര്യം കൊണ്ട് കഞ്ഞി വേവില്ല എന്ന് ഏത് ഉസ്താദിനും വിശ്വാസിക്കുമറിയാം. കഞ്ഞി വേവാന്‍, അരി വേണം, ഗ്യാസ് വേണം. കറിക്ക് മീനോ ബീഫോ വേണം. കുട്ടികളുടെ വിദ്യാഭ്യാസം, കറന്റ് ബില്‍, ചികിത്സകള്‍ തുടങ്ങി മറ്റു പൗരന്മാരുടെ ദൈനംദിന ആവശ്യങ്ങള്‍ ഇവര്‍ക്കും നിറവേറ്റണം. അപ്പോള്‍, ഒരു മൗലവി അല്ലെങ്കില്‍ പള്ളി മുക്രി എന്നത് കീഴ് ജീവിതമാണ് നയിക്കുന്നത്. വളരെ പാവപ്പെട്ട ജീവിതം.

ഇനി നമുക്ക് ആ പാട്ടിലേക്ക് തന്നെ പോകാം. ഓത്തുപള്ളിയില്‍ നമ്മളന്ന് പോയിരുന്ന കാലമല്ല, ഈ കാലം. ചൂരല്‍ വീശുന്ന ഉസ്താദ് എവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. ഇനിയാണ്, യഥാര്‍ഥ കാര്യം, പള്ളികള്‍ എടുക്കാനുള്ള തടസ്സം മാറ്റുമെന്നും പള്ളി നിര്‍മ്മാണത്തിന് പഞ്ചായത്തുകള്‍ക്ക് തന്നെ അധികാരം നല്‍കുമെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പിണറായി പറഞ്ഞിരുന്നു. മുസ്‌ലിം സമുദായ നേതാക്കള്‍ അതിനെ പിന്തുണക്കുകയും ചെയ്തു. നിലവിലുള്ള പള്ളികളിലെ മുക്രിമാര്‍ തന്നെ പാവപ്പെട്ട ജീവിതമാണ് നയിക്കുന്നത്. പുതുതായി പള്ളി നിര്‍മ്മിക്കുമ്പോള്‍, മതത്തിന്റെ പേരില്‍കീഴ്ജീവനക്കാരെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

മാത്രവുമല്ല, സ്ത്രീകള്‍ക്ക് സീറ്റ് നല്‍കരുത് എന്ന് പറയുന്ന ആണുങ്ങള്‍ പ്രബോധനം ചെയ്യുന്ന ‘സമസ്ത’യ്ക്ക് കീഴിലാണ് കേരളത്തില്‍ ഭൂരിപക്ഷം പള്ളികളും. ‘സ്ത്രീകള്‍ക്ക് അധികാര കേന്ദ്രങ്ങളില്‍ എവിടെയും സീറ്റ്’ നല്‍കുന്നത് ഇഷ്ടപ്പെടുന്നവരല്ല, സമുദായ പ്രഭാഷകര്‍. പൗരത്വ സമരം വരുമ്പോള്‍ ഭരണഘടന ഉയര്‍ത്തി ജാഥ നയിക്കും. ഭരണകൂടത്തില്‍ നിന്ന് രാഷ്ട്രീയ വിവേചനം നേരിടുമ്പോള്‍ ഭരണഘടന, അവരവരുടെ സമുദായ കാര്യം പുരുഷന് അനുകൂലമാക്കാന്‍ ‘കിത്താബ്’ ഇതാണ് സമസ്തയുടെ ഒരു രീതി.

സമസ്ത മേഖലയും പുരുഷന്മാര്‍ കൈയടക്കി വെച്ച സംഘടനയാണ് ‘സമസ്ത’. അപ്പോള്‍ വനിതാ ദിനത്തിലെങ്കിലും നിയമ സഭയില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് സീറ്റ് വേണം എന്ന് തുറന്നു പറയാന്‍ ‘മുസ്‌ലിങ്ങളുടെ ആധികാരിക മതസംഘടന എന്ന്’ എന്ന് പുട്ടിന് തേങ്ങ ഇടുന്നത് പോലെ ഇടക്കിടെ പറയാറുള്ള സമസ്ത തയ്യാറാവണം. അള്ളാഹു സ്ത്രീകള്‍ക്കും പുരുഷമാര്‍ക്കും ഇരു ലോകത്തും നന്മ വരുത്തട്ടെ.

സ്ത്രീകള്‍ക്കു മാത്രം അവസരം കിട്ടുമ്പോള്‍ കെട്ടുന്ന മറയുടെ പേരാണ് ‘മതം.’ ഓത്തു പളളി കേട്ട് കണ്ണീര്‍ വാര്‍ക്കുന്നവര്‍, ആ നഷ്ട പ്രണയത്തെക്കുറിച്ചല്ല കണ്ണീര്‍ വാര്‍ക്കേണ്ടത്. പാട്ടിലല്ലാതെ ഇപ്പോഴും തുടരുന്ന മതപ്രഭാഷകരുടെയും സമുദായ മത നേതാക്കന്മാരുടെയും സ്ത്രീവിരുദ്ധതയെ ഓര്‍ത്താണ് കണ്ണീര്‍ വാര്‍ക്കേണ്ടത്. ഒരുപാട് പള്ളികളല്ല, തുല്യതയെക്കുറിച്ച് പഠിപ്പിക്കുന്ന പള്ളിക്കൂടങ്ങളാണ് നമുക്ക് വേണ്ടത്.


Content Highlight: An open letter to Samastha- Thaha Madayi Writes

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more