| Thursday, 12th August 2021, 6:13 pm

ഭയാനകമായ ഈ വിവേചനം അങ്ങ് കാണുന്നുണ്ടോ, മാര്‍പ്പാപ്പയ്ക്ക് ഒരു തുറന്ന കത്ത് | എസ്. ജോസഫ്

എസ്. ജോസഫ്

അഭിവന്ദ്യനായ ഫ്രാന്‍സിസ് പാപ്പ,

ഈ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനും ബഹുമാന്യനുമായ വ്യക്തിത്വമായ അങ്ങയുടെ നേതൃത്വത്തില്‍ ലോകശാന്തിക്കു വേണ്ടി നടപ്പിലാക്കുന്ന ഭക്തിപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെ ഞാന്‍ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നു. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ ദളിത് ക്രിസ്ത്യാനികളുടെ ദയനീയാവസ്ഥയിലേക്ക് അങ്ങയുടെ ശ്രദ്ധ പതിപ്പിക്കുന്നതിലേക്കാണ് ഈ കത്ത്.

റോമന്‍- ലാറ്റിന്‍-സിറിയന്‍ കത്തോലിക്കാ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ദളിത് ക്രിസ്ത്യാനികളെ കറുത്തവരായും അധമ ജാതി വിഭാഗവുമായി മറ്റു ക്രിസ്ത്യന്‍ വിഭാഗക്കാര്‍ പരിഗണിച്ചു പോരുന്നതുകൊണ്ട് തന്നെ അവര്‍ അധസ്ഥിത വിഭാഗമാണ്. ഈ ആധുനിക യുഗത്തിലും അവരെ രണ്ടാം തരം പൗരന്മാരായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായാണ് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ഉന്നതരെന്ന് വിളിക്കപ്പെടുന്നവര്‍ കണക്കാക്കുന്നത്.

ഏറ്റവും രസകരമായ വസ്തുതയെന്താണെന്ന് വെച്ചാല്‍, ഇവരെല്ലാവരും ഒരേ പോലെ വിശ്വാസം പിന്തുടരുന്ന, ഒരേ ബൈബിളില്‍ വിശ്വസിക്കുന്ന, ഒരേ പോലെ കുര്‍ബാനയിലും, വേദസംഹിതകളിലും, പത്ത് കല്‍പ്പനകളിലും, പ്രാര്‍ത്ഥനാക്രമങ്ങളിലും വിശ്വസിക്കുന്നവരും ഇതിനെല്ലാമപ്പുറം ഒരുപോലെ പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വസിച്ചു പോരുന്നവരുമാണെന്നതാണ്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ

അവരെല്ലാവരും ഒരുപോലെ പ്രാര്‍ത്ഥിക്കുന്നവരും ഉല്‍പ്പത്തിപരമായ വര്‍ഗ്ഗീകരണത്തില്‍ ഒരേ വിഭാഗത്തില്‍ പെടുന്നവരുമാണ്. എന്നിരുന്നാലും പക്ഷേ ഉന്നതരായ ക്രൈസ്തവര്‍ ദളിത് ക്രിസ്ത്യാനികളോട് വിദ്വേഷത്തില്‍ പെരുമാറുന്നു. ഈ പെരുമാറ്റം ദളിത് ക്രിസ്ത്യാനികളോടുള്ള ക്രിസ്ത്യന്‍ ഇതര വിഭാഗങ്ങളുടെ മനോഭാവത്തേയും ഇതുപോലെ നിര്‍ണയിക്കുന്നു.

ഭൂരിഭാഗം ദളിത് ക്രിസ്ത്യാനികളും കൂലിപ്പണി ചെയ്താണ് ജീവിതം പോറ്റുന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഉയര്‍ന്ന മേഖലകളില്‍ 1 ശതമാനവും ക്ലാസ് 4 ജോലികളില്‍ 2 ശതമാനവും മാത്രമാണ് അവര്‍ക്കുള്ള സംവരണം. എന്നാല്‍ അതേ സമയം റോമന്‍ – ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അവരുടെ ന്യൂനപക്ഷ പദവിയിലൂടെ പ്രത്യേക സംവരണം ലഭിക്കുന്നു. ഭൂരിപക്ഷം വരുന്ന ദളിത് ക്രിസ്ത്യാനികളും ഭൂരഹിതരും തൊഴില്‍ രഹിതരുമാണ്.

ബിസിനസ് മേഖലയിലും അവര്‍ക്ക് കാര്യമായ പങ്കാളിത്തമില്ല. ഹോട്ടലുകളോ, പെട്രോള്‍ പമ്പുകളോ, തിയ്യറ്ററുകളോ, ബസുകളോ അവരുടെ ഉടമസ്ഥതയിലില്ല. ഭൂരിഭാഗത്തിനും സ്വന്തമായി 5 സെന്റിലധികം ഭൂമി പോലുമില്ല. അവര്‍ക്കിടയിലെ അഭ്യസ്ഥവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ ദിനംപ്രതി രൂക്ഷമായി വര്‍ധിക്കുന്നു.

ദളിത് ക്രിസ്ത്യാനികളോടുള്ള സമൂഹത്തിന്റെ സമീപനത്തിലാണ് പ്രശ്‌നങ്ങളുടെ മൂലകാരണം വേരാഴ്ന്നിരിക്കുന്നത്. ദളിത് ക്രിസ്ത്യാനികളെ ഉള്‍ക്കൊള്ളുന്നതിലൂടെ ഭരണഘടനാപരമായിത്തന്നെ ന്യൂനപക്ഷ പദവിയും മറ്റാനുകൂല്യങ്ങളും കിട്ടുമെന്നിരിക്കേ, ദളിതരുടെ ഉന്നമനവുമായി ബന്ധപ്പെട്ട വിഷയമെത്തുമ്പോള്‍ ഉയര്‍ന്ന വിഭാഗം കൃസ്ത്യാനികള്‍ അവരെ കൈയൊഴിയുന്നു.

കേരളത്തിലെ മൊത്തം ക്രൈസ്തവരില്‍ മുപ്പത് ലക്ഷത്തോളം ദളിതുകളാണെന്നിരിക്കേ ന്യൂനപക്ഷാവകാശങ്ങളുടെ ഭാഗമായി ലഭിക്കുന്ന വിദ്യാഭ്യാസ / സര്‍വ്വീസ് സ്ഥാപനങ്ങളുടെ മുഴുവന്‍ അധികാരവും ഇവിടെ ക്രൈസ്തവരിലെ ഭൂരിപക്ഷ വിഭാഗങ്ങള്‍ കയ്യടക്കി വെച്ചിരിക്കുകയാണ്.

ഭയാനകമായ ഈ അന്തരം കൃസ്തുമത വിഭാഗത്തിന് അപമാനമാണ്. ക്രൈസ്തവരിലെ സമ്പന്നര്‍ ഇവിടുത്തെ ഭൂമിയുടെ വലിയ പങ്കിന്റെ ഉടമസ്ഥാവകാശം വഹിക്കുമ്പോള്‍ അവരുടെ സഹോദരങ്ങള്‍ (ബൈബിളില്‍ പറയുന്നത്) സ്വന്തമായി ഭൂമിയില്ലാതെയും വിശേഷാധികാരങ്ങളില്ലാതെയും ജീവിക്കേണ്ടി വരുന്നു.

എസ്. ജോസഫ്

ദയനീയമായ ഇത്തരമൊരു ജീവിത സാഹചര്യത്തില്‍ നിന്നും അവരെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കാതിരിക്കുന്നത് ശരിയാണോ? അങ്ങനെ ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ യേശുദേവന്റെ അനുയായികളല്ല. ചുറ്റിലും ജീവിക്കുന്ന അധസ്ഥിതരോട് കരുണ കാണിക്കുന്നതിലൂടെയാണ് തന്റെ അനുയായിയാവാനാവുകയെന്ന് പ്രവര്‍ത്തിച്ചു കാണിച്ചവനാണ് ക്രിസ്തു. ക്രിസ്തുമതത്തിന്റെ യഥാര്‍ത്ഥ സത്ത അതിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈ കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട്, ക്രിസ്ത്യന്‍ വിഭാഗത്തിലെ അധസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമനുഭവിക്കുന്ന അസമത്വവും ദുരിതങ്ങളും പരിഹരിക്കുന്നതിലേക്കാവശ്യമായ ഇടയ ലേഖനമിറക്കിക്കൊണ്ട് എത്രയും പെട്ടെന്ന് അവരുടെ ഉന്നമനത്തിനായുള്ള നടപടികള്‍ കൈക്കൊള്ളണമെന്നഭ്യര്‍ത്ഥിച്ചു കൊണ്ട് ഞാനെന്റെ കത്ത് ചുരുക്കുന്നു.

ആയുരാരോഗ്യ സൗഖ്യം നേര്‍ന്നു കൊണ്ട് ,
എസ്. ജോസഫ്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: An Open Letter to Pope Francis – S. Joseph

എസ്. ജോസഫ്

കവി, എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more