| Thursday, 19th August 2021, 12:22 pm

ഓണത്തിന് വില്‍ക്കാന്‍ കാണം പോലുമില്ലാത്ത, ഒരു നാടക പ്രവര്‍ത്തകന്റെ തുറന്ന കത്ത്, കേരള മുഖ്യമന്ത്രിക്ക്

മനോജ് പി.ടി.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

ഞാന്‍ പി.ടി. മനോജ്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു നാടക പ്രവര്‍ത്തകനാണ്. 25 വര്‍ഷത്തോളമായി പ്രൊഫഷണല്‍ – അമേച്ചര്‍ നാടകം കൊണ്ട് ഉപജീവനം നടത്തുന്നവനാണ്. എന്നെപ്പോലെ ആയിരങ്ങളുണ്ട് കേരളത്തില്‍ എന്ന് അങ്ങേക്കറിയാമല്ലൊ.

താങ്കള്‍ സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കവേ തുടങ്ങിയ കണ്ണൂര്‍ സംഘചേതന എന്ന നാടക സംഘത്തില്‍ സ്വാതന്ത്ര്യത്തിന്റെ മുറിവുകള്‍ തൊട്ട് ഏഴ് നാടകങ്ങളില്‍ (എട്ടു വര്‍ഷം) ഞാന്‍ നടനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കെ.പി.എ.സി യിലും അഭിനേതാവായിട്ടുണ്ട്.

വടക്ക് ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അന്തര്‍ദേശീയ നാടകോത്സവും ലോക തിയേറ്റര്‍ ഒളിംപിക്‌സും മുതല്‍ തെക്ക് ഈ കേരളത്തിലെ അന്തര്‍ദേശീയ നാടകോത്സവം വരെ നിരവധി ദേശീയ അന്തര്‍ദേശീയ നാടകോത്സവങ്ങളില്‍ രണ്ടും മൂന്നും തവണ അഭിനേതാവായി പങ്കെടുത്തിട്ടുണ്ട്. രണ്ടു തവണ കേരള സംഗീത നാടക അക്കാദമിയുടേതുള്‍പ്പെടെ മറ്റ് പല സംഘടനകളുടേതടക്കം ഏഴോളം സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുമുണ്ട്.

ഒന്നാം ലോക് ഡൗണ്‍ തൊട്ട് ഏതാണ്ട് 17 മാസമായി അവതരണ ഇടങ്ങളൊ വരുമാനമൊ ഇല്ലാതെ, ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. സാമ്പത്തിക പ്രശ്‌നം മാത്രമല്ല, സ്വയം ആവിഷ്‌ക്കരിക്കാനുള്ള ഇടങ്ങളില്ലാതെ, മാനസികമായും ശാരീരികമായുമുള്ള ഊര്‍ജം നഷ്ടപ്പെട്ട് അങ്ങേയറ്റം ശിഥിലീകരിക്കപ്പെട്ട, പ്രതിസന്ധിയിലകപ്പെട്ട, അരങ്ങില്‍ വീഴുന്ന വിയര്‍പ്പു കൊണ്ടു മാത്രം അടുക്കളയില്‍ അന്നം വേവിക്കുന്ന കേരളത്തിലെ അനേകം നാടക പ്രവര്‍ത്തകരുടെ പ്രതിനിധി കൂടിയാണ് ഞാന്‍.

പി.ടി. മനോജ്

നാടക പ്രവര്‍ത്തകര്‍ മാത്രമല്ല, തെയ്യം – തിറ പോലുള്ള അനുഷ്ഠാന കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നവര്‍ ഗാനമേള, മിമിക്‌സ്, കഥാപ്രസംഗം, ബാലെ…. തുടങ്ങി നിരവധി കലാ പ്രവര്‍ത്തകര്‍ ലൈറ്റ് സൗണ്ട്, റിക്കാര്‍ഡിംഗ് സ്റ്റുഡിയോ അടക്കം കലാനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പതിനായിരങ്ങള്‍… എല്ലാവരും പ്രതിസന്ധിയിലാണ്.

ഇക്കാലയളവില്‍ രംഗകലാ പ്രവര്‍ത്തകരെപ്പോലെ ഒരു ദിവസം പോലും വരുമാനമില്ലാതായിപ്പോയ മറ്റൊരു വിഭാഗവുമില്ല എന്നത് പരമമായ സത്യമാണ്.

നവോത്ഥാന പ്രസ്ഥാനങ്ങളുടെ തോളോടുതോള്‍ ചേര്‍ന്ന് നിന്ന് പൊരുതി, കേരളത്തെ നിര്‍മ്മിച്ചെടുക്കുന്നതില്‍ നാടകം പോലെ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു കലാരൂപം വേറെയില്ല എന്ന് താങ്കള്‍ക്കും അറിയാമല്ലോ. ഇടതുപക്ഷ ആശയങ്ങള്‍ പ്രത്യേകിച്ചും കമ്യൂണിസ്റ്റാശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനും ഇത്രമേല്‍ സ്വാധീനം ചെലുത്തിയ മറ്റൊരു കലാ പ്രസ്ഥാനവുമില്ല. ആ സ്വാധീന ശക്തി തിരിച്ചറിഞ്ഞാണ് താങ്കളും സംഘചേതന പോലൊരു സംഘത്തിന്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്തത്.

പക്ഷെ, ഈ കൊറോണക്കാലത്ത് നാടകക്കാരനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല, സര്‍.
ബഹുമാനപ്പെട്ട കെ.കെ. ശൈലജ ടീച്ചര്‍ സഭയുടെ ശ്രദ്ധ ക്ഷണിച്ചപ്പോഴും(30-7-2021) നാടകക്കാരെ മറന്നു പോയി.

നിരവധി ഇളവുകള്‍ ഇക്കാലയളവില്‍ സിനിമയ്ക്കും സീരിയലിനും ചിത്രീകരണത്തിനായി നല്‍കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്തെ മഹായോഗങ്ങളും റോഡ് ഷോകളും നടത്തപ്പെട്ടിട്ടുണ്ട്. വിവിധ മത-ജാതി വര്‍ഗ്ഗങ്ങളുടെ ഉത്സവ ആഘോഷങ്ങള്‍ക്കും അടിയന്തിരങ്ങള്‍ക്കും ഇളവു നല്‍കപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയപാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധ പരിപാടികളും ജനബാഹുല്യത്തോടെ നടത്തപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഉദ്ഘാടനങ്ങളും ആഘോഷിക്കപ്പെടുന്നുണ്ട്. പാര്‍ട്ടികളും സംഘടനകളും സമ്മേളനപ്പൂരങ്ങള്‍ തുടരുന്നുണ്ട്. പ്രമുഖരുടെ സംസ്‌ക്കാരച്ചടങ്ങുകള്‍ കല്യാണം ഗൃഹപ്രവേശം തുടങ്ങി ചാവും ചാവടിയന്തിരങ്ങളും വരെ ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്നുമുണ്ട്. റോഡുകളും പട്ടണങ്ങളും വാഹനത്തിരക്കിലും മാര്‍ക്കറ്റുകളും മാളുകളും ചന്തകളും കടകളും ജനത്തിരക്കിലുമാണ്

ഇവിടെ ജീവിതത്തില്‍ നിന്നും ജീവിതോപാധികളില്‍ നിന്നും നടയടച്ച് പുറത്താക്കപ്പെട്ടിരിക്കുന്നത് നാടക പ്രവര്‍ത്തകരും മറ്റ് രംഗകലാ പ്രവര്‍ത്തകരും മാത്രമാണ്. ഞങ്ങള്‍ക്ക് നഷ്ടമാവുന്നത് ഇത് രണ്ടാമത്തെ ഓണവും രണ്ട് വര്‍ഷവുമാണ്.

ആയതിനാല്‍, കോവിഡ് മാനദണഢങ്ങള്‍ പാലിച്ച്, കൃത്യമായ അകലം സൂക്ഷിച്ച്, മുന്‍ കരുതലുകളെടുത്ത്, കേരളത്തിലെ വായനശാല – കലാസമിതി – ഗ്രന്ഥാലയ പ്രസ്ഥാനങ്ങളുടെയും അക്കാദമികളുടെയും സഹകരണത്തിലും മേല്‍നോട്ടത്തിലും, അമ്പതാളുകളില്‍ അധികരിക്കാത്ത കുഞ്ഞു സദസ്സുകളില്‍, ഏക പാത്രം തുടങ്ങി നാലൊ അഞ്ചൊ കലാ പ്രവര്‍ത്തകരടങ്ങുന്ന കുഞ്ഞു നാടകാവതരണങ്ങള്‍ക്ക് അനുമതി നല്‍കി, നാടക പ്രവര്‍ത്തകര്‍ എന്ന ഒരു വര്‍ഗ്ഗവും നാടകം എന്ന കലാരൂപവും നാടക പ്രേക്ഷകന്‍ എന്ന സഹൃദയസമൂഹവും നിലനില്ക്കാനാവശ്യമായ നടപടികളിലേക്ക് താങ്കളുടെ ശ്രദ്ധയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹാദരങ്ങളോടെ,
പി.ടി. മനോജ്
നാടക പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: An Open Letter to Kerala CM by a Theater artist – PT Manoj writes

മനോജ് പി.ടി.

We use cookies to give you the best possible experience. Learn more