വളരെയധികം നിരാശയോടെയാണ് ഞാനീ കുറിപ്പെഴുതുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ താങ്കളെ പരിചയപ്പെട്ടിരുന്നു. വ്യക്തിപരമായി താങ്കള്‍ കാണിച്ച അന്തസ്സും ലാളിത്യവും ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക സമൂഹത്തെക്കുറിച്ചുള്ള താങ്കളുടെ അഗാധമായ അറിവും ധാരണകളും മനോഹരമായി സംസാരിക്കാനുള്ള കഴിവും ഇത്തരം വിഷയങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന ആള്‍ എന്ന നിലയില്‍ ഏറെ ആദരവോടെയാണ് കേട്ടിരുന്നത്.
എന്നാല്‍, ഇന്ന് താങ്കളുടേതായി കേട്ട ഒരു ചോദ്യോത്തര വീഡിയോ എന്നെ അത്ഭുതകരമായി നിരാശപ്പെടുത്തിക്കളഞ്ഞു. അത് തുറന്നു പറഞ്ഞില്ലെങ്കില്‍, ഞാന്‍ ആത്മവഞ്ചകരുടെ നരകത്തില്‍ പതിക്കും എന്നുറപ്പുള്ളതുകൊണ്ടാണ് ഇതെഴുതുന്നത്.
താങ്കള്‍ എന്നോടും ചങ്ങാതിമാരോടും കാണിച്ച വ്യക്തിപരമായ ഒരു പരിഗണനയെക്കുറിച്ചു കൂടി പറയാം. ഒരു വര്‍ഷം മുമ്പ് ഞങ്ങള്‍ മര്‍ക്കസില്‍ വന്നപ്പോള്‍, അന്ന് സുന്നത്ത് നോമ്പുള്ള ഒരു ദിനമായിരുന്നു. കോവിഡ് ലോക്ഡൗണ്‍ കേരളത്തില്‍ തുടങ്ങിയ ദിവസത്തിന് തൊട്ടു മുമ്പായിരുന്നു, ആ സന്ദര്‍ശനം.
ഏത് സുന്നത്ത് നോമ്പു ദിനമാണ് എന്ന് ഓര്‍ക്കുന്നില്ല. എങ്കിലും, എനിക്ക് വിശക്കുന്നു, ദാഹമുണ്ട് – എന്ന് അവിടെയുള്ളവരോട് സൂചിപ്പിച്ചപ്പോള്‍, മറ്റെല്ലാവരും നോമ്പുകാരായിട്ടും താങ്കളുടെ സഹപ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് ജ്യൂസ് നല്‍കുകയും ഈന്തപ്പഴം നല്‍കി സല്‍ക്കരിക്കുകയും ചെയ്തു.
അന്യോന്യം മനസ്സിലാക്കുന്ന, ഊഷ്മളമായ ആ അന്തരീക്ഷം ഏറെ ആദരവുണ്ടാക്കുന്നതായിരുന്നു. പക്ഷെ, ഡോ. അസ്ഹരി, ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍, ഒരു മലയാളി മുസ്‌ലിം എന്ന നിലയില്‍, താങ്കളുടെ ആ ഉത്തരത്തിലെ മനുഷ്യ വിരുദ്ധതയെ ഞാന്‍ തുറന്നെതിര്‍ക്കുകയാണ്. കാരണം, അത് ദൈവവിരുദ്ധമായ ഒരു ഉത്തരം കൂടിയാണ്.
എന്താണ് താങ്കള്‍ പറഞ്ഞതിന്റെ ദൈവശാസത്രപരമായ വിശദീകരണം? നിസ്‌കരിക്കാത്ത വീടുകള്‍ ചുട്ടെരിക്കാന്‍ ദൈവം അധികാരികളെ നിയോഗിക്കുമെന്നോ? ലോക മനസ്സാക്ഷിയെ നടുക്കിയ ഒരു വംശഹത്യയുടെ നീറുന്ന ഓര്‍മകള്‍, ഒരു ഇളം ചിരിയോടെ വിശദീകരിച്ചത്, ദൈവ വിരുദ്ധമാണ് എന്ന് പണ്ഡിതനായ താങ്കളെ ഓര്‍മിപ്പിക്കേണ്ടതില്ല.
ജീവനെടുക്കാന്‍ ഏത് ദൈവമാണ് കല്‍പിച്ചത്? ‘ഒരു നിരപരാധിയുടെ ജീവന്‍ കവര്‍ന്നാല്‍, അത് മനുഷ്യവംശത്തെ മുഴുവന്‍ കൊന്നതിന് തുല്യമാണ് എന്ന ഖുര്‍ആന്‍ വചനം (സൂറ: 5:32) ഏത് തരം ഹിംസയ്ക്കെതിരെയുമുള്ള തുറന്ന നിലപാടാണ്. എത്രയെത്ര നിരപരാധികള്‍ നിലവിളിയോടെ ഭൂമിയില്‍ അമര്‍ന്നു പോയ കാലമാണത്. ആ ഹിംസയില്‍ പങ്കെടുത്ത ചിലര്‍ കുറ്റബോധത്തോടെ ലോകത്തിന് മുന്നില്‍, മാപ്പിരന്ന് കൈ കൂപ്പി നിന്നു.
നിസ്‌കരിക്കാതിരിക്കുന്നതു കാരണം മുസ്‌ലിങ്ങളുടെ വീട് ചുട്ടെരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് ഞാന്‍ പഠിച്ച ദൈവശാസ്ത്ര പാഠങ്ങളില്‍ ഇല്ല. ഉണ്ണാനും ഉടുക്കാനുമില്ലാതെ, കരള്‍ കത്തിക്കരിയുന്ന വേദനകളോടെ എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുന്ന മനുഷ്യരെ ഏറെ സഹാനുഭൂതിയോടെ ചേര്‍ത്തു പിടിക്കേണ്ടതുണ്ട്. ഇത്തരം മറുപടികളും വിശദീകരണങ്ങളും ഫാസിസത്തോടുള്ള വിധേയവര്‍ത്തമാനങ്ങള്‍ മാത്രമാണ്. വീടുകള്‍ ചുട്ടെരിക്കുന്ന സ്വേച്ഛാധികാര വ്യവസ്ഥയേയും അധികാരികളെയും ദൈവം നിയോഗിക്കുമെന്നതു തന്നെ അത്ഭുകരമായി ദു:ഖമുണ്ടാക്കുന്ന ചിന്തയാണ്.
മനുഷ്യരോട് സ്‌നേഹിതനായി ചേര്‍ന്നിരിക്കുന്ന ദൈവം, ‘ഉമ്മ വെക്കുന്ന ദൈവം’ എന്നത് മനോഹരമായ ദൈവ സങ്കല്‍പമാണ്. ചുട്ടെരിക്കലോ ശിക്ഷയോ അവിടെയില്ല. അള്ളാഹു, ഒരു ഫാസിസ്റ്റല്ല. സഹിഷ്ണുതയോടെ എല്ലാവരോടും ഇണങ്ങിച്ചേരുന്നവനാണ്.
രാഷ്ട്രീയമായി താങ്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന രാഷ്ട്രീയ വിധേയത്വത്തെ ഇസ്‌ലാമിന്റെ പേരില്‍ ചാര്‍ത്തരുത്. അല്ലെങ്കില്‍ തന്നെ മതമൗലികവാദം ഈ മതത്തിന്റെ പേരില്‍ അടിച്ചേല്‍പിച്ച ഭാരം വളരെ വലുതും ഭയാനകവുമാണ്. അതിലേക്ക്, നിസ്‌കരിക്കാത്ത വീടുകള്‍ ചുട്ടെരിക്കണം എന്ന പുതിയ മനുഷ്യ വിരുദ്ധമായ വായ്ത്താരികളുമായി വരരുത് എന്ന അപേക്ഷയുണ്ട്.
ഒരു മതനിരപേക്ഷ സമൂഹത്തില്‍ ഇതുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ലൗ ജിഹാദ് എന്ന കെട്ടുകഥയുടെയും വ്യാജ നിര്‍മ്മിതിയുടെയും ഭാരം ഈ സമുദായം പേറുന്നുണ്ട്. ഈ കാലുഷ്യത്തിന്റെ നാല്‍ക്കവലയില്‍ ആഗോള മുസ്ലിം സമൂഹത്തിന് വഴിത്തിരിവായി തീരേണ്ടവര്‍, അവരുടെ വഴി ‘തിരിക്കരുത്’.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക