ആ റിപ്പോര്‍ട്ടില്‍ എന്റെ കണ്ണിന്റെ അവസ്ഥ ഗുരുതരമാണെന്നും അതിന്റെ കാരണം നാലരമാസം ചികിത്സ ലഭ്യമാക്കാന്‍ താമസിപ്പിച്ചതാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. ചികിത്സയ്ക്ക കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞ സമയം കഴിഞ്ഞ് നാലരമാസം കൂടി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താമസിപ്പിച്ച ഒറ്റകാര്യമാണ് എന്റെ കണ്ണിന്‍െ കാഴ്ച്ച നഷ്ടമാകാന്‍ കാരണം
എസ്സേയ്‌സ് /അബ്ദുന്നാസര്‍ മഅദനി
ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗങ്ങള്‍ക്ക് അര്‍ഹമായ യാതൊരു ചികിത്സയും നല്‍കാതെ നിരന്തരം കോടതികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ജയിലധികൃതരും കര്‍ണാടക സര്‍ക്കാരും ഇപ്പോള്‍ കേരള സര്‍ക്കാരിനേയും കേരളത്തിലെ ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്.
എനിക്ക് “എല്ലാ ചികിത്സയും യഥാസമയം നല്‍കി” എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ബംഗളൂരു ജയിലധികൃതരും സര്‍ക്കാറും ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വസ്തുത ചികിത്സക്കായി ജാമ്യത്തിനുവേണ്ടി ഞാന്‍ കോടതിയെ സമീപിച്ചപ്പോള്‍ അവര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ തന്നെ മനസ്സിലാക്കാവുന്നതാണ്.[]
ഞാന്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്ന് എന്റെ വലത് കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും ഇടത് കണ്ണിന്റെ കാഴ്ച 75 ശതമാനത്തിലധികവും നഷ്‌പ്പെട്ടുകഴിഞ്ഞു എന്നതാണ്. പൂര്‍ണ അന്ധതയിലേക്കെത്തിക്കൊണ്ടിരിക്കുന്ന എന്റെ ഈ ദുരവസ്ഥക്ക് കാരണം പൂര്‍ണമായും ജയിലധികൃതരുടെ അനാസ്ഥയാണെന്ന് തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്.
മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ നാല്‍പ്പത്തിയഞ്ചാം പേജില്‍ പറയുന്നത്, എന്നെ 27.08.2010 ന് ബംഗളുരുവിലെ കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റോളജി എന്ന സ്ഥാപനത്തില്‍ കൊണ്ടുപോയി എന്നും പരിശോധിപ്പിച്ചു എന്നുമാണ്.
ആ റിപ്പോര്‍ട്ടില്‍ എന്റെ കണ്ണിന് നേരിയ തോതില്‍ ഡയബറ്റിക് റെറ്റിനോപതി ബാധിച്ചിട്ടുണ്ടെന്നും കൂടുതല്‍ പരിശോധനക്കും ചികിത്സക്കുമായി രണ്ടുമാസം കഴിഞ്ഞ് വീണ്ടും ആശുപത്രിയില്‍ എത്തിക്കണമെന്നുമാണ്.
കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ 40ാം പേജില്‍ പറയുന്നത് കെ.എ.ഡി എന്ന ആശുപത്രിയില്‍ രണ്ടാമതായി പരിശോധിച്ച റിപ്പോര്‍ട്ടാണ് എന്നാണ്. ഈ റിപ്പോര്‍ട്ട്് നല്‍കിയിരിക്കുന്നത് 28.03.2011ല്‍ ആണ്. എ്‌ന്നെ രണ്ട് മാസത്തിന് ശേഷം ചികിത്സയ്ക്ക കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിട്ട് ഏഴുമാസം കഴിഞ്ഞാണ് എന്നെ കണ്ണു ചികിത്സക്ക് കൊണ്ടുപോകുന്നത്.
ആ റിപ്പോര്‍ട്ടില്‍ എന്റെ കണ്ണിന്റെ അവസ്ഥ ഗുരുതരമാണെന്നും അതിന്റെ കാരണം നാലരമാസം ചികിത്സ ലഭ്യമാക്കാന്‍ താമസിപ്പിച്ചതാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. ചികിത്സയ്ക്ക കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞ സമയം കഴിഞ്ഞ് നാലരമാസം കൂടി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താമസിപ്പിച്ച ഒറ്റകാര്യമാണ് എന്റെ കണ്ണിന്‍െ കാഴ്ച്ച നഷ്ടമാകാന്‍ കാരണം.
ജയിലധിതര്‍ കോടതിയില്‍ നല്‍ികയ റിപ്പോര്‍ട്ട് പ്രകാരം തന്നെ കെ.ഐ.ഡിയില്‍ നിന്ന് 28.3.2011 ല്‍ എന്റെ കണ്ണിന്റെ അവസ്ഥ ഗുരുതരമാണെന്ന റിപ്പോര്‍ട്ട് നല്‍കിയ ശേഷവും യാതൊരു ചികിത്സയും നല്‍കിയിട്ടില്ല.
ഞാന്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും മറ്റൊരു കണ്ണാശുപത്രിയായ മിന്‍േറാ ഹോസ്പിറ്റലില്‍ എന്നെ ഒന്നുകൊണ്ടുപാകാന്‍ തയ്യാറായത് വീണ്ടും ഏഴ് മാസം കഴിഞ്ഞ് 22.10.2011 ന് മാത്രമാണ്. ജയിലധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പതിനാറാം പേജ് ആയി നല്‍കിയിരിക്കുന്ന മിന്‍േറാ ഹോസ്പിറ്റലിന്റെ റിപ്പോര്‍ട്ടിന്റെ അവസാന വരിയില്‍ പറയുന്നത് ആറാഴ്ച കഴിഞ്ഞ് വീണ്ടും ആശുപത്രിയില്‍ എത്തിക്കണമെന്നായിരുന്നു.
എന്നാല്‍, പിന്നീടൊരിക്കലും എന്നെ മിന്‍േറാ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ല. വീണ്ടും ദീര്‍ഘമായ അഞ്ച് മാസക്കാലം കണ്ണിന് ചികിത്സ ലഭ്യമാക്കണമെന്ന എന്റെ മുറവിളി ജയിലധികൃതര്‍ അവഗണിച്ചപ്പോള്‍ ഞാന്‍ ട്രയല്‍ കോടതിയില്‍നിന്ന് പ്രത്യേകാനുവാദം വാങ്ങി സ്വന്തം ചെലവില്‍ നാരായണ നേത്രാലയ എന്ന പ്രൈവറ്റ് ആശുപത്രിയില്‍ പോവുകയായിരുന്നു.
19.03.2012ല്‍ നാരായണ നേത്രാലയയില്‍ ചികിത്സ നടത്തിയെങ്കിലും യഥാസമയം ചികിത്സ കിട്ടാതെ ഡയബറ്റിക് റെറ്റിനോപതി മൂര്‍ച്ഛിച്ച കാരണത്താല്‍ ലേസര്‍ ചികിത്സ ഫലപ്രദമാകാതെ വരികയും കണ്ണുകളുടെ കാഴ്ച നഷ്ടമാവുകയുമായിരുന്നു.
സുപ്രീംകോടതിയില്‍ എന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകിയ ഘട്ടത്തില്‍ എന്റെ അഭിഭാഷകന്‍ മുക്കം ഹൈലൈഫ് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കര്‍ണാടക പ്രോസിക്യൂഷനാണ് പറഞ്ഞത്, “ആവശ്യമായ മുഴുവന്‍ ആയുര്‍വേദ ചികിത്സയും ഗവണ്‍മെന്റ് ചെലവില്‍ സൗഖ്യ ആശുപത്രിയില്‍ നല്‍കാം” എന്ന്.
കോട്ടക്കലിന്റെ ഒരു മരുന്നുകട മാത്രമായ ബംഗളൂരു ശാഖയില്‍ ഒരു ദിവസം എന്നെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുക വഴി, സുപ്രീംകോടതിയില്‍ ലക്ഷങ്ങള്‍ മുടക്കി പ്രഗത്ഭ വക്കീലന്മാരെ വെച്ച് കേസ് നടത്തിയതിന്റെ ലഭിച്ച ചികിത്സാ നിര്‍ദേശവും കര്‍ണാടക സര്‍ക്കാര്‍ കാറ്റില്‍ പറത്തി
അതനുസരിച്ച് സൗഖ്യ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത് മാസംതോറും പരിശോധനക്കായി ആശുപത്രിയില്‍ എത്തിക്കണമെന്നും ആറുമാസം കഴിഞ്ഞ് വീണ്ടും ഇതേ ചികിത്സ നല്‍കണമെന്നുമായിരുന്നു. പക്ഷേ, 2011 ജൂണില്‍ ചികിത്സ കഴിഞ്ഞ ശേഷം ഒരിക്കല്‍പോലും അവിടെ കൊണ്ടുപോയിട്ടില്ല.
സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍തന്നെ ജയിലധികൃതര്‍ക്ക് ഈ ആവശ്യമുന്നയിച്ച് പല പ്രാവശ്യം കത്തയച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ആശുപത്രിയില്‍നിന്ന് എനിക്ക് നേരിട്ട് കത്തയച്ചു. ആ കത്ത് കാണിച്ചുകൊണ്ട് നിരവധി തവണ ഞാന്‍ ആവശ്യപ്പെട്ടിട്ടും ഒരിക്കല്‍പോലും ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ല.
കിഡ്‌നി സംബന്ധമായ അസുഖത്തിന്റെ ലക്ഷണമായി മുഖത്തും കാലിലും നീരും മറ്റ് അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് വിക്ടോറിയ ആശുപത്രിയില്‍ എന്നെ കൊണ്ടുപോയിട്ട് ഒമ്പത് മാസം കഴിയുന്നു. പിന്നീട് ഒരിക്കലും ഈ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ല.
കേരളത്തിലെ പല ഡോക്ടര്‍മാരും സന്ദര്‍ശകര്‍ വഴി പറഞ്ഞുവിടുന്നത് കിഡ്‌നിയുടെ അസുഖത്തിന്റെ വ്യാപ്തി അറിയണമെങ്കില്‍ പ്രാഥമികമായി വേണ്ടത് 24 മണിക്കൂറിലെ മൂത്രം ശേഖരിച്ച് പരിശോധിക്കണമെന്നാണ്. ഇന്നുവരെ അങ്ങനെയൊരു പരിശോധന നടന്നിട്ടില്ല.
സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ വന്നപ്പോള്‍ എനിക്കുവേണ്ടി ഹാജരായ വക്കീലുമാര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞത് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബംഗളൂരു ശാഖയില്‍ എല്ലാ ചികിത്സയും നല്‍കാമെന്നാണ്.
കോട്ടക്കലിന്റെ ഒരു മരുന്നുകട മാത്രമായ ബംഗളൂരു ശാഖയില്‍ ഒരു ദിവസം എന്നെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുക വഴി, സുപ്രീംകോടതിയില്‍ ലക്ഷങ്ങള്‍ മുടക്കി പ്രഗത്ഭ വക്കീലന്മാരെ വെച്ച് കേസ് നടത്തിയതിന്റെ ലഭിച്ച ചികിത്സാ നിര്‍ദേശവും കര്‍ണാടക സര്‍ക്കാര്‍ കാറ്റില്‍ പറത്തി.
അടുത്ത പേജില്‍ തുടരുന്നു
ജയില്‍ ഡോക്ടര്‍മാരേക്കാള്‍ മോശമായാണ് പലപ്പോഴും പുറത്തെ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പെരുമാറാറുള്ളത്. മുറിക്കപ്പെട്ട വലതുകാലിന്റെ മുകള്‍ ഭാഗത്ത് അസഹ്യമായ വേദന കാരണം നിംഹാന്‍സ് ആശുപത്രിയില്‍ ഒരിക്കല്‍ കൊണ്ടുപോയിട്ട് വേദനയുള്ള ഭാഗം ഒന്ന് നോക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല
പലപ്പോഴും എന്റെ നിര്‍ബന്ധത്തിന് വഴങ്ങി ചില ആശുപത്രികളില്‍ കൊണ്ടുപോയിട്ട് ഡോക്ടര്‍മാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് പോലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കുക പോലും ചെയ്യാതെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിരിക്കുന്നത് ആ ദിവസങ്ങളിലും വിദഗ്ധ ചികിത്സ നല്‍കിയെന്നാണ്.
രോഗങ്ങള്‍ മൂര്‍ച്ഛിച്ചാല്‍പോലും ആശുപത്രിയില്‍ കൊണ്ടുപോകാതിരിക്കുക, കൊണ്ടുപോയാല്‍ത്തന്നെ നൂറുകണക്കിന് പൊലീസുകാരെക്കൊണ്ട് ആശുപത്രിയിലും പരിസരത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശരിയായ നിലയിലുള്ള പരിശോധന പോലും നടത്താതെ തിരിച്ചുകൊണ്ടുവന്ന ശേഷം വിദഗ്ധ ചികിത്സ നല്‍കി എന്ന രേഖകള്‍ ഉണ്ടാക്കുക തുടങ്ങിയവ ഇവിടെ ഞാന്‍ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നു.[]
പ്രമേഹം മൂര്‍ച്ഛിച്ച് മൂക്കിന് പഴുപ്പ് ബാധിക്കുകയും അത് മുഖത്ത് പടരുകയും ചെയ്തിട്ട്, ജയിലാശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒരാഴ്ചയോളം ലീവിലായിരുന്നതിനാല്‍ ഒരു ചികിത്സയും ലഭ്യമായിരുന്നില്ല. അവസാനം വിക്ടോറിയ ആശുപത്രിയില്‍ കൊണ്ടുപോകുന്ന കാര്യം സന്ദര്‍ശകര്‍ വഴി അറിഞ്ഞ് ശ്രീ. നീലലോഹിതദാസന്‍ നാടാരും പാലോട് രവി എം.എല്‍.എയും അവിടത്തെ ഡോക്ടര്‍മാരെ ബന്ധപ്പെട്ട് ശ്രദ്ധിക്കണമെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ അവരോട് അപമര്യാദയായാണ് പെരുമാറിയത്. ഈ വിവരം അവര്‍ കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അറിയാന്‍ കഴിഞ്ഞു.
ജയില്‍ ഡോക്ടര്‍മാരേക്കാള്‍ മോശമായാണ് പലപ്പോഴും പുറത്തെ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പെരുമാറാറുള്ളത്. മുറിക്കപ്പെട്ട വലതുകാലിന്റെ മുകള്‍ ഭാഗത്ത് അസഹ്യമായ വേദന കാരണം നിംഹാന്‍സ് ആശുപത്രിയില്‍ ഒരിക്കല്‍ കൊണ്ടുപോയിട്ട് വേദനയുള്ള ഭാഗം ഒന്ന് നോക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല.
ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ എങ്ങനെ റിപ്പോര്‍ട്ട് എഴുതണമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശം കിട്ടിയിട്ടുണ്ടാകും. അങ്ങനെ എഴുതിത്തയാറാക്കുന്ന റിപ്പോര്‍ട്ടുകളാണ് നിരന്തരം കോടതികളില്‍ നല്‍കുന്നത്. കെ.ഐ.ഡി ഉള്‍പ്പെട്ട ചുരുക്കം ചില ആശുപത്രിയില്‍ നിന്ന് മാത്രമാണ് ശരിയായ റിപ്പോര്‍ട്ട് നല്‍കാറുള്ളത്.
ഏറ്റവും അവസാനം കേരള സര്‍ക്കാര്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വരെ ഇടപെട്ടു എന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ എന്തെങ്കിലും ഒരുമാറ്റം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, ഈ ദിവസങ്ങളിലൊന്നും ഒരു പ്രമേഹ പരിശോധനപോലും നടത്തപ്പെട്ടിട്ടില്ല.
ഹൈക്കോടതി സ്വന്തം ചെലവില്‍ സൗഖ്യ ആശുപത്രിയിലും അഗര്‍വാള്‍ കണ്ണാശുപത്രിയിലും ചികിത്സിക്കാന്‍ അനുവാദം നല്‍കിയിട്ട് മാസങ്ങളായിട്ടും, ഈ ആവശ്യമുന്നയിച്ച് ഞാന്‍ മൂന്ന് പ്രാവശ്യം കത്ത് നല്‍കിയിട്ടും ഇതുവരെ ഒരു പ്രതികരണവുമില്ല.
എല്ലാ പ്രയാസങ്ങളും സഹിച്ച് കേസ് വേഗം വിചാരണ നടത്തിത്തീര്‍ക്കാം എന്ന് കരുതിയാല്‍ അതിനുള്ള ഒരു സാധ്യതയും കാണുന്നില്ല. പ്രോസിക്യൂഷന്‍ കുനിയാന്‍ പറയുമ്പോഴേക്കും മുട്ടില്‍ ഇഴയുന്ന അവസ്ഥയിലാണ് ട്രയല്‍ കോടതി നീങ്ങുന്നത്
സ്വന്തം ചെലവില്‍ ചികിത്സിക്കാനുള്ള കോടതി നിര്‍ദേശംപോലും നടപ്പാക്കാതെ കള്ളക്കളി നടത്തുന്നവരാണ് നാഴികക്ക് നാല്‍പതുവട്ടം വിദഗ്ധ ചികിത്സ നല്‍കുന്നു എന്നാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
കേരള സര്‍ക്കാര്‍ ഇനിയും റിപ്പോര്‍ട്ട് ചോദിച്ചാല്‍ എനിക്ക് ജയിലില്‍ പരമസുഖമാണെന്ന് റിപ്പോര്‍ട്ട് നല്‍കുമെന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല. സ്വാധീനത്തിന് വഴങ്ങാതെയുള്ള ഒരു വിദഗ്ധ പരിശോധനയും ചികിത്സയും എനിക്ക് ലഭ്യമാകേണ്ടതുണ്ട്.
കര്‍ണാടക സര്‍ക്കാറില്‍നിന്ന് ഞാന്‍ അങ്ങനെയൊന്ന് പ്രതീക്ഷിക്കുന്നില്ല. ഇക്കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടേയും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റേയും ഇടപെടലില്‍ എനിക്ക് വളരെയധികം നന്ദിയും കടപ്പാടുമുണ്ട്.
പക്ഷേ, രണ്ടര വര്‍ഷക്കാലം കൊണ്ട് കര്‍ണാടകയെ മനസ്സിലാക്കിയ എനിക്ക് നീതിയുടെ ഒരു നേരിയ പ്രകാശം പോലും ഇവിടുത്തെ സര്‍ക്കാരില്‍ നിന്നോ മറ്റേതെങ്കിലും സംവിധാനങ്ങളില്‍ നിന്നോ കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. നീതിയുടെ പ്രകാശ ഗോപുരങ്ങളാവേണ്ട സംവിധാനങ്ങളില്‍ നിന്ന് ഒരു നുറുങ്ങ് വെട്ടം പോലും ഇവിടെ കാണാന്‍ കഴിയുന്നില്ല.
എല്ലാ പ്രയാസങ്ങളും സഹിച്ച് കേസ് വേഗം വിചാരണ നടത്തിത്തീര്‍ക്കാം എന്ന് കരുതിയാല്‍ അതിനുള്ള ഒരു സാധ്യതയും കാണുന്നില്ല. പ്രോസിക്യൂഷന്‍ കുനിയാന്‍ പറയുമ്പോഴേക്കും മുട്ടില്‍ ഇഴയുന്ന അവസ്ഥയിലാണ് ട്രയല്‍ കോടതി നീങ്ങുന്നത്.
മനസാ വാചാ കര്‍മണാ യാതൊരു ബന്ധവുമില്ലാത്ത കേസില്‍ എന്നെ കുടുക്കിയ ശേഷം, രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്ന കാര്യത്തില്‍പോലും കൃത്രിമരേഖകളുണ്ടാക്കി കള്ളത്തരം കാണിച്ചുകൊണ്ടിരിക്കുകയും കേസ് നീതിയുക്തമായി നടത്താതിരിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ഥ നീതിന്യായ കോടതിയായ ദൈവത്തില്‍നിന്നുള്ള സഹായത്തിനായി പ്രാര്‍ഥിക്കുക മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. മുഴുവന്‍ കേരളീയരും എനിക്കായി പ്രാര്‍ഥിക്കണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.
അബ്ദുന്നാസര്‍ മഅദനി,
പരപ്പന അഗ്രഹാര ജയില്‍,
ബാംഗ്ലൂര്‍
മഅദനിയെ കുറിച്ച് ഡൂള്‍ന്യൂസ് എഴുതിയ എഡിറ്റോറിയല്‍:
മഅദനി: ’9.5+2′
Related Article
മഅദനിയുടെ സ്വയംകൃതാനര്‍ത്ഥം (ടി. ജി. മോഹന്‍ദാസ്)
മഅദനി: അനുഭവിക്കുന്നത് സ്വയം കൃതാനര്‍ത്ഥങ്ങളോ? (സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി)
മഅദനി-അന്യായങ്ങളില്‍ ന്യായം തിരയുന്നവര്‍ (നാസര്‍ മാലിക്)
മഅദനി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ (ഭാസുരേന്ദ്രബാബു)
തീവ്രവാദത്തിന്റെ പേരിലുള്ള അറസ്റ്റിന് പിന്നില്‍ ഐ.ബിയുടെ കരങ്ങള്‍: ബി.ആര്‍.പി ഭാസ്‌ക്കര്‍
മഅദനി മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല (ബി.ആര്‍.പി ഭാസ്‌ക്കര്‍)
ചുവപ്പ് + കാവി = ? ആര്‍.എസ്.എസ് വാരിക ഉദ്ദേശിക്കുന്നതെന്ത്? (ടി. ജി. മോഹന്‍ദാസ്)